- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
സമസ്ത മേഖലയിലും ഇതുവരെ ഇല്ലാത്ത അച്ചടക്കം; പണം ചെലവഴിക്കുമ്പോൾ സമ്പന്നർക്കും കരുതൽ; സാധാരണക്കാർക്കു പോലും ഓൺലൈൻ പേയ്മെന്റുകളും ഡിജിറ്റൽ ബാങ്കിങ്ങും; നന്നാകാൻ കൂട്ടാക്കാത്ത കെഎസ്ആർടിസി പോലും ഓൺലൈൻ ആകുന്നു; സാധാരണക്കാരന്റെ ദുരിതങ്ങൾ തുടരുകയും കള്ളപ്പണക്കാർ മിക്കവരും വലഭേദിച്ച് രക്ഷപ്പെടുകയും ചെയ്തിട്ടും മോദിയുടെ സർജിക്കൽ സ്‌ട്രൈക്ക് ഇന്ത്യയെ മാറ്റി മറിക്കുന്നത് ഇങ്ങനെ
നവംബർ എട്ടിന് അർദ്ധരാത്രി മുതൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ 'ഷോക്ക് ട്രീറ്റ്‌മെന്റിന്റെ' ആഘാതത്തിൽ തന്നെയാണ് രാജ്യം ഇപ്പോഴും. മുമ്പ് സ്വാതന്ത്ര്യം കിട്ടിയ വേളയിലും പിന്നീട് അടിയന്തിരാവസ്ഥയ്ക്കു ശേഷവും രാജ്യത്ത് നോട്ടുനിരോധനം നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇതുപോലെ ഇരുട്ടിവെളുക്കുംമുമ്പ് നടപ്പാക്കിയ തീരുമാനമല്ലായിരുന്നു അത്. അതിനാൽതന്നെ മോദിയുടെ കറൻസി പിൻവലിക്കലിനെതിരെ ഉയർന്ന ആക്ഷേപങ്ങളും പ്രതിഷേധങ്ങളും നിരവധിയാണ്. അത് രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കുന്നതും ഇനി ഉണ്ടാക്കാൻ പോകുന്നതുമായുള്ള ആഘാതങ്ങളെ പറ്റിയുള്ള ചർച്ചകളും ഒരു വഴിക്ക് നടക്കുന്നു. കള്ളപ്പണം പിടിക്കാനെന്ന പേരിൽ ഒരു മുൻകരുതലുമെടുക്കാതെ നടത്തിയതാണ് കറൻസി നിരോധനമെന്നും ഇതിൽ ഏറെ പീഡനം അനുഭവിക്കേണ്ടിവരുന്നത് രാജ്യത്തെ പാവപ്പെട്ടവർക്കാണെന്നുമുള്ള ആക്ഷേപമുയർത്തി മോദി വിരുദ്ധർ ഒന്നടങ്കം ഇതിനെതിരെ രാഷ്ട്രീയപരമായും അല്ലാതെയും നിലകൊള്ളുന്നു. എന്നാൽ ഇപ്പോഴത്തെ കഷ്ടപ്പാടെല്ലാം
നവംബർ എട്ടിന് അർദ്ധരാത്രി മുതൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ 'ഷോക്ക് ട്രീറ്റ്‌മെന്റിന്റെ' ആഘാതത്തിൽ തന്നെയാണ് രാജ്യം ഇപ്പോഴും. മുമ്പ് സ്വാതന്ത്ര്യം കിട്ടിയ വേളയിലും പിന്നീട് അടിയന്തിരാവസ്ഥയ്ക്കു ശേഷവും രാജ്യത്ത് നോട്ടുനിരോധനം നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇതുപോലെ ഇരുട്ടിവെളുക്കുംമുമ്പ് നടപ്പാക്കിയ തീരുമാനമല്ലായിരുന്നു അത്. അതിനാൽതന്നെ മോദിയുടെ കറൻസി പിൻവലിക്കലിനെതിരെ ഉയർന്ന ആക്ഷേപങ്ങളും പ്രതിഷേധങ്ങളും നിരവധിയാണ്. അത് രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കുന്നതും ഇനി ഉണ്ടാക്കാൻ പോകുന്നതുമായുള്ള ആഘാതങ്ങളെ പറ്റിയുള്ള ചർച്ചകളും ഒരു വഴിക്ക് നടക്കുന്നു.
കള്ളപ്പണം പിടിക്കാനെന്ന പേരിൽ ഒരു മുൻകരുതലുമെടുക്കാതെ നടത്തിയതാണ് കറൻസി നിരോധനമെന്നും ഇതിൽ ഏറെ പീഡനം അനുഭവിക്കേണ്ടിവരുന്നത് രാജ്യത്തെ പാവപ്പെട്ടവർക്കാണെന്നുമുള്ള ആക്ഷേപമുയർത്തി മോദി വിരുദ്ധർ ഒന്നടങ്കം ഇതിനെതിരെ രാഷ്ട്രീയപരമായും അല്ലാതെയും നിലകൊള്ളുന്നു. എന്നാൽ ഇപ്പോഴത്തെ കഷ്ടപ്പാടെല്ലാം രാജ്യത്തിന്റെ നല്ല ഭാവിക്കുവേണ്ടിയാണെന്നും എല്ലാം ശരിയാകുമെന്നും അമ്പതുദിവസം കാത്തിരിക്കണമെന്നും പറഞ്ഞ് മോദിയും ബിജെപിയും മറുവശത്ത് ജനങ്ങളെ ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
പക്ഷേ, പാർലമെന്റിനകത്തും പുറത്തും എത്രയൊക്കെ എതിർപ്പുകൾ ഉയർന്നിട്ടും കറൻസി പിൻവലിച്ച തീരുമാനത്തിൽ നിന്ന് നരേന്ദ്ര മോദി കടുകിട പിന്നോട്ടു പോയില്ല. മാത്രമല്ല, നവംബർ എട്ടിന് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടർന്ന് ഓരോ ദിവസം പിന്നിടുമ്പോഴും കടുപ്പിക്കുകയാണ് കേന്ദ്രസർക്കാരും റിസർവ് ബാങ്കും ചെയ്തത്. രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരും ഇടത്തരക്കാരും ഉൾപ്പെടുന്ന സമൂഹം കയ്യിലുള്ള നിരോധിച്ച കറൻസികൾ മാറ്റാനായി ബാങ്കുകളിലേക്ക് ഒഴുകിയെത്തിയ ആദ്യ ദിനങ്ങൾ പിന്നിട്ട് നിരോധനം ഈ വരുന്ന ചൊവ്വാഴ്ച നാലാമത്തെ ആഴ്ച പിന്നിടും.
ഏതാണ്ട് അഞ്ചുലക്ഷം കോടിയിൽപ്പരം രൂപയുടെ കള്ളപ്പണം ഈ ഒരൊറ്റ നടപടിയിലൂടെ ഇല്ലാതാക്കാനാകുമെന്ന പ്രതീക്ഷയായിരുന്നു ഇത് നടപ്പാക്കുമ്പോൾ മോദിക്കും സംഘത്തിനും ഉണ്ടായിരുന്നത്. പക്ഷേ, അത്രത്തോളം എത്തില്ലെങ്കിലും രണ്ടുലക്ഷം കോടിയോളമെങ്കിലും കറൻസിയായി സൂക്ഷിച്ച കള്ളപ്പണം പിടികൂടപ്പെടുമെന്ന വിശ്വാസമാണ് ഇപ്പോഴും റിസർവ് ബാങ്ക് പങ്കുവയ്ക്കുന്നത്. ഇത്രയും കള്ളപ്പണം പിടിക്കാൻ ഇതുപോലൊരു പീഡനം രാജ്യത്തെ സമ്പദ് വ്യവസ്ഥയോട് നരേന്ദ്ര മോദി നടത്തണമായിരുന്നോ എന്ന ചോദ്യമുയർത്തിയാണ് ഇപ്പോഴും കലാപം.
വിമർശകർ ഒക്കെ രാജ്യവിരുദ്ധരും വിമർശനങ്ങൾ ഒക്കെ അർത്ഥ രഹിതവും എന്ന വാദം ശരിയൊന്നുമല്ല. നോട്ടു നിരോധനത്തിനെതിരെ ഉയർത്തപ്പെടുന്ന ആരോപണങ്ങളിൽ എല്ലാം യാഥാർത്ഥ്യമുണ്ട്. സാധാരണക്കാരുടെ ജീവിത ദുരിതം തീരാതെ നീണ്ടു പോവുകയാണ്. അതേസമയം, ഉദ്ദേശിച്ച പോലെ കള്ളപ്പണക്കാരെ തള്ളയ്ക്കാനും സാധിച്ചിട്ടില്ല. എന്നിരുന്നാലും ഈ പരിഷ്‌കരണം ഇന്ത്യക്കാരിൽ ഉണ്ടാക്കിയ മാറ്റം അസാധാരണമാണ്. ഒരു സമൂഹം മുഴുവൻ അവരുടെ ജീവിത രീതികളും ശീലങ്ങളും പൊളിച്ചെഴുതുന്നു. എല്ലായിടത്തും ഒരു അച്ചടക്കവും കണക്കും വ്യക്തതയും സംഭവിച്ചിരിക്കുന്നു. കള്ളപ്പണക്കാർ പഴുതുകളിലൂടെ രക്ഷപ്പെട്ടാലും ഇനി അധികകാലം കള്ളപ്പണം സൂക്ഷിക്കാൻ സാധിക്കില്ല എന്നൊരു അവസ്ഥ ഉണ്ടായിരിക്കുന്നു.
കോൺഗ്രസും കെജ്രിവാളും ഇടതുപക്ഷവും മമതയും ഉൾപ്പെടെയുള്ള പ്രതിപക്ഷം ഒന്നടങ്കം ദിവസവും ഓരോ കാരണങ്ങളുമായി എത്തുന്നു. വെറും രണ്ടുലക്ഷം കോടിയിൽത്താഴെ രൂപയുടെ കള്ളപ്പണം പിടിക്കാനായിരുന്നോ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിച്ച, രാജ്യത്തിന്റെ വളർച്ചാനിരക്ക് രണ്ടുശതമാനത്തിലേറെ താഴാനിടയായ ഈ കറൻസി നിരോധനം എന്നു ചോദിച്ചാണ് അവരുടെ കളിയാക്കലും വിമർശനവും. പ്രത്യക്ഷത്തിൽ അവർ പറയുന്നതാണ് ശരിയെന്ന് തോന്നുമെങ്കിലും രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ മോദി നടത്തിയ 'അടിയന്തിര ശസ്ത്രക്രിയ'യുടെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നു.
രാജ്യത്തെ മാത്രമല്ല, ലോകത്തെതന്നെ സാമ്പത്തിക വിദഗ്ദ്ധർ ഈ അന്വേഷണത്തിന് ഇറങ്ങുമ്പോൾ തെളിയുന്ന ചിത്രം മറ്റൊന്നാണ്. കുറച്ചു കള്ളപ്പണം അമ്പതുദിവസംകൊണ്ട് പിടിച്ചെടുത്തുകളയാമെന്ന മണ്ടൻ ചിന്തയിലല്ല മോദിയും കേന്ദ്രസർക്കാരും ഈ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത്. മറിച്ച് രാജ്യംഭരിച്ച ഒരു സർക്കാരും ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിൽ പഴുതുകളില്ലാത്ത ഒരു സമ്പദ് വ്യവസ്ഥ ഇന്ത്യക്ക് വേണ്ടി തയ്യാറാക്കുന്നതിന്റെ ആദ്യ ചുവടുവയ്പ് മാത്രമാണ് ഈ കറൻസി നിരോധനം എന്ന വാസ്തവത്തിലേക്ക് ആദ്യം വിമർശനം ഉന്നയിച്ച സാമ്പത്തിക വിദഗ്ദ്ധർ വരെ ഇപ്പോൾ എത്തിച്ചേരുകയാണ്.
ചെറുമീനുകൾ പോലും കുടുങ്ങുന്ന വല തീർത്ത് മോദി
ഒരു രോഗം വന്നാൽ എന്താണ് ചെയ്യുക. ചികിത്സിക്കുകയേ മാർഗമുള്ളൂ. രോഗം തിരിച്ചറിയാൻ വൈകുകയും അഥവാ അറിഞ്ഞിട്ടും ചികിത്സിക്കാതിരിക്കുകയും ചെയ്താൽ അത് മരണകാരണമായി മാറും. അവസാന നിമിഷമെങ്കിലും ഇങ്ങനെയൊരു സ്ഥിതി തിരിച്ചറിയുമ്പോൾ ആരും ചെയ്യുന്നതേ നരേന്ദ്ര മോദിയും ചെയ്തിട്ടുള്ളൂ. രാജ്യത്ത് സമ്പന്നരും ഇടത്തരക്കാരും ഉൾപ്പെടെ നിരവധിപേർ ഉൾപ്പെടുന്ന ഒരു സമാന്തര സമ്പദ് വ്യവസ്ഥ വളർന്നു തുടങ്ങിയത് ഇപ്പോഴൊന്നുമല്ല. സ്വാതന്ത്ര്യം കിട്ടി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി ജവഹർലാൽ നെഹ്‌റു അധികാരമേറ്റ കാലത്തുതന്നെ ഇതിന്റെ തുടക്കം കുറിക്കപ്പെട്ടിരുന്നു.
ഇന്ത്യയിലെ പല മുൻനിര ബിസിനസ് കുടുംബങ്ങളും രാഷ്ട്രീയ നേതൃത്വം തമ്മിലുള്ള അവിശുദ്ധ ബന്ധം ആദ്യം തുറന്നുകാട്ടിയതാകട്ടെ അന്ന് റായ്ബറേലിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് പാർലമെന്റ് അംഗമായ നെഹ്‌റുവിന്റെ മരുമകനും ഇന്ദിരാഗാന്ധിയുടെ ഭർത്താവുമായിരുന്ന സാക്ഷാൽ ഫിറോസ് ജഹാംഗീർ ഗാന്ധിയായിരുന്നു. റാം കിഷൻ ഡാൽമിയയുടെ ബാങ്കിലേക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് ഒഴുകുന്നത് വെളിപ്പെടുത്തിയും എൽഐസിയിൽ ഹരിദാസ് മുന്ധ്ര നടത്തിയ ഇടപെടലുകളുമെല്ലാം പുറത്തുകൊണ്ടുവന്ന് ഫിറോസ് ഗാന്ധി അക്കാലത്ത് നെഹ്‌റുവിന് അനഭിമതനായതും ചരിത്രം.
ഇന്ന് അതേ റായ് ബറേലി മണ്ഡലത്തിൽ നിന്ന് ജയിച്ച ഫിറോസിന്റെ മരുമകൾ സോണിയാഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരുന്ന കാലമെത്തുമ്പോഴേക്കും അന്ന് ഫിറോസ് ചൂണ്ടിക്കാട്ടിയ താരതമ്യേന ചെറിയ തെറ്റുകൾ വളർന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ കോർപ്പറേറ്റുകൾ സമ്പൂർണാധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. നെഹ്‌റുവിന് പിന്നീട് മാറിമാറി വന്ന ഒരു സർക്കാരുകളും ഇതുവരെ ഇത്തരത്തിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കാർന്നുതിന്നുന്ന വൻകിടക്കാർക്കെതിരെ ഒരു വിരൽപോലും അനക്കിയില്ല. അതിന്റെ ഫലമായാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർക്കുംവിധം വന്മരത്തെ പൊതിയുന്ന കാട്ടുവള്ളിപോലെ സമാന്തര കളപ്പണ വ്യവസ്ഥയും രാജ്യത്ത് വളർന്നു പന്തലിച്ചത്.
സത്യത്തിൽ ഈ കാട്ടുവള്ളിയുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന ശസ്ത്രക്രിയ തന്നെയാണ് നരേന്ദ്ര മോദി ഇപ്പോൾ നടത്തിയ കറൻസി നിരോധനമെന്നു പറയാം. ഇതുകൊണ്ട് സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ മുറിവുകൾ ഒറ്റയടിക്ക് ഉണങ്ങുകയില്ലെന്ന് അറിയാതെയല്ല പ്രധാനമന്ത്രി ഇത്തരമൊരു തീരുമാനമെടുത്തത്. പകരം ഇതുപോലെ കള്ളപ്പണത്തിൽ കെട്ടിപ്പടുത്ത ഒരു സമാന്തര വ്യവസ്ഥ ഇവിടെ വളർന്നുവരാതിരിക്കാനുള്ള തുടക്കമിടുകയായിരുന്നു മോദി. കാട്ടുവള്ളി ചുറ്റിവരിഞ്ഞ് വന്മരത്തെ വീഴ്‌ത്താൻ തുടങ്ങുംമുമ്പുള്ള അടിയന്തിര നടപടി മാത്രമായിരുന്നു കറൻസി നിരോധനം.
ഇനിയങ്ങോട്ട് ഇടപാടുകൾ വ്യവസ്ഥാപിതമാകുമ്പോൾ
ഈയൊരു കറൻസി നിരോധനത്തിലൂടെ രാജ്യത്തെ ജനങ്ങളെ മോദി പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നത് രണ്ടു കാര്യങ്ങളാണ്. കൃത്യമായ വ്യവസ്ഥാപിത മാർഗത്തിലൂടെ അല്ലാത് ഇനി പണമിടപാട് പറ്റില്ല. ഇത്രയും ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ അത്തരമൊരു അവബോധം ഉണ്ടാക്കാൻ കറൻസി നിരോധനത്തിന് കഴിഞ്ഞിട്ടുണ്ട്. വൻകിട ഇടപാടുകളെല്ലാം ബാങ്കുകളിലൂടെയെ നടത്താനാകൂ എന്ന ബോധ്യമുണ്ടാകാൻ ഇത് വലിയതോതിൽ സഹായിച്ചിട്ടുണ്ട്. കറൻസി പൂർണമായും ഇല്ലാതാക്കുകയെന്നത് കേന്ദ്ര സർക്കാരിന്റെ അജണ്ടയിലില്ല.
പക്ഷേ, ചെറുകിട കച്ചവടങ്ങൾക്കൊഴികെ കറൻസി ഇനി ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ് വന്നുചേരുന്നത്. മാത്രമല്ല, കാർഡ്, ഇ-വാലറ്റ്, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങി പണമിടപാടിന് മറ്റു മാർഗങ്ങൾ തേടുന്നവരുടെ എണ്ണവും കൂടിത്തുടങ്ങി. കള്ളപ്പണം കറൻസിയായി മാത്രമല്ല സൂക്ഷിക്കപ്പെടുന്നതെന്നും സ്വർണമായും ഭൂമിയായും പലരും സമ്പാദിച്ചുകൂട്ടിയിട്ടുണ്ടെന്നും അതിനാൽ മോദിയുടെ കറൻസി നിരോധനം കാര്യമില്ലെന്നുമായിരുന്നു പ്രധാന വാദം. പക്ഷേ, ഇത്തരത്തിൽ ഒളിപ്പിച്ച സ്വർണവും ഭൂമിയുമെല്ലാം ഇനി കൈമാറ്റം ചെയ്യുമ്പോഴേ അതിന് പണത്തിന്റെ മൂല്യമുണ്ടാകൂ. ഇത് തടയാനുള്ള ഫലപ്രദമായ ഒരു സിസ്റ്റം രാജ്യത്തുകൊണ്ടുവരാനാണ് നരേന്ദ്ര മോദി ലക്ഷ്യമിട്ടിട്ടുള്ളതെന്ന് ഇതിനകം വ്യക്തമാകുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഇടപാടുകളെല്ലാം ഇപ്പോൾ നടപ്പായിക്കൊണ്ടിരിക്കുന്ന പഴുതുകളില്ലാത്ത ഒരു സിസ്റ്റത്തിന്റെ ഭാഗമാകുമ്പോൾ ഒറ്റദിവസംകൊണ്ടല്ലെങ്കിലും പടിപടിയായി കള്ളപ്പണമെന്ന ഇടപാട് ഇല്ലാതാകുമെന്ന വിലയിരുത്തലാണ് ഇപ്പോൾ സാമ്പത്തിക വിദഗ്ധരും പങ്കുവയ്ക്കുന്നത്. കറൻസി നിരോധനം കൊണ്ട് ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും തമ്മിൽ കുറച്ചുകാലം കഴിഞ്ഞ് തുലനംചെയ്ത് നോക്കുമ്പോൾ അത് രാജ്യത്തിന് ഗുണകരമാണെന്നുതന്നെ വിലയിരുത്തപ്പെടുമെന്ന് വ്യക്തമാണ്.
നോട്ടുനിരോധനം വരുത്തിവച്ച കെടുതികൾ
നോട്ടുനിരോധനം കൊണ്ട് രാജ്യത്തെ ജനങ്ങളിൽ വലിയൊരു ഭാഗം ശരിക്കും വലഞ്ഞുവെന്നതുതന്നെയാണ് ഇതിന്റെ പോരായ്മയായി എടുത്തു പറയാവുന്ന ന്യൂനത. പക്ഷേ, ഇത്തരത്തിൽ ഒരു നടപടിയിലൂടെയല്ലാതെ ജനങ്ങളെ സാമ്പത്തിക അച്ചടക്കം പഠിപ്പിക്കാനാവില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർതന്നെ വിലയിരുത്തുന്നു. ഇടപാടുകൾ ഇനിയങ്ങോട്ട് നിയമപരമായി മാത്രമേ ചെയ്യാവൂ എന്നും അല്ലെങ്കിൽ പണികിട്ടുമെന്നും ഓർമ്മിപ്പിക്കുന്ന ഒരു ചൂരൽപ്പിട തന്നെയായിരുന്നു കറൻസി നിരോധനം. ജനങ്ങൾ വലയുന്നു എന്നതുൾപ്പെടെ നിരവധി ആക്ഷേപങ്ങളാണ് കറൻസി നിരോധനം നെഗറ്റീവ് ആണെന്ന് കരുതുന്നവർ ചൂണ്ടിക്കാട്ടിയത്.
ബാങ്കുകളിലേക്ക് തള്ളിക്കയറുകയും ദിവസങ്ങളോളം ക്യൂനിൽക്കുകയും ചെയ്ത് ജനം വലഞ്ഞതുതന്നെയാണ് ഇതിലുണ്ടായ ആദ്യ പ്രശ്‌നം. മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ച് കൈവശമുണ്ടായിരുന്ന നിരോധിത കറൻസി മാറ്റാൻ ജനം ഒഴുകിയെത്തി. പക്ഷേ, ആ തിരക്ക് കുറഞ്ഞുതുടങ്ങി. ഇനിയും നാലാഴ്ചകൂടി പണം മാറ്റാൻ സാഹചര്യവുമുണ്ടെന്നതിനാൽ ഇത് ഇനി പ്രസക്തമല്ല. സാധാരണക്കാർക്ക് കറൻസി ആവശ്യത്തിന് കിട്ടുന്നില്ലെന്നതാണ് മറ്റൊരു പരാതി. ചെറുകിട വ്യാപാരികൾക്കും കർഷകർ ഉൾപ്പെടെയുള്ളവർക്കും ഇത് തിരിച്ചടിയായി.
പക്ഷേ, കൂടുതൽ കറൻസി അച്ചടിച്ച് എത്തുന്നതോടെ ഇത് മാറിത്തുടങ്ങും. നിരോധനം വന്ന് നാലാഴ്ച പിന്നിടുമ്പോൾ മുമ്പുണ്ടായിരുന്നത്ര തിരക്ക് ഇപ്പോൾ ബാങ്കുകളിൽ ഇല്ലെന്നതുതന്നെ ഇതിന്റെ സൂചനകൾ. ശമ്പളം വരുന്ന ദിവസങ്ങളായതിനാൽ ഡിസംബർആദ്യവാരംകൂടി തിരക്ക് അൽപം ഉണ്ടാകുമെങ്കിലും ഇനിയൊരു പത്തുനാൾ കൂടി കഴിയുമ്പോൾ ജനങ്ങൾക്ക് കറൻസി കൈവശമില്ലാത്തതു കൊണ്ട് ഇടപാടുകൾ നടത്താൻ പറ്റാത്ത സ്ഥിതി മാറുമെന്നാണ് റിസർവ് ബാങ്ക് അധികൃതരും വ്യക്തമാക്കുന്നത്.
ഇത്രയും പ്രത്യക്ഷത്തിൽ സാധാരണക്കാർ അനുഭവിച്ച ദുരിതം. പക്ഷേ, ഇതല്ലാതെ ചെറിയതോതിൽ വിലക്കയറ്റം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് റി്‌പ്പോർട്ടുകൾ. കൂടാതെ കർഷകർക്ക് യഥാസമയം കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യവും കറൻസി ഇല്ലാത്തതിനാൽ സാധനങ്ങൾ വാങ്ങുന്നതിന് പലരും സ്വയം നിയന്ത്രണം കൊണ്ടുവന്നതോടെ കച്ചവടം കുറഞ്ഞതുമെല്ലാം പ്രശ്‌നമായിട്ടുണ്ട്. നിർമ്മാണ മേഖലകളിൽ ഉണ്ടായ മാന്ദ്യം ദിവസക്കൂലിക്കാർക്ക് തൊഴിൽ കുറയുന്ന സ്ഥിതിയും ഉണ്ടാക്കുന്നു.
വിവാഹ സീസണിലായതിനാൽ പണം ഉപയോഗിച്ചുതന്നെ നടത്തേണ്ട ഇടപാടുകൾക്ക് മാർഗമില്ലാതായെന്ന ആക്ഷേപവും പുറത്തുവരുന്നുണ്ട്. ഇതിനെല്ലാം പുറമെ കറൻസി നിരോധനം ആദ്യഘട്ടത്തിൽ രാജ്യത്തിന്റെ വളർച്ചയെ ഗുരുതരമായിതന്നെ ബാധിക്കുമെന്നതിലും സംശയമില്ല. വളർച്ചാ നിരക്കിൽ ചൈനയെ പിന്തള്ളുന്ന സ്ഥിതിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് കറൻസി നിരോധനം വന്നത്. രണ്ടു ശതമാനമെങ്കിലും വളർച്ചാ നിരക്കിൽ കുറവുണ്ടാകുമെന്ന് ഇപ്പോൾത്തന്നെ വിലയിരുത്തൽ വന്നുകഴിഞ്ഞു. ഇത്തരത്തിൽ ചെറുതും വലുതുമായി ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും സമീപഭാവിയിൽ സംഭവിക്കാവുന്നതുമായ നിരവധി തിരിച്ചടികൾ രാജ്യത്തിന് നേരിടേണ്ടിവരും.
പണത്തിന്റെ വിലയറിഞ്ഞ് ചെലവാക്കാൻ ഇന്ത്യ പഠിക്കുമ്പോൾ
അധ്വാനിച്ച് സമ്പാദിക്കുക, അത് സൂക്ഷിച്ചു ചെലവാക്കുക,, ഭാവിക്കുവേണ്ടി കരുതിവയ്ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സ്വയം നിയന്ത്രണം നടത്താത്തവർക്കെല്ലാം കുടുക്കായി മാറുകയാണ് കറൻസി നിരോധനവും അതിന് പിന്നാലെ കേന്ദ്രം കൊണ്ടുവരാൻ പോകുന്ന നടപടികളും. വീടു നന്നാക്കിയാൽ നാടുനന്നാകും എന്ന ചൊല്ലുതന്നെയാണ് മോദി എല്ലാവരെക്കൊണ്ടും നടപ്പാക്കാൻ ശ്രമിക്കുന്നത്. എത്ര പറഞ്ഞാലും അനുസരിക്കാത്തവർക്ക് ഇനിയങ്ങോട്ട് കാര്യങ്ങൾ ബുദ്ധിമുട്ടാകും വിധത്തിൽ കാര്യങ്ങൾ കടുപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തുണ്ടായിരുന്ന നിയമങ്ങളെ മാനിച്ചുകൊണ്ട് നല്ലരീതിയിൽ ബിസിനസ് നടത്തിയും ജോലിചെയ്തും സമ്പാദിച്ചിരുന്നവർക്ക് ഇ്‌പ്പോൾ കറൻസി നിരോധനം കൊണ്ടുവന്നത് ഒരു വിഷയമേ ആയിട്ടില്ല.
സർക്കാർ, സ്വകാര്യമേഖലകളിൽ ജോലിചെയ്യുന്ന, മാസശമ്പളം കൃത്യമായി അക്കൗണ്ടുകളിൽ വരുന്നവർ അതിന് എല്ലാക്കാലത്തും പരിധിക്ക് പുറത്തുള്ള സമ്പാദ്യത്തിന് ടാക്‌സ് നൽകാറുണ്ട്. ഏതുകാലത്തും സർക്കാരിന് കൃത്യമായി കിട്ടുന്ന വരുമാനമാണ് അത്. അത്തരക്കാർക്ക് ഈ കറൻസി നിരോധനം ഒരു വിഷമവും ഉണ്ടാക്കിയിട്ടില്ല. അതുപോലെ തന്നെ നിയമപരമായി ഏതു ബിസിനസ് നടത്തുന്നവർക്കും ഇത് പ്രശ്‌നമല്ലെന്ന് ചാർട്ടേഡ് അക്കൗണ്ടന്റുമാരും പറയുന്നു.
അപ്പോൾ ആർക്കാണ് ഇതുകൊണ്ട് കുഴപ്പം. രാജ്യത്ത് കള്ളപ്പണംകൊണ്ട്, നികുതി നൽകാതെ കെട്ടിപ്പൊക്കിയ സമാന്തര സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നവർക്കു മാത്രമാണ് ഭാവിയിൽ മോദി നടപ്പാക്കുന്ന പുതിയ സാമ്പത്തിക വ്യവസ്ഥകൊണ്ട് കൊണ്ട് പ്രശ്‌നമുണ്ടാകുക. ഇത്തരം ഇടപാടുകൾ നടക്കുമ്പോൾ അതിനോടു ചേർന്നുനിന്ന്, അതിന്റെ ലാഭംപറ്റിയിരുന്നത് കോർപ്പറേറ്റുകൾ മാത്രമല്ല, പാവപ്പെട്ടവർ വരെയുണ്ട്. കുഴൽപ്പണ ഇടപാടുകൾക്കും മറ്റും സഹായംചെയ്തും, ഭൂമി വില കുറച്ചുകാണിച്ച് ആധാരം രജിസ്റ്റർചെയ്തുമെല്ലാം സാധാരണക്കാരും നികുതി വെട്ടിക്കുന്നുണ്ട്. സമ്പന്ന രാജ്യങ്ങളായി വിലയിരുത്തപ്പെടുന്ന രാജ്യങ്ങൾ ഒരു സുപ്രഭാതത്തിലല്ല സമ്പന്നമായത്. അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചതും രാജ്യത്തെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടതും അവിടെയെല്ലാം നികുതി വെട്ടിക്കുന്നതിന് പഴുതുകളില്ലാത്ത സാഹചര്യം നിലനിൽക്കുന്നതുകൊണ്ടു കൂടിയാണ്. അവിടെ തട്ടിപ്പുകാരും ദരിദ്രരും ഇല്ലെന്നല്ല, ഇതിനർത്ഥം. മറിച്ച് അത്തരം തട്ടിപ്പുകൾ ഉണ്ടായാൽ അപ്പോൾ പിടിവീഴുമെന്ന സാഹചര്യം ഉണ്ട് എന്നതാണ്.
കള്ളസമ്പാദ്യങ്ങൾക്ക് എന്നത്തേക്കും ഗുഡ്‌ബൈ
നല്ലൊരു സാമ്പത്തിക സിസ്റ്റം നടപ്പായി വരുന്നതോടെ നല്ല ജീവിത സാഹചര്യം ഉള്ള രാജ്യമായി ഇന്ത്യയ്ക്കും മാറാൻ കഴിയും. കറൻസി നിരോധനത്തിന്റെ ദുഷ്ഫലമെന്ന നിലയിൽ ആദ്യഘട്ടത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച താഴോട്ടു പോകുമെങ്കിലും ഇത് സമാന്തര സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടം. 84 ശതമാനം കറൻസിയാണ് നിരോധിച്ചത്. 50 ദിവസത്തെ കാലാവധി കഴിഞ്ഞും തിരിച്ചെത്താത്ത പണം രാജ്യത്തിന് മുതൽക്കൂട്ടാകുമെന്നതായിരിക്കും ആദ്യ പ്രതിഫലനം. പാക്കിസ്ഥാനിൽ നിന്നും മറ്റും എത്തിച്ച കള്ളനോട്ടുകൾ ഒറ്റയടിക്ക് അസാധുവായി എന്നത് മറ്റൊരു നേട്ടം. ഭീകരർ ഉൾപ്പെടെയുള്ളവർക്കും കള്ളക്കടത്തുകാർക്കുമെല്ലാം ചാകരയായിരുന്ന സാഹചര്യമാണ് ഇതോടെ മാറുന്നത്. പുതിയ നോട്ടുകളുടെ മാതൃകയിൽ കള്ളനോട്ടുകൾ വൈകാതെ ഇറങ്ങുമെന്നും അത് വീണ്ടും രാജ്യത്ത് സർക്കുലേറ്റ് ചെയ്യപ്പെടുമെന്നും വാദമുണ്ട്. പക്ഷേ, ഇനി വലിയ ഇടപാടുകൾ ബാങ്കിലൂടെ മാത്രമേ നടത്താനാകൂ എന്ന സ്ഥിതി വരുന്നതോടെ ഇത്തരം നോട്ടുകൾക്ക് മുമ്പത്തേക്കാളും എളുപ്പം പിടിവീഴും. മാത്രമല്ല നാട്ടിൽ ചെലവാക്കാനും ബുദ്ധിമുട്ടാകും.
കള്ളപ്പണം കറൻസിയായി അല്ലാതെ മറ്റു മാർഗങ്ങളിൽ മാറ്റിയെടുത്തവർക്ക്, അതായത് സ്വർണമോ ഭൂമിയോ ഓഹരികളോ ആകട്ടെ, അതിനെ തിരിച്ച് ബാങ്കിങ് സിസ്റ്റത്തിൽ എത്തിക്കാൻ ഇനി പഴുതുകൾ ഉണ്ടാകില്ല. പുതിയ നോട്ടുകൾ അച്ചടിച്ച് കൂടുതലായി എത്തുന്നതോടെ ഇപ്പോഴത്തെ കറൻസി പ്രശ്‌നം വളരെ പെട്ടെന്ന് ഇല്ലാതാകും. എല്ലാത്തരം വാങ്ങലുകൾക്കും മിതത്വം വരുമെന്നതാണ് മറ്റൊരു പ്രധാന നേട്ടം. റിയൽ എസ്റ്റേറ്റ്, സ്വർണം മേഖലകളിൽ വിൽപന വലിയതോതിൽ കുറയും. വാഹനങ്ങളും ആഡംബര വസ്തുക്കളും വാങ്ങുന്ന പ്രവണതയിലും കുറവുവരും. കൃഷി, ചെറുകിട വ്യവസായം, സേവന മേഖലകൾ, ഫർണീച്ചർ ഉൾപ്പെടെയുള്ള വീട്ടുസാധനങ്ങൾ തുടങ്ങിയ മേഖലകളിൽ തുടക്കത്തിൽ മാന്ദ്യമുണ്ടാകും.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ ആദ്യം മുരടിപ്പ് ഉണ്ടാകുമെങ്കിലും എട്ടുമുതൽ പത്തുമാസത്തിനകം അത് തിരിച്ചുവരവ് പ്രകടിപ്പിച്ചുതുടങ്ങും. കറൻസി നിരോധനത്തിന്റെ തുടർ നടപടികളായി ഓരോ മേഖലയിലും നികുതി ചോർച്ച തടയാനുള്ള നടപടികൾ കേന്ദ്രസർക്കാർ കൊണ്ടുവരും. ഇതോടെ രാജ്യത്തിന്റെ സാമ്പത്തിക നില കൂടുതൽ ഭദ്രമാവുകയും കൃത്യമായി എത്തിച്ചേരേണ്ട നികുതി എത്തുകയും ചെയ്യും.
ബാങ്കിങ് മേഖലയ്ക്ക് പുത്തൻ ഉണർവാകും ഇപ്പോഴത്തെ കറൻസി നിരോധനം. കൂടുതൽ ലോണുകൾ നൽകാനുള്ള സാഹചര്യവും പലിശ നിരക്ക് കുറയാനുള്ള സാഹചര്യവും ഇതിനകം തന്നെ ഉണ്ടായിക്കഴിഞ്ഞു. സാധാരണക്കാർക്ക് അവരുടെ ആവശ്യത്തിന്, എന്നാൽ സമ്പാദ്യത്തിന് അനുസരിച്ച് ലോൺ എളുപ്പം കിട്ടാനും സാധ്യത തെളിയും. സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതികൾക്ക് കൂടുതൽ ഫണ്ട് ലഭ്യമാകുമെന്നതിനാൽ അടിസ്ഥാന സൗകര്യ വികസനം വളരെ വേഗം മുന്നേറും. ഇതോടൊപ്പം അടുത്ത സാമ്പത്തിക വർഷം മുതൽ ജിഎസ്ടി എന്ന ചരക്കു സേവന നികുതി വ്യവസ്ഥ നടപ്പിലാകുന്നതോടെ നികുതി പിരിവ് കൂടുതൽ കൃത്യതയ്യാർന്നതും സുതാര്യവുമാകും. ഓരോ സംസ്ഥാനത്തെ സർക്കാരിനും തന്നിഷ്ടപ്രകാരം നികുതിയിളവ് നൽകാൻ കഴിയാത്ത സാഹചര്യമുൾപ്പെടെയുള്ള നടപടികളാണ് വരുന്നത് എ്ന്നതിനാൽ നികുതിയിളവ് നൽകിയും മറ്റും ആർക്കും നേട്ടമുണ്ടാക്കാനോ കോഴ കൈപ്പറ്റാനോ കഴിയില്ലെന്നതാണ് മറ്റൊരു നേട്ടം.
പണം അക്കൗണ്ടിലൂടെയേ കൈമാറാനാകൂ എന്നതിനാൽ കള്ളപ്പണ റാക്കറ്റുകൾക്ക് ഇനി ഭാവിയില്ലെന്നുതന്നെ പറയാം. വലിയ അളവിൽ കോടികൾ കറൻസിയായി കൈമാറാൻ ഭയക്കുന്ന സാഹചര്യം വന്നതോടെ ഇതിന് സാധ്യത ഇല്ലാതാകും. ഭീകര പ്രവർത്തനത്തിന് ഫണ്ടിങ് വലിയൊരളവിൽ നിലയ്ക്കുമെന്നതാണ് മറ്റൊരു പ്രധാന ഗുണം. സംഘടനകളുടെ പേരിലും കുഴൽപ്പണമായും എല്ലാം എത്തുന്ന പണത്തിൽ പലതും ഇത്തരം ദേശദ്രോഹ ഇടപാടുകൾക്കായി വ്യാപകമായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഇത് ഏതാണ്ട് പൂർണമായും തടയപ്പെടും. വലിയ തുകകൾ തലവരിപ്പണമായി വാങ്ങുന്ന സാഹചര്യം മാറും. വൻകിട സ്‌കൂളുകൾ മുതൽ മെഡിക്കൽ, എൻജിനീയറിങ് കോളേജുകളിൽ വരെ ഇത്തരത്തിൽ കോടികളുടെ ഇടപാടാണ് നടന്നിരുന്നത്. ഇതെല്ലാം ഒറ്റയടിക്ക് ഇല്ലാതാകുമെന്നാണ് സൂചനകൾ. വില കുറച്ചുകാട്ടി ഭൂമി വാങ്ങുകയും വിലകുറച്ച് ഫ്ളാറ്റുകളും മറ്റും വിൽക്കുകയും ചെയ്യുന്ന പ്രവണതയും ഇല്ലാതാകും. ഇത്തരം നിയന്ത്രണങ്ങൾക്കായി പുതിയ നിയമനിർമ്മാണങ്ങൾ കേന്ദ്രം കൊണ്ടുവരുന്നുണ്ടെന്നാണ് സൂചനകൾ.
ഇത്തരത്തിൽ സമസ്ത മേഖലകളിലും സാമ്പത്തിക അച്ചടക്കം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നരേന്ദ്ര മോദി കറൻസി നിരോധനം ആദ്യ പടിയായി നടപ്പാക്കിയത്. കാഷ്‌ലെസ് ഇടപാടുകൾ പ്രോത്സാഹിപ്പിച്ചും വൻകിട പണമിടപാടുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ കൃത്യമാക്കുന്ന ഒരു സിസ്റ്റം സ്ഥാപിക്കൽ തന്നെയാണ് ഇത്. ഇഴയകലം കുറവുള്ള ചെറിയ കണ്ണികളുള്ള ഒരു വല തീർത്ത് നടത്തുന്ന പരീക്ഷണം വിജയിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. വലിയ മീനുകൾ മാത്രമല്ല, ചെറിയ മീനുകളും കള്ളപ്പണത്തിന്റെ ലോകത്ത് ധാരാളമുണ്ടെന്നും അവയ്ക്കുപോലും ചാടിപ്പോകാൻ പറ്റാത്ത വലയിൽ എല്ലാ മീനുകളും കുടുങ്ങുമെന്നും സൂചിപ്പിച്ചുകൊണ്ട്.