തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 15 മണ്ഡലങ്ങളിലേക്കുള്ള ഉപതെരെഞ്ഞെടുപ്പ് ജൂലൈ 28ന് നടത്തും. ഉപതെരെഞ്ഞെടുപ്പിന്റെ കാര്യപരിപാടികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. ഗ്രാമപഞ്ചായത്തുകളിൽ ഒട്ടാകെയും മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ ബന്ധപ്പെട്ട നിയോജക മണ്ഡലങ്ങളിലും മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു.

ഉപതെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങൾ

  • തിരുവനന്തപുരം: മുനിസിപ്പൽ കോർപ്പറേഷനിലെ പാപ്പനംകോട്, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്ക്, വെട്ടൂർ ഗ്രാമപഞ്ചായത്തിലെ അക്കരവിള
  • ആലപ്പുഴ: ചേർത്തല മുനിസിപ്പാലിറ്റിയിലെ സിവിൽസ്റ്റേഷൻ, പാലമേൽ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര ടൗൺ.
  • കോട്ടയം: മണർകാട് ഗ്രാമപഞ്ചായത്തിലെ പറമ്പുകര, മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ കണിച്ചുകുളം
  • ഇടുക്കി: കൊക്കയാർ ഗ്രാമപഞ്ചായത്തിലെ മുളംകുന്ന്.
  • എറണാകുളം: തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ചക്കംകുളങ്ങര.
  • തൃശൂർ: ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പത്താഴക്കാട്.
  • പാലക്കാട്: ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ കണ്ണിയാംപുറം വായനശാല.
  • മലപ്പുറം: ഊരകം ഗ്രാമപഞ്ചായത്തിലെ ഒ.കെ.എം.വാർഡ്.
  • കോഴിക്കോട്:ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഓമശേരി ഈസ്റ്റ്.
  • കണ്ണൂർ: കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാംപീടിക.
  • കാസർഗോഡ്: ജില്ലാ പഞ്ചായത്തിലെ ഉദുമ.

ജൂലൈ നാലിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതു സംബന്ധിച്ച വിജ്ഞാപനവും വരണാധികാരിയുടെ നോട്ടീസ് പരസ്യപ്പെടുത്തലും നടത്തും. ജൂലൈ 11 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം. ജൂലൈ 12ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 14 . ജൂലൈ 28ന് തിരഞ്ഞെടുപ്പും 29ന് വോട്ടെണ്ണലും നടത്തും.