ന്യൂഡൽഹി: ന്യൂഡൽഹി: കേരളത്തിലെ തൃക്കാക്കരക്കൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലെ ചമ്പാവത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ പുഷ്‌കർ സിങ് ധാമി വിജയിച്ചു. ഈ വർഷം ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽ മുഖ്യമന്ത്രി മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുമായിരുന്നു. ഒഡീഷയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെഡി വിജയിച്ചു.

മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ ജയം അനിവാര്യമായിരുന്ന തിരഞ്ഞെടുപ്പിൽ ധാമി മൊത്തം പോൾ ചെയ്യപ്പെട്ടതിന്റെ 92.94 വോട്ടുകളും സ്വന്തമാക്കി. ധാമി 58258 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി നിർമല ഗഹ്തോരിക്ക് 3233 വോട്ടുകൾ മാത്രമാണ് ജയിച്ചത്. 55025 വോട്ടുകളുടെ ഭൂരിപക്ഷം. വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്‌കർ സിങ്ങിനെ അഭിനന്ദിച്ചു. ബിജെപിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങളോട് അദ്ദേഹം നന്ദിയും പറഞ്ഞു.

ചമ്പാവട് ഉപതെരഞ്ഞെടുപ്പിൽ വോട്ടിലൂടെ നിങ്ങൾ ചൊരിഞ്ഞ സ്നേഹത്തിലും അനുഗ്രഹത്തിലും എന്റെ ഹൃദയം വളരെ വികാരഭരിതമാണ്, എനിക്ക് ഒന്നും പറയാനാവുന്നില്ല, വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ധാമി പറഞ്ഞു.

ഫെബ്രുവരിയിൽ നടന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപി അധികാരം നിലനിർത്തുകയും ധാമി മുഖ്യമന്ത്രിയായി അധികാരത്തിലേറുകയും ചെയ്തു. എന്നാൽ ഖത്തിമയിൽ കോൺഗ്രസിന്റെ ഭുവൻ ചന്ദ്ര കാപ്രിയോട് 6,579 വോട്ടിന് ദാമി പരാജയപ്പെട്ടു. ചമ്പാവടിൽ ധാമി പരാജയപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുഷ്‌കർ സിങ് ധാമി രാജിവെക്കേണ്ടി വരുമായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ 64.08 ശതമാനം പോളിംഗാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്.

മുഖ്യമന്ത്രിപദത്തിൽ തുടരാൻ ആറ് മാസത്തിനുള്ളിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കൽ അനിവാര്യമായിരുന്നു ധാമിക്ക്. ചമ്പാവത്തിലെ ബിജെപി എംഎൽഎ ആയിരുന്ന കൈലാഷ് ഗെഹ്തോരി രാജിവച്ചാണ് ധാമിക്ക് മത്സരിക്കാൻ ഉപതിരഞ്ഞെടുപ്പ് ഒരുക്കികൊടുത്തത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും താനക്പൂരിൽ ധാമിക്കായി പ്രചരണം നടത്തിയിരുന്നു. മണ്ഡലത്തിലെ ജനങ്ങളോട് അവരുടെ വേഗത്തിലുള്ള വികസനത്തിനായി ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അവസരം പാഴാക്കരുതെന്നായിരുന്നു പ്രചരണത്തിലൂടെ ഇവർ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.

ഒഡീഷയിലെ ബ്രാജ്രാനഗർ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജു ജനതാദൾ തങ്ങളുടെ മണ്ഡലം നിലനിർത്തി. ബിജെഡി എംഎൽഎ മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. എംഎൽഎയുടെ ഭാര്യ അലക മൊഹന്ദിയാണ് മത്സരിച്ച് ജയിച്ചത്. കോൺഗ്രസിലെ കിഷോർ ചന്ദ്രപട്ടേലിനെയാണ് പരാജയപ്പെടുത്തിയത്.

തൃക്കാക്കരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് 25016 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷം നേടി എൽഡിഎഫിനെ പരാജയപ്പെടുത്തിയിരുന്നു.