ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക സ്പോൺസറായി ഇന്ത്യൻ ബഹുരാഷ്ട്ര വിദ്യാഭ്യാസ സാങ്കേതിക കമ്പനിയായ ബൈജുസ്. ലോകം മുഴുവൻ ശ്രദ്ധ നേടിയ വിദ്യാഭ്യാസ ശൃംഖലയാണ് ബൈജൂസ്. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നൊരു സ്ഥാപനം ഫുട്ബോൾ ലോകകപ്പിന്റെ സ്പോൺസറാകുന്നത്. മലയാളിയായ ബൈജു രവീന്ദ്രനാണ് ബൈജൂസിന്റെ സാരഥി.

ഒരു ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. ഇതോടെ, ഫുട്‌ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് സ്പോൺസറാകുന്ന ആദ്യ ഇന്ത്യൻ സ്ഥാപനമായി ഇന്ത്യൻ എഡ്-ടെക് സ്ഥാപനം മാറി.

ഔദ്യോഗിക സ്പോൺസർ ആകുന്നതിലൂടെ ബൈജൂസിന് പ്രമോഷനുകൾ സൃഷ്ടിക്കുന്നതിനും ലോകമെമ്പാടുമുള്ള ആവേശഭരിതമായ ഫുട്ബോൾ ആരാധകർക്കിടയിൽ അവ പ്രവർത്തിപ്പിക്കുന്നതിനും ഫിഫ ലോകകപ്പിന്റെ അടയാളം, ചിഹ്നം എന്നിവ ഫലപ്രദമായി പ്രയോഗിക്കാൻ കഴിയും. റിപ്പോർട്ടുകൾ അനുസരിച്ച്, ബഹുമുഖ ആക്ടിവേഷൻ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ആകർഷകമായ വിദ്യാഭ്യാസ ഉള്ളടക്കം സൃഷ്ടിക്കാനും ബൈജൂസ് പദ്ധതിയിടുന്നു.

കായിക മേഖലയിൽ ബൈജൂസ് സ്‌പോൺസർഷിപ്പ് കരാർ സ്വന്തമാക്കുന്നത് ഇതാദ്യമല്ല. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌പോൺസർഷിപ്പ് അവകാശം ബൈജൂസിനാണ്. കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഔദ്യോഗിക സ്‌പോൺസറും ബൈജൂസായിരുന്നു.

'ഖത്തറിൽ ഈ വർഷം നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോൺസറെന്ന നിലയിൽ ലോകവേദിയിൽ ഇക്കുറി ഇന്ത്യയെ ബൈജൂസ് പ്രതിനിധീകരിക്കുന്ന വിവരം വളരെ സന്തോഷത്തെ അറിയിക്കുന്നു. രാജ്യാന്തര തലത്തിൽ ഫിഫ ലോകകപ്പിന്റെ സ്‌പോൺസറാകുന്ന ആദ്യ എഡ്‌ടെക് ബ്രാൻഡെന്ന നേട്ടവും ബൈജൂസിനു സ്വന്തം' ബൈജൂസ് ട്വിറ്ററിൽ കുറിച്ചു.

'ഫുട്ബോളിന്റെ ശക്തിയെ നല്ല സാമൂഹിക മാറ്റം നടപ്പിലാക്കുക എന്ന ലക്ഷ്യത്തിലേക്ക് വിനിയോഗിക്കാൻ ഫിഫ പ്രതിജ്ഞാബദ്ധമാണ്. കമ്മ്യൂണിറ്റികളിൽ ഇടപഴകുകയും ലോകത്തെവിടെയായിരുന്നാലും യുവാക്കളെ ശാക്തീകരിക്കുകയും ചെയ്യുന്ന BYJU'S പോലെയുള്ള ഒരു കമ്പനിയുമായി പങ്കാളിത്തത്തിലായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഫിഫ കൊമേഴ്സ്യൽ ഓഫീസർ കേ മാതതി വ്യക്തമാക്കി.

'ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക മാമാങ്കമായ ഫിഫ ലോകകപ്പ് സ്‌പോൺസർ ചെയ്യുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ. ഇതുപോലൊരു രാജ്യാന്തര വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ലഭിച്ച അവസരത്തിലും വിദ്യാഭ്യാസവും സ്‌പോർട്‌സും ചേർത്തുവയ്ക്കാൻ സാധിക്കുന്നതിലും സന്തോഷം. സ്‌പോർട്‌സിന് നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. അത് ലോകമെമ്പാടുമുള്ള ആളുകളെ ഒരേ ചരടിൽ ബന്ധിപ്പിക്കുന്നു. ഫുട്‌ബോൾ കോടിക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതുപോലെ, ഓരോ കുട്ടിയുടെയും ജീവിതത്തിൽ വിദ്യാഭ്യാസത്തോടുള്ള ഇഷ്ടം വളർത്താൻ ഈ കൂട്ടുകെട്ടിലൂടെ ബൈജൂസിനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു' ബൈജൂസ് ആപ്പിന്റെ സിഇഒ ബൈജു രവീന്ദ്രൻ പറഞ്ഞു.