ന്യൂഡൽഹി: നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയായിതിന് പിന്നാലെ ഉപതെരഞ്ഞെടുപ്പിലും കനത്ത ആഘാതം നേരിട്ട് ബംഗാൾ ബിജെപി ഘടകം. ബിജെപിയിൽനിന്ന് എംപി സ്ഥാനം രാജിവച്ച് ബാബുൽ സുപ്രിയോ തൃണമൂലിലേക്ക് കൂടുമാറിയതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ അസൻസോൾ ലോക്‌സഭാ മണ്ഡലം ബിജെപിക്ക് കൈവിടേണ്ടി വന്നു.

ശത്രുഘ്‌നൻ സിൻഹയിലൂടെ തൃണമൂൽ കോൺഗ്രസിന് ത്രസിപ്പിക്കുന്ന വിജയമാണ് ഇവിടെ സ്വന്തമാക്കിയത്. ബിജെപി സ്ഥാനാർത്ഥി അഗ്‌നിമിത്ര പോളിനെ 2.3 ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണു തൃണമൂൽ സ്ഥാനാർത്ഥിയും നേരത്തേ ബിജെപിക്ക് ഒപ്പമുണ്ടായിരുന്ന നേതാവുമായ ശത്രുഘ്‌നൻ സിൻഹയുടെ വിജയം.

2019ൽ 1,97,637 വോട്ടുകൾക്കായിരുന്നു അസൻസോളിൽനിന്ന് ബാബുൽ സുപ്രിയോ വിജയിച്ചത്. മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ സ്ഥാനാർത്ഥിയുമായ ബാബുൽ സുപ്രിയോ, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലമായ ബാലിഗഞ്ചിൽ 19,904 വോട്ടിന് വിജയിച്ചു. സൈറ ഷാ ഹലിമിനെയാണ് ബാബുൽ പരാജയപ്പെടുത്തിയത്.

ബാലിഗഞ്ചിന് (ബംഗാൾ) പുറമെ, ഖൈരാഗഡ് (ഛത്തീസ്‌ഗഡ്), ബോച്ഹ (ബിഹാർ), കോലാപൂർ നോർത്ത് (മഹാരാഷ്ട്ര) എന്നീ നാല് നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു.

കോലാപുർ നോർത്തിൽ ബിജെപിയെ 19,000 വോട്ടിന് പരാജയപ്പെടുത്തി കോൺഗ്രസ് മണ്ഡലം നിലനിർത്തി. സിറ്റിങ് എംഎൽഎയായിരുന്ന ചന്ദ്രകാന്ത് യാദവ് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് കോലാപൂർ നോർത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ചന്ദ്രകാന്ത് യാദവിന്റെ വിധവ ജയ്ശ്രീ ജാദവിനെ കളത്തിലിറക്കിയ കോൺഗ്രസിന് പിഴച്ചില്ല. 71,000 വോട്ടിനായിരുന്നു ചന്ദ്രകാന്ത് യാദവ് കഴിഞ്ഞ തവണ കോലാപൂർ നോർത്തിൽനിന്ന് ജയിച്ചത്.

ഛത്തീസ്‌ഗഡിലെ ഖൈരാഗഡ് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി യശോദ വർമ വിജയം ഉറപ്പിച്ചു. ബിജെപി സ്ഥാനാർത്ഥിയെക്കാൾ 20,000 വോട്ടുകൾക്ക് മുന്നിലാണ്. ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് എംഎൽഎ ദേവവ്രത് സിങ്ങിന്റെ വിയോഗത്തെ തുടർന്നാണ് ഖൈരാഗഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഖൈരാഗഡ് രാജകുടുംബാംഗമാണ് അന്തരിച്ച ദേവവ്രത്.

ഖൈരാഗഡിൽ കഴിഞ്ഞ തവണ വെറും 870 വോട്ടിന് പരാജയപ്പെട്ട ജില്ലാ കോൺഗ്രസ് അധ്യക്ഷ യശോദ വർമയ്ക്ക് ഇക്കുറിയും കോൺഗ്രസ് അവസരം നൽകുകയായിരുന്നു. കോമൾ ജാങ്കേലാണ് ഖൈരാഗഡിലെ ബിജെപി സ്ഥാനാർത്ഥി. ബിഹാറിലെ ബോച്ഹ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ആർജെഡി സ്ഥാനാർത്ഥി അമർ കുമാർ പാസ്വാനു വിജയം. 48.52 ശതമാനം വോട്ടാണ് അമർ കുമാർ നേടിയത്. ബിജെപിയുടെ ബേബി കുമാരിയായിരുന്നു പ്രധാന എതിരാളി.