- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മമത മത്സരിക്കുന്ന ഭവാനിപുർ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കില്ല; പൊതുതാൽപര്യ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപുർ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കാനാവില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. ഉപതിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി തള്ളി. സെപ്റ്റംബർ 30 വ്യാഴാഴ്ചയാണ് ഭവാനിപുർ ഉപതിരഞ്ഞെടുപ്പ്.
നവംബർ അഞ്ചിനകം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ മമതയ്ക്കു മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകും. ഇതിനിടെയാണ് ഭവാനിപുർ ഉൾപ്പെടെ, ബംഗാളിലും ഒഡീഷയിലുമായി 4 നിയമസഭാ മണ്ഡലങ്ങളിൽ ഈ മാസം 30ന് തിരഞ്ഞെടുപ്പു നടത്താൻ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചത്. കമ്മിഷന്റെ തീരുമാനം ചോദ്യം ചെയ്തായിരുന്നു പൊതുതാൽപര്യ ഹർജി.
ബംഗാൾ സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥനയും ഭരണഘടനാപരമായ അടിയന്തര സാഹചര്യവും പരിഗണിച്ചാണ് ഭവാനിപുരിൽ 30ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചത് എന്നായിരുന്നു കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. ബംഗാൾ ചീഫ് സെക്രട്ടറിയാണ് ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചത്.
ഈ വർഷം ഏപ്രിൽ-മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി തന്റെ കോട്ടയായ ഭവാനിപുരിൽ നിന്നും മാറി നന്ദിഗ്രാമിൽ നിന്നാണ് മത്സരിച്ചത്. എന്നാൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് 1956 വോട്ടുകൾക്ക് തോറ്റു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും മമത തന്നെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സ്ഥനത്തേക്ക് എത്തുകയായിരുന്നു.
ഒരു സംസ്ഥാന നിയമസഭയിലോ പാർലമെന്റിലോ അംഗമല്ലാത്ത ഒരാൾക്ക് ആറുമാസം മാത്രം തിരഞ്ഞെടുക്കപ്പെടാതെ മന്ത്രിസ്ഥാനത്ത് തുടരാൻ ഭരണഘടന അനുവദിക്കുന്നതിനാൽ മുഖ്യമന്ത്രിയുടെ കസേരയിൽ തന്നെ തുടരാൻ തൃണമൂൽ മമതയ്ക്ക് ഇപ്പോൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടത് അഭിമാനപ്രശ്‌നമാണ്.
മമതയ്ക്ക് മത്സരിക്കുന്നതിനായി ഭവാനിപുരിൽ നിന്ന് വിജയിച്ച ടി.എം.സി അംഗം നിയമസഭാംഗത്വം രാജിവെച്ചതിനു പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സെപ്റ്റംബർ 30ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഒക്ടോബർ മൂന്നിന് പ്രഖ്യാപിക്കും.




