- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ നിന്നെത്തിയത് 4479 കിലോ പാഴ്സൽ; വിമാനത്താവളത്തിൽ നിന്ന് പാഴ്സൽ പുറത്തെത്തിച്ചത് അരികൊണ്ടു പോകുന്ന ലോറിയിൽ; വെള്ളിയാഴ്ച ക്ലിയറൻസ് വാങ്ങി കോൺസുലേറ്റിലേക്ക് ലോറിയെ കൊണ്ടു വന്നതും അവധി ദിവസത്തെ ആനുകൂല്യത്തിൽ എല്ലാം രഹസ്യമാക്കാൻ; മതഗ്രന്ഥം പുറത്തെത്തിച്ചത് വലിയതുറയ്ക്കുസമീപം താമസിക്കുന്ന അലിയുടെ കെ.എൽ. 01 സി 6264 എന്ന രജിസ്ട്രേഷനിലെ ലോറിയിൽ; സി ആപ്റ്റിന് പിന്നാലെ എൻഐഎ; മന്ത്രി കെടി ജലീലിനെതിരെ കരുതലോടെ നീക്കങ്ങൾ
തിരുവനന്തപുരം: 4479 കിലോഗ്രാം പാഴ്സൽ കൊണ്ടുപോകാൻ വലിയ ലോറിയുടെ ആവശ്യമില്ല. എന്നിട്ടും മതഗ്രന്ഥങ്ങൾ കൊണ്ടു പോയത് ലോറിയിൽ. ഇതിനൊപ്പം യു.എ.ഇ. കോൺസുലേറ്റിലേക്ക് മതഗ്രന്ഥങ്ങൾ എന്നപേരിലെത്തിയ പാഴ്സൽ കാർഗോ കോംപ്ലക്സിൽനിന്ന് തിടുക്കപ്പെട്ട് മാറ്റിയതിലും ദുരൂഹത നിറയുകയാണ്. ശംഖുംമുഖം കാർഗോ കോംപ്ലക്സിൽനിന്ന് തുറന്ന ലോറിയിലാണ് ഇവ കോൺസുലേറ്റിലേക്ക് മാറ്റിയത്. സമീപത്തെ എഫ്സിഐ. ഗോഡൗണിൽനിന്ന് അരി കടത്തുന്ന ലോറിയാണിത്. അരികടത്തുന്ന ലോറിയെ കൊണ്ടു വന്ന മതസഗ്രന്ഥങ്ങൾ മാറ്റിയതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് വിലയിരുത്തൽ.
വലിയതുറയ്ക്കുസമീപം താമസിക്കുന്ന അലിയുടേതാണ് കെ.എൽ. 01 സി 6264 എന്ന രജിസ്ട്രേഷനുള്ള ലോറി. പാഴ്സൽ കോൺസുലേറ്റിൽ എത്തിച്ചത് മാർച്ച് ആറിനാണ്. വെള്ളിയാഴ്ചയായതിനാൽ അന്ന് കോൺസുലേറ്റിന് അവധിയായിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരൊന്നും സ്ഥലത്തില്ലായിരുന്നു. പാഴ്സൽ ഇടപാടിനെക്കുറിച്ച് അറിവുള്ളവർമാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പാഴ്സലിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതാണ് ഈ ക്രമീകരണമെന്നും അറിയുന്നു. ഇവയിൽ ചിലതാണ് പിന്നീട് സർക്കാർ വാഹനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്ക് കൊണ്ടുപോയത്. ഇത് പിന്നീട് മലപ്പുറത്തേക്കും പോയി. ഇതിൽ ഒരു കെട്ട് മാത്രമാണ് സി ആപ്റ്റിൽ വച്ച് പൊട്ടിച്ചത്. ഖുർആൻ ആണ് പാഴ്സലെന്ന് തെറ്റിധരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു ഇതിന് പിന്നിൽ എന്നാണ് വിലയിരുത്തൽ.
സി ആപ്റ്റിലൂടെ പാഴ്സൽ കൊണ്ടു പോകാൻ കാരണം മന്ത്രി കെടി ജലീലിന്റെ ഇടപെടൽ കാരണമായിരുന്നു. അതുകൊണ്ടാണ് ഈ വിഷയത്തെ കരുതലോടെ എൻഐഎ സമീപിക്കുന്നത്. അതിനിടെ രണ്ടുവർഷമായിവന്ന ഒരു പാഴ്സലിനെക്കുറിച്ചും യു.എ.ഇ. കോൺസുലേറ്റിൽനിന്ന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം എൻ.ഐ.എ.യെയും അറിയിച്ചു. നികുതിയിളവ് ആവശ്യപ്പെടുകയോ സർട്ടിഫിക്കറ്റ് നൽകുകയോ ചെയ്തിട്ടില്ലെന്നും അറിയിച്ചു. സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ വിവരങ്ങൾ ആരാഞ്ഞ എൻ.ഐ.എ.യുടെ കൊച്ചി ഓഫീസിൽ സംസ്ഥാന അസി. പ്രോട്ടോക്കോൾ ഓഫീസർ എം.എസ്. ഹരികൃഷ്ണൻ നേരിട്ടെത്തിയാണ് വിവരങ്ങൾ കൈമാറിയത്. രണ്ടു മണിക്കൂറിൽ കാര്യങ്ങൾ വിശദീകരിച്ച് അദ്ദേഹം മടങ്ങി.
എൻ.ഐ.എ. ആവശ്യപ്പെട്ട ഫയലുകളെല്ലാം ഹാജരാക്കിയില്ല. ലെഡ്ജർ അടക്കമുള്ള ചില രേഖകളാണ് ഹാജരാക്കിയത്. മറ്റു രേഖകൾ കൈമാറുന്നതിൽ എതിർപ്പില്ലെന്നും അല്പം സമയം വേണമെന്നും പ്രോട്ടോക്കോൾ വിഭാഗം അറിയിച്ചതായാണ് സൂചന. നികുതിയിളവ് ആവശ്യപ്പെട്ടിരുന്നോ, ഉണ്ടെങ്കിൽ അതിന് അപേക്ഷതന്നത് ആരാണ്, നയതന്ത്ര ബാഗേജ് സംബന്ധിച്ച് ഹാൻഡ്ബുക്കിൽ എന്തൊക്കെ കാര്യങ്ങളാണു പറയുന്നത്, കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ ഒപ്പുകളുടെ പകർപ്പ് എന്നിവയായിരുന്നു എൻ.ഐ.എ. തേടിയ പ്രധാന കാര്യങ്ങൾ. കസ്റ്റംസ് ആവശ്യപ്പെട്ട വിവരങ്ങൾ നേരത്തേ പ്രോട്ടോക്കോൾ വിഭാഗം നൽകിയിരുന്നു.
സന്നദ്ധ പ്രവർത്തനങ്ങളുടെ മറവിൽ വിദേശത്തു നിന്ന് കോടികൾ കമ്മിഷൻ കൈപ്പറ്റിയത് സംബന്ധിച്ചും എൻഐഎ അന്വേഷണം ശക്തമാക്കുന്നുവെന്നാണ് സൂചന. സന്നദ്ധ പ്രവർത്തനങ്ങൾക്കായെന്ന് പേരിൽ യുഎഇ കോൺസുലേറ്റിന്റെ വ്യാജ അക്കൗണ്ട് ആരംഭിച്ചാണ് സ്വപ്നയും സംഘവും പണം തട്ടിയെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സംഘടനങ്ങളുടെ ശ്രദ്ധയാകർഷിച്ച് ഫണ്ട് തട്ടുന്നതിനായാണ് കോൺസുലേറ്റിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത്. ഇതിനായി നൽകിയ രേഖകളെല്ലാം വ്യാജമായിരിക്കുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കോൺസുലേറ്റിൽ സ്വപ്നയ്ക്ക് ജോലിയുണ്ടായിരുന്ന സമയത്താണ് അക്കൗണ്ട് തുടങ്ങിയത്. കോൺസുലേറ്റിന്റെ വ്യാജസീലും രേഖകളും സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി സരിത്തിന്റെ വീട്ടിൽ നിന്നു നേരത്തേ പിടിച്ചെടുത്തിരുന്നു.
2018 ഒക്ടോബർ മുതൽ ഈ അക്കൗണ്ടിലേക്ക് കോടികളാണ് ഈ അക്കൗണ്ടിലേക്ക് എത്തിയത്. എന്നാൽ ഇതിൽ ഒരു ഭാഗം മാത്രം അതും മറ്റുള്ളവർക്ക് സംശയം ഉണ്ടാകാതിരിക്കാനായി സാമൂഹ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയായിരുന്നു. അതിനിടെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഈയാഴ്ച തന്നെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് വാദം കേൾക്കുന്നതിനിടെ ശിവശങ്കറിന്റെ പേര് പരാമർശിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു.
ലൈഫ് മിഷൻ പദ്ധതിയിലെ കരാറുകാരോട് ശിവശങ്കരനെ കാണാൻ യുഎഇ കോൺസുൽ ജനറൽ തന്നെ ആവശ്യപ്പെട്ടത് എന്തിനെന്നാണ് എൻഫോഴ്സ്മെന്റ് നിലവിൽ പരിശോധിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ