മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രൻ ഏകകണ്ഠമായി എത്തിയത് സി ദിവാകരന്റെ മറുകണ്ടം ചാടൽ മൂലമായിരുന്നു. ഇസ്മയിൽ പക്ഷം സി ദിവാകരനോട് മത്സരിക്കാൻ നിർദ്ദേശിച്ചെങ്കിലും അദ്ദേഹം ഈ ആവശ്യം നിരാകരിച്ചു. ഇതോടെയാണ് മത്സരം ഒഴിവായത്. ത്രിപുരയിലടക്കം പാർട്ടി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ, പാർട്ടിയുടെ ഐക്യം പ്രധാനമാണെന്നു ചൂണ്ടിക്കാട്ടി ദിവാകരൻ മത്സരത്തിൽനിന്നു പിന്മാറുകയായിരുന്നു. എന്നാൽ ഇതിലൂടെ ദിവാകരൻ ആഗ്രഹിച്ചത് ദേശീയ നേതൃത്വത്തിലെ സ്ഥാനമായിരുന്നു. പക്ഷേ മലപ്പുറത്തെ ഈ നീക്കമാണ് ദിവാകരനെ ആരുമില്ലാത്ത അവസ്ഥയിൽ എത്തിച്ചത്.

മലപ്പുറത്തെ സമ്മേളനത്തിൽ പാർട്ടിയിൽ കാനം വെട്ടിനിരത്തൽ നീക്കവുമായി മുന്നോട്ടുപോകുന്നതിലുള്ള എതിർപ്പ് പ്രകടിപ്പിച്ചാണ് മത്സരത്തിനായി ഇസ്മയിൽ പക്ഷം ദിവാകരനെ സമീപിച്ചത്. എന്നാൽ പാർട്ടിയുടെ ഐക്യം ചൂണ്ടിക്കാട്ടി ദിവാകരൻ വിമതരെ നിരാകരിച്ചു പിന്തിരിപ്പിക്കുകയായിരുന്നു. സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചാൽ കാനത്തോടു വിജയിക്കാൻ കഴിയില്ലെന്ന് ഉറപ്പാണെങ്കിലും പ്രതിഷേധം എന്ന നിലയ്ക്കായിരുന്നു ഇസ്മയിൽ പക്ഷത്തിന്റെ നീക്കം. എന്നാൽ മത്സരിച്ചു പരാജയപ്പെടാൻ താത്പര്യപ്പെടാതെ, ഐക്യം ചൂണ്ടിക്കാട്ടി ദിവാകരൻ പിന്മാറുകയായിരുന്നു. എങ്ങനേയും കാനവുമായി അടുക്കുകയായിരുന്നു ദിവാകരന്റെ ലക്ഷ്യം. അടുത്തു തന്നെ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നും ഭക്ഷ്യ വകുപ്പ് തനിക്ക് കിട്ടുമെന്നും ദിവാകരൻ സ്വപ്‌നം കണ്ടു. ഇതോടെ ഇസ്മായിൽ പക്ഷവും ദിവാകരനെ കൈവിടുകയായിരുന്നു.

മാത്രമല്ല, പാർട്ടി സെക്രട്ടറി സ്ഥാനത്തേക്കു താൻ മത്സരിച്ചാൽ പാർട്ടിയിൽ വിഭാഗീയതയുണ്ടെന്ന റിപ്പോർട്ടുകൾ ഊട്ടിയുറപ്പിക്കപ്പെടുമെന്നും ദിവാകരൻ ഇസ്മയിൽ പക്ഷത്തെ അറിയിച്ചു. ഇതോടെ ഇസ്മായിൽ പക്ഷം വെട്ടിലായി. കരുത്തോടെ വീണ്ടുമെത്തിയ കാനം സംസ്ഥാന നേതൃത്വത്തിലെ അവസാന വാക്കായി. സിപിഐയിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവാണ് കാനം. സിപിഎമ്മിന്റെ വല്യേട്ടൻ മനോഭാവത്തെ കാനം അംഗീകരിക്കുന്നില്ല. സിപിഎമ്മിനോട് അടുക്കാൻ ആഗ്രഹിക്കുന്നവരെല്ലാം കാനത്തിന് ശത്രുക്കളാണ്. അതുകൊണ്ട് തന്നെ ഇസ്മായിലിനെ തള്ളി പറഞ്ഞിട്ടും ദിവാകരനെ കാനം അകറ്റി നിർത്തി. കമ്യൂണിസ്റ്റ് ആശയങ്ങൾ മുറുകെ പിടിക്കുന്നവർക്കും അംഗീകരാം നൽകിയില്ല. ഇങ്ങനെ സിപിഐയെ പുതിയ ദിശയിലേക്ക് കാനം നയിക്കുമ്പോൾ നിരാശയിലാകുന്നത് ദിവാകരനാണ്.

ദിവാകരനെ സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയത് കാനത്തിന്റെ പാർട്ടിയിൽ പിടിമുറുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. സി.എൻ.ചന്ദ്രൻ,സത്യൻ മൊകേരി, കമലാ സദാനന്ദൻ എന്നിവരേയും ഒഴിവാക്കിയിട്ടുണ്ട്. ആരുടേയും സഹായത്തോടെ തുടരാനില്ലെന്ന് ദിവാകരൻ പ്രതികരിച്ചു. തനിക്ക് ഗോഡ്ഫാദർമാരില്ലാത്തതാണ് ഒഴിവാക്കാൻ കാരണം. എന്ന് കരുതി ഒഴിവാക്കിയതിൽ നിരാശയില്ലെന്നും ദിവാകരൻ പ്രതികരിച്ചു. സുധാകർ റെഡ്ഡിയുടെ തണലിൽ കമ്മിറ്റിയിലേക്ക് വരേണ്ട. പക്ഷേ സി ദിവാകരൻ എന്നും സി ദിവാകരൻ തന്നെയായിരിരിക്കും. കേരള നേതൃത്വം തനിക്ക് വേണ്ടി സംസാരിച്ചോ എന്ന് അറിയില്ലെന്നും ദിവാകരൻ പറഞ്ഞു. ദേശീയ കൗൺസിലിൽ പുതുതായി കേരളത്തിൽ നിന്ന് അഞ്ചു പേരുണ്ട്. എൻ.രാജൻ, എൻ.അനിരുദ്ധൻ, പി.വസന്തം, കെ.പി.രാജേന്ദ്രൻ, ഇ.ചന്ദ്ര ശേഖരൻ, മഹേഷ് കക്കത്ത് (കാൻഡിഡേറ്റ് അംഗം) എന്നിവരാണ് പുതുതായി കൗൺസിലിലെത്തിയവർ. ഇവരെല്ലാം ദിവാകരന്റെ അനുയായികളാണ്.

ഈ വെട്ടിനിരത്തലോടെ പാർട്ടിയിൽ അരുമില്ലാത്ത അവസ്ഥയിലേക്ക് വീണു. മലപ്പുറത്തെ അച്ചടക്കം പാർട്ടിയിൽ ഇസ്മായിലിന്റെ ശത്രുത നേടിക്കൊടുത്തു. കാനവും അടുപ്പിക്കാതെ വന്നതോടെ ഇനി സിപിഐിൽ ദിവാകരന്റെ സ്വാധീനം ഇടിഞ്ഞു താഴും. സിപിഐയ്ക്കുള്ളിൽ പുതിയ ശാക്തിക ചേരി ലക്ഷ്യമിട്ടായിരുന്നു ദിവാകരന്റെ കളികൾ. കാനത്തെ പിണക്കാത സിപിഐയിൽ ചുവടുറപ്പിക്കുക. മന്ത്രിസ്ഥാനം നേടിയെടുത്ത് വീണ്ടും കുരത്തനാവുക. എന്നാൽ കാനത്തിന്റെ മനസ്സിൽ വൈരാഗ്യമുണ്ടായിരുന്നു. സികെ ചന്ദ്രപ്പൻ മരിച്ചപ്പോൾ തന്നെ കാനം സെക്രട്ടറി സ്ഥാനം ആഗ്രഹിച്ചിരുന്നു. അന്ന് പാർട്ടിയിലെ ഭൂരിഭാഗവും കാനത്തിനൊപ്പമായിരുന്നു. എന്നാൽ തനിക്ക് സെക്രട്ടറി ആയേ മതിയാകൂവെന്ന് ദിവാകരൻ വാശി പിടിച്ചു. ഇതോടെ മത്സരം ഒഴിവാത്താന് പന്ന്യൻ രവീന്ദ്രനെ ദേശീയ നേതൃത്വം സംസ്ഥാന സെക്രട്ടറിയാക്കി.

വർഷങ്ങൾക്ക് മുമ്പുണ്ടായ ഈ സംഭവം കാനത്തെ മുറിവേൽപ്പിച്ചിരുന്നു. ചന്ദ്രപ്പന്റെ യഥാർത്ഥ പിൻഗാമി താനാണെന്നായിരുന്നു അന്നും കാനത്തിന്റെ നിലപാട്. മലപ്പുറം സമ്മേളനത്തിൽ കാനം പ്രതീക്ഷിച്ചതിനേക്കാൾ കരുത്ത് കെ ഇ ഇസ്മായിൽ കാട്ടിയിരുന്നു. ഇത് കാനത്തെ ഞെട്ടിച്ചു. ഇതിനെ മറികടക്കാൻ ദിവാകരന്റെ മനം മാറ്റം സഹായിച്ചു. ഒരു വാഗ്ദാനവും നൽകാതെ ദിവാകരനെ മോഹിപ്പിച്ചു. പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതിനു ഔദ്യോഗികപക്ഷം വിരൽ ചൂണ്ടിയിരുന്നത് ദിവാകരനിലേക്കായിരുന്നു. അതുകൊണ്ട് തന്നെ കാനത്തിന്റെ വിശ്വസ്തരെല്ലാം ദിവാകരനെ അടുപ്പിക്കുന്നതിന് എതിരായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ലബന്ധമുള്ള ദിവാകരനെ അടുപ്പിക്കാൻ കാനത്തിനെ കഴിയാതെ പോയതിന് കാരണവും കൂടെയുള്ളവരുടെ എതിർപ്പായിരുന്നു.

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ദിവാകരനായിരുന്നു ഭക്ഷ്യമന്ത്രി. സഭയിലെ പാർട്ടി നേതാവും ദിവാകരനായിരുന്നു. എന്നാൽ കാനം സെക്രട്ടറിയായതോടെ ദിവാകരന് കഷ്ടകാലം തുടങ്ങി. സികെ ചന്ദ്രപ്പന്റെ മരണത്തിന് ശേഷം പാർട്ടി സെക്രട്ടറിയാകാൻ കാനം ചരട് വലി നടത്തിയിരുന്നു. അന്ന് ദിവാകരനും അതിശക്തമായി സ്ഥാനത്തിനായി പൊരുതി. അങ്ങനെ സമവായ സ്ഥാനാർത്ഥിയായി പന്ന്യൻ രവീന്ദ്രൻ സെക്രട്ടറിയുമായി. ഇതോടെ കാനവും ദിവാകരനും ശത്രുക്കളായി. കാനം സെക്രട്ടറിയായതോടെ ദിവാകരന് കരുനാഗപ്പള്ളിയെന്ന സുരക്ഷിത മണ്ഡലവും നഷ്ടമായി. നെടുമങ്ങാട് വീണ്ടും ജയിച്ച് ദിവാകരൻ എത്തിയങ്കിലും സംഘടനയിലെ കരുത്ത് ഉപയോഗിച്ച് ദിവാകരനെ കാനം മന്ത്രിയാക്കിയില്ല. ഇത് പ്രശ്നങ്ങൾക്ക് പുതുമാനവും നൽകി.

ഇതോടെയാണ് ഇസ്മായിലിനൊപ്പം നിന്ന് കാനത്തിനെതിരെ ദിവാകരൻ പ്രവർത്തനം തുടങ്ങിയത്. മലപ്പുറത്തെ സമ്മേളനത്തിൽ കാനത്തിനെതിരെ ദിവാകരനെ മത്സരിപ്പിക്കാനും ഇസ്മായിൽ തീരുമാനിച്ചു. എന്നാൽ തന്ത്രപരമായി കളിച്ച് ദിവാകരൻ മത്സരത്തിൽ നിന്ന് പിന്മാറി. മന്ത്രിസ്ഥാനം നിഷേധിച്ചപ്പോൾ അതൃപ്തി മറച്ചുവയ്ക്കാതെ പൊട്ടിത്തെറിച്ചാണ് പാർട്ടി നേതൃത്വത്തോട് ദിവാകരൻ പ്രതികരിച്ചത്. പാർട്ടി യോഗത്തിൽ നിന്ന് ഇടക്ക് ഇറങ്ങിപോയി. ഇതോടെ സിപിഐയിൽ വിവാദവും തുടങ്ങുന്നു. കാനം രാജേന്ദ്രൻ ഏകപക്ഷീയമായി തീരുമാനം എടുക്കുന്നുവെന്നാണ് സി ദിവാകരൻ അന്ന് ഉയർത്തിയ ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പിൽ ദിവാകരനെ മൽസരിപ്പിക്കാനുള്ള തീരുമാനം ആദ്യം തന്നെ നിരാകരിച്ചിരുന്നതാണ്. ലോക്സഭാസീറ്റ് വിവാദത്തിൽപ്പെട്ട ദിവാകരനു കരുനാഗപ്പള്ളി സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടുവെങ്കിലും വാശിയേറിയ മൽസരത്തിൽ നെടുമങ്ങാട് നിന്ന് അദ്ദേഹം വിജയിച്ചിരുന്നു.

അതിനിടെ ദിവാകരനെ സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ വിഭാഗീയതയില്ലെന്ന് കാനം വിശദീകരിച്ചു. പാർട്ടി ഭരണഘടന അനുസരിച്ച് 20 ശതമാനം പുതിയ അംഗങ്ങൾ വേണമെന്ന് നിബന്ധനയുണ്ട്. അതുപ്രകാരമാണ് ചിലരെ മാറ്റിയത്. പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത് ഏകകണ്ഠമായാണെന്നും കാനം പറഞ്ഞു. പാർട്ടി കോൺഗ്രസിലെ യോഗത്തിലാണ് കാനം വിരുദ്ധപക്ഷക്കാരൻ കൂടിയായ സി ദിവാകരനെ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയത്. കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ദിവാകരൻ കേരളത്തിൽ നിന്നള്ള പ്രതിനിധികളുടെ യോഗം ബഹിഷ്‌കരിച്ചിരുന്നു.

കേരളത്തിലെ പ്രതിനിധികളുടെ യോഗത്തിൽ ദിവാകരനെ ഒഴിവാക്കാനുള്ള തീരുമാനം വന്നപ്പോൾ ആരും എതിർത്തില്ല. മലപ്പുറത്ത് തന്നെ ചതിച്ച ദിവാകരൻ പുറത്തു പോട്ടെയെന്ന് ഇസ്മായിലും ഉറപ്പിച്ചു. ഇതോടെ ഒഴിവാക്കേണ്ട പ്രതിനിധികളുടെ കൂട്ടത്തിൽ ദിവാകരനും എത്തുകയായിരുന്നു.