ആലപ്പുഴ : സൗഹൃദ മൽസരം സ്വപ്‌നം കാണുന്നവർ നിരാശപെടേണ്ടിവരും. ഇക്കുറി അതുണ്ടാവില്ലെന്ന് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ചെയർമാനും മുൻ മന്ത്രിയുമായ സി എഫ് തോമസ് മറുനാടന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. കോട്ടയം ജില്ലയിൽ കേരള കോൺഗ്രസും കോൺഗ്രസും തമ്മിൽ പോരുമുറുകിയെന്ന പത്രവാർത്ത അടിസ്ഥാനരഹിതമാണ്. അത്തരത്തിലൊരു ചർച്ചയോ സീറ്റ് വീതം വെപ്പോ നടക്കാത്ത സാഹചര്യത്തിൽ പ്രചരണം മാദ്ധ്യമ സൃഷ്ടി മാത്രമാണെന്നാണ് സിഎഫ് തോമസ് വിശദീകരിച്ചു.

കോട്ടയം , ഇടുക്കി ജില്ലയിൽ കേരള കോൺഗ്രസിന്റെ ശക്തി ആർക്കും നിഷേധിക്കാൻ കഴിയില്ല. അതുക്കൊണ്ടുതന്നെ സ്വാധീനമുള്ള മേഖലകളിൽ അർഹമായ പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് പാർട്ടിയുടെ ആവശ്യം. നേരത്തെ യുഡിഎഫിൽനിന്നുതന്നെ രണ്ടു സ്ഥാനാർത്ഥികൾ മൽസരത്തിനെത്തുകകയും സ്വാധീനമുള്ളവർ ജയിച്ചുപോകുന്ന പതിവുണ്ടായിരുന്നു. ഇതിനെ സൗഹൃദ മൽസരമെന്ന ഓമനപേരിട്ട് വിളിച്ചത് കെ എം മാണിയായിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളിലെ കേരള കോൺഗ്രസിന്റെ ശക്തമായ സ്വാധീനമാണ് മാണിയെ ഇതിന് പ്രരിപ്പിച്ചിരുന്നത്.

കോട്ടയം ജില്ലയിലെ രാമപുരം ഗ്രാമപഞ്ചായത്തിൽ ഇത്തരത്തിൽ സൗഹൃദ മൽസരം നടന്നിരുന്നു. ഇവിടെ കൈയൂക്കുള്ളവൻ കാര്യക്കാരനാകുകയായിരുന്നു. മാണി പരീക്ഷിച്ച് വിജയിച്ച പദ്ധതി പൊളിക്കാനാണ് ഇക്കുറി കോൺഗ്രസ് രംഗത്തെത്തിയത്. എന്നാൽ യു ഡി എഫിൽ ഇക്കുറി ആരുടെ ഭാഗത്തുനിന്നും മുന്നണി സംവിധാനത്തെ ശിഥിലമാക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്ന് പ്രത്യേക തീരുമാനം ഉണ്ടായിട്ടുള്ളതിനാൽ യാതൊരു തരത്തിലും സൗഹൃദ മൽസരം അനുവദിക്കില്ലെന്നും സി എഫ് തോമസ് പറഞ്ഞു. യു ഡി എഫ് തീരുമാനം അംഗീകരിക്കാനാണ് കേരള കോൺഗ്രസ് ആഗ്രഹിക്കുന്നത്.

കോൺഗ്രസ് നേതൃത്വവുമായി ജില്ലയിൽ പാർട്ടി നല്ലബന്ധത്തിലാണ്. മറ്റ് പ്രചരണങ്ങൾ നിരർത്ഥകമാണ്. കേരളത്തിൽ വർഗീയ ശക്തികളുടെ കടന്നുവരവ് ഗണ്യമായ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ഇതിനെ കണ്ടില്ലെന്ന് നടിക്കാനാവില്ല. അതുക്കൊണ്ടുതന്നെ കൂടുതൽ ജാഗ്രത പുലർത്തേണ്ട തെരഞ്ഞെടുപ്പാണ് ഇക്കുറി നടക്കാൻ പോകുന്നത്. യു ഡി എഫ് ഒറ്റക്കെട്ടായിതന്നെ തെരഞ്ഞെടുപ്പിനെ നേരിടും. ബാർകോഴയുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് പാർട്ടിക്ക് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. കോഴയുടെ പേരിൽ പാർട്ടിക്ക് സമ്മർദ്ദത്തിലാകേണ്ട യാതൊരു സാഹചര്യവുമില്ല.

ഇതിന്റെ പേരിൽ അർഹതപ്പെട്ടത് വാങ്ങിയെടുക്കുന്നതിൽ യാതൊരു വൈമനസ്യവും കാട്ടില്ല. പി സി ജോർജ് പാർട്ടി വിട്ടതിൽ യാതൊരു ഭയവുമില്ല. മാണിയെ തകർക്കാൻ പറ്റിയ ആയുധമൊന്നും ജോർജിന്റെ കൈയിലില്ല. പി സി ജോർജിനെ ഓർത്ത് പാർട്ടി വേവലാതിപ്പെടുന്നുമില്ല. ജില്ലയിൽ പ്രശ്‌നങ്ങൾ ഇല്ലാതെ തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യം രൂപപ്പെടുമെന്നതിൽ തർക്കമില്ല-സിഎഫ് തോമസ് വിശദീകരിച്ചു. യുഡിഎഫ് ഒറ്റക്കെട്ടായി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് സിഎഫ് തോമസിന്റെ പ്രതീക്ഷ. എന്നാ്ൽ കോട്ടയത്ത് കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് സൂചന.

പാലയടക്കമുള്ള മുൻസിപ്പാലിറ്റികളിൽ കോൺഗ്രസിനെ തഴയാനാണ് മാണിയുടെ ശ്രമമെന്നാണ് ആക്ഷേപം. അതിൽ ശക്തമായ പ്രതിഷേധം ഉയർത്തുകയാണ് കോട്ടയം ഡിസിസി.