കോഴിക്കോട്: മുത്തങ്ങയിലെ ഐതിഹാസികമായ ആദിവാസി സമരത്തിന്റെ നായകരായ സി.കെ ജാനുവും എം.ഗീതാനന്ദനും ഇപ്പോൾ ആദിവാസി ഗോത്രമഹാസഭയുടെ നിയന്ത്രണം പിടിക്കാനുള്ള മൽസരത്തിലാണ്.സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടി സി.കെ ജാനുവിനെ നിശിതമായി വിമർശിച്ചുകൊണ്ടും ആ ബന്ധം അവസാനിപ്പിച്ചില്‌ളെങ്കിൽ ജാനുവിനെ പുറത്താക്കുമെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം ആദിവാസി ഗോത്രമഹാസഭാ സംസ്ഥാന കോഓഡിനേറ്റർ ഗീതാനന്ദൻ രംഗത്ത് എത്തിയിരുന്നു. എന്നാൽ തന്നെ പുറത്താക്കാൻ ഗീതാനന്ദൻ ആരാണെന്ന മറുവാദവുമായി ജാനുവും തിരച്ചടിച്ചിരിക്കയാണ്.

ഗീതാനന്ദൻ വഹിക്കുന്ന സംസ്ഥാന കോഓഡിനേറ്റർ പദവി എടുത്തുകളഞ്ഞതായി സി.കെ. ജാനു അറിയിച്ചു. രണ്ടുമാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പിലാണ് എം. ഗീതാനന്ദൻ കൈകാര്യം ചെയ്തിരുന്ന പ്രസ്തുത തസ്തിക ഒഴിവാക്കിയത്. ഗോത്രമഹാസഭയിൽ അംഗമല്ലാത്തതിനാൽ ഗീതാനന്ദനെ അത് അറിയിക്കേണ്ട കാര്യമില്ല. ഗോത്രമഹാസഭയുടെ പേരും പദവിയും ഉപയോഗിച്ച് ഗീതാനന്ദൻ നടത്തുന്ന ഇടപെടലുകളും പ്രവർത്തനങ്ങളും അവസാനിപ്പിക്കണം. ആദിവാസി സമൂഹത്തിനുവേണ്ടി ആർക്കും പ്രവർത്തിക്കാം. അങ്ങനെ പ്രവർത്തിക്കുന്ന സംഘടനകളും പാർട്ടികളും വ്യക്തികളും ഇവിടെയുണ്ട്. ഗീതാനന്ദന്റെ നല്ല പ്രവർത്തനങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നു. എന്നെ ഗോത്രമഹാസഭയിൽനിന്ന് പുറത്താക്കുമെന്ന ഗീതാനന്ദന്റെ പ്രസ്താവന അസ്ഥാനത്താണ്. സംഘടനയുടെ പുറത്തുനിൽക്കുന്നയാൾ എങ്ങനെയാണ് ഉള്ളിലുള്ളയാളെ പുറത്താക്കുന്നതെന്നും ജാനു ചോദിച്ചു.

ഗോത്രമഹാസഭയിൽ എല്ലാ വിഭാഗം രാഷ്ട്രീയപ്പാർട്ടികളിലും പ്രവർത്തിക്കുന്നവരുമുണ്ട്. കോൺഗ്രസും ഇടതുപക്ഷവും ബിജെപിയിലും എല്ലാം പ്രവർത്തിക്കുന്നുണ്ട്. അതിനാൽ, ഞാൻ എൻ.ഡി.എയുടെ ഭാഗമായി എന്ന് ആരോപിക്കുന്നതിൽ അർഥമില്ല. ഗോത്രമഹാസഭ ഒരു സമുദായ സംഘടനയാണ്. അത് ആരുമായും സംഖ്യത്തിൽ ഏർപ്പെട്ടിട്ടില്ല. ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പാർട്ടിയാണ് എൻ.ഡി.എയുടെ ഭാഗമായിട്ടുള്ളതെന്നും അവർ പറഞ്ഞു.

ജാനു ബിജെപി പിന്തുണയോടെ ബത്തേരിയിൽ മൽസരിച്ചപ്പോൾ തുടങ്ങിയ പ്രശ്‌നമാണ് ഇപ്പോൾ രൂക്ഷമായിരിക്കുന്നത്. മോദി സർക്കാറിന്റെ ദലിത്ആദിവാസി വിരുദ്ധ നിലപാടുകളിൽ പ്രതികരിക്കാൻപോലും കഴിയാതെ ജാനു പൂർണമായും സംഘപരിവാർ പക്ഷത്തായെന്നാണ് ഗീതാനന്ദൻ വിഭാഗം പറയുന്നത്. നിലവിൽ ഗുതാനന്ദനെ അനുകൂലിക്കുന്നവർക്കാണ് സംഘടനയിൽ ഭൂരിപക്ഷം. അതുകൊണ്ടുതന്നെ ജാനു പുറത്തേക്കുള്ള വഴിയിലുമാണ്. പക്ഷേ ബിജെപി അനുഭാവികളായ ചിലരുടെ പിന്തുണയോടെ സംഘടനയെ തന്റെ വഴിക്കാക്കാനും ഇവർ നീക്കം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മുത്തങ്ങ ദിനമായ ഫെബ്രുവരി 19 നടക്കുന്ന പ്രസീഡിയം സംഘടനക്ക് നിർണ്ണായകമാണ്.

സംഘ്പരിവാർ ക്യാമ്പ് വിടണമെന്ന് സി.കെ. ജാനുവിനോട് ആവശ്യപ്പെടുമെന്ന് ആദിവാസി ഗോത്രമഹാ സഭ കോഓഡിനേറ്റർ ഗീതാനന്ദൻ കഴിഞ്ഞദിവസം കൽപ്പറ്റയിൽ ആവശ്യപ്പെട്ടിരുന്നു. മുത്തങ്ങ ദിനമായ ഫെബ്രുവരി 19ന് വയനാട്ടിൽ ഗോത്രമഹാസഭ രണ്ടാമത് പ്രസീഡിയം സമ്മേളനം ചേരും. ഈ സമ്മേളനത്തിൽ നിലവിലെ അധ്യക്ഷ എന്ന നിലയിൽ ജാനുവിനെ ക്ഷണിക്കും. ജാനുവിന്റെ സംഘ്പരിവാർ ബന്ധം സമ്മേളനം ചർച്ച ചെയ്യകയും സംഘ്പരിവാർ ബന്ധം ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്യം. ഇത് അംഗീകരിക്കാത്തപക്ഷം അവരെ അധ്യക്ഷ പദവിയിൽനിന്നു നീക്കുമെന്നും ഗീതാനന്ദൻ വിശദീകരിച്ചിരുന്നു.