മ്മുടെ പൊതുബോധത്തിൽ ഉറങ്ങി കിടക്കുന്ന ഒരു അപാർതൈട് വൈറസ് ഉണ്ട്, ജാതീയ വൈറസ് ഉണ്ട്, ജെണ്ടർ വൈറസ് ഉണ്ട്. അനുകൂല സാഹചര്യം കിട്ടിയാൽ അത് പ്രവർത്തിച്ചു തുടങ്ങും. നിർഭാഗ്യവശാൽ സി കെ ജാനു ദളിത് ആണ്, ആദിവാസിയാണ്. സ്ത്രീയാണ്. അതിനാൽ തന്നെ അനേകം വൈറസ് ആക്രമണ സാധ്യതയുള്ള ഒരു potential victim ആണ് അവർ. പൊതുവെ വാഹനം ഓടിച്ചു പോകുന്ന സ്ത്രീകളോട് ഒരു പുച്ഛം ഉള്ളവരാണ് നമ്മുടെ സമൂഹം. ബൈക്കോ, വല്ല ചെറിയ കാറോ ആണെങ്കിൽ ''ഓ, ഭർത്താവോ, അച്ഛനോ വാങ്ങി കൊടുത്ത വണ്ടിയാവും.., ഞെക്കി ഞെരക്കി പോകട്ടെ..'' എന്ന് പറഞ്ഞു പുരുഷ കേസരികൾ അവഗണിക്കും. പക്ഷെ ഒരു SUV വണ്ടിയും ഓടിച്ചു വരുന്ന ഒരു സ്ത്രീയെ നമ്മുടെ പുരുഷ കേസരികൾക്ക് സഹിക്കാൻ സാധിക്കില്ല. സികെ ജാനു ''അതീവ ആഡംബര'' വണ്ടിയായ ടൊയോട്ട എറ്റിയോസ് ഓടിക്കുന്നു എന്നതാണ് പ്രശ്‌നം. കുഞ്ഞാലികുട്ടിയെ പോലെ മാരുതി സെൻ വണ്ടിയുടെ മുതലാളിയായിരുന്നു എങ്കിൽ ഈ ബഹളം ഒന്നും ഉണ്ടാകുമായിരുന്നില്ല.

മുപ്പത്തോന്നായിരത്തിൽ അധികം കിലോമീറ്റർ നീളം വരുന്ന കേരളത്തിലെ റോഡുകളിൽ കൂടെ അധികാരത്തിൽ വന്നവരും, വരാത്തവരും ആയ എത്രയോ നേതാക്കൾ ആഡംബര, അത്യാഡംബര കാറുകളിൽ കറങ്ങി നടക്കുമ്പോൾ ആരാധനയോടെ നോക്കി നില്കൂന്ന നമ്മൾക്ക് പക്ഷെ സി കെ ജാനുവിന്റെ കാർ ഉണ്ടാക്കിയ അസ്വസ്ഥത വളരെ വലുതാണ്. ഒരു പൊതു പ്രവർത്തക എന്ന നിലയിൽ സി കെ ജാനു പബ്ലിക് ഓഡിറ്റിങിന് വിധേയയാണ്. (അധികാര രാഷ്ട്രീയത്തിന്റെ ഭാഗം അല്ലാത്ത, വയനാട്ടിലെ ആദിവാസി മേഖലയുടെ രാഷ്ട്രീയ ആവശ്യങ്ങളുടെ നേതാവായ അവരെ കേരളം മൊത്തത്തിൽ ഇരുന്നു ഓഡിറ്റ് കുറ്റിയിൽ കയറ്റുന്നതിന്റെ സാംഗത്യം അത് ചെയ്യുന്നവർ തീരുമാനിക്കട്ടെ). അവർ കാറ് വാങ്ങുന്നത് മാത്രമല്ല, സ്വകാര്യ സംഭാഷണങ്ങളിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ വളരെ വിഷമത്തോടെ സൂചിപ്പിക്കുന്ന ജാനുവിന്റെ ശരീര പുഷ്ടിയും കൂടെ അങ്ങ് ഓഡിറ്റ് ചെയ്യപെടട്ടെ. ഒരു ആദിവാസി നേതാവിന് ഇപ്പോൾ എങ്ങിനെ തൊലി വെളുത്ത് തുടങ്ങി എന്നും, തൊലി മിനുത്ത് തുടങ്ങി എന്നും പാർട്ടി ഭേതമെന്യ എല്ലാവരുടെയും ആശങ്കയാണല്ലോ. ജാനു തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഹാജരാക്കിയ സ്വത്ത് വിവരം, ആ രേഖകൾ പ്രകാരമുള്ള വരുമാനമാണോ അവർക്കുള്ളത് എന്നതും അന്വേഷിക്കട്ടെ.
പക്ഷെ.., ഈ ഓഡിറ്റ് ജാനുവിന് മാത്രം മതിയോ ?

നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടി നേതാക്കൾ ആരെങ്കിലും ഇലക്ട്രിക്ക് പോസ്റ്റിനു സ്റ്റേ വയർ കെട്ടുന്ന ജോലി പോലും ചെയ്യുന്നുണ്ട് എന്ന് തോന്നുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി പ്രവർത്തനം അല്ലാതെ എന്ത് ജോലിയാണ് ചെയ്തിട്ടുള്ളത്? വളരെ ദരിദ്ര സാഹചര്യത്തിൽ നിന്നും രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ പിണറായി വിജയന് പാർട്ടി നൽകുന്ന വേതനവും, രാഷ്ട്രീയ അധികാര സ്ഥാനത്ത് ഉള്ളതുകൊണ്ടുള്ള വേതനവും അല്ലാതെ മറ്റെന്ത് വരുമാനം ആണുള്ളത് അദ്ധേഹം തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്കു പ്രകാരം തന്നെ ഒരു കോടിക്ക് മുകളിൽ ആണ് ആസ്തി, അതും മുക്കാൽ ഏക്കർ വരുന്ന സ്ഥലത്തിന് എട്ടേമുക്കാൽ ലക്ഷം രൂപ എന്ന വളരെ കുറഞ്ഞ വിലയായതുകൊണ്ടാണ് ആസ്തി ഇത്ര കുറഞ്ഞു പോയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വെളിപ്പെടുത്തിയ സ്വത്ത് ഒന്നേകാൽ കോടിയാണ്. രണ്ടായിരത്തി മുന്നൂറു ചതുരശ്രയടി വലുപ്പമുള്ള വീടിനു 75 ലക്ഷമാണ് വില. വാഹനമൊട്ടില്ല താനും. രാഷ്ട്രീയ പ്രവർത്തനം, മന്ത്രിപ്പണി എന്നിവയല്ലാതെ പറയത്തക്ക എന്തെങ്കിലും ജോലി ഉമ്മൻ ചാണ്ടി ചെയ്തിട്ടില്ല.

ഒരു ചെറുകിട സ്വകാര്യ ഹിന്ദി കോളേജിൽ കുറച്ചു കാലം പഠിപ്പിച്ചു എന്നതല്ലാതെ രമേശ് ചെന്നിത്തല എന്ത് ജോലിയാണ് ചെയ്തിട്ടുള്ളത് ? പക്ഷെ ഒരു കോടി അറുപത്തി ഏഴു ലക്ഷം രൂപയാണ് ചെന്നിത്തലയുടെ ആസ്തി. അരയേക്കർ വരുന്ന വെറും മൂന്നര ലക്ഷം രൂപ വിലയുള്ള ഭൂമിയും കുറഞ്ഞ വിലയുള്ള രണ്ടു വീടും, ഒട്ടേറെ കെട്ടിടങ്ങളും രണ്ടേ മുക്കാൽ ലക്ഷം രൂപ വരുന്ന ഇന്നോവ, രണ്ടു ലക്ഷം രൂപ വില വരുന്ന പോളോ എന്നീ വാഹനങ്ങളും അടക്കമാണ് ഈ ''ന്യായ'' വില. മുൻ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന് വെറും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ വിലയുള്ള അരയേക്കർ ഭൂമിയും, രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ വിലയുള്ള 3000 ചതുരശ്ര അടി വിസ്താരമുള്ള വീടും ഉൾപ്പടെ 63 ലക്ഷത്തോളം രൂപയാണ് ആസ്തി.

നാല് ലക്ഷം രൂപ മാത്രം വിലയുള്ള ഒരേക്കർ സ്ഥലം ഉൾപ്പടെ ഇരുപതു ലക്ഷം രൂപയോളമാണ് ഓ രാജഗോപാലിന്റെ ആസ്തി. ഒരു മാരുതി സെൻ കാറ് മാത്രം ഉള്ള കുഞ്ഞാലിക്കുട്ടി പാരമ്പര്യമായി സമ്പന്നൻ ആണെങ്കിലും ഇൻഹെറിറ്റ് ചെയ്ത സ്വത്ത് കുറവാണ്. ഏക്കര് കണക്കിന് ഭൂമിയും കെട്ടിടങ്ങളും വളരെ കുറഞ്ഞ വിലയിൽ കിട്ടിയത് കാരണം കുഞ്ഞാലിക്കുട്ടിയുടെ ആസ്തി വെറും അഞ്ചര കോടിയിൽ ഒതുങ്ങി.
ഈ ലിസ്റ്റിൽ കുഞ്ഞാലിക്കുട്ടി ഒഴികെ ഒരാളും ജന്മനാ സമ്പന്ന കുടുംബാംഗങ്ങൾ ആയിരുന്നില്ല. എന്നിട്ട് പോലും ഇവരുടെ വാഹനങ്ങൾ, ആസ്തി എന്നിവയുടെ കാര്യത്തിൽ ആർക്കും ഓഡിറ്റ് വേണ്ട. രാഷ്ട്രീയ പ്രവർത്തനമല്ലാതെ ഇവർ മറ്റ് തൊഴിലുകൾ ഒന്നും ചെയ്യുന്നുമില്ല. എങ്ങിനെ ഒരു മാജിക് പോലെ ഇവരുടെ കയ്യിൽ ഇത്രയും സ്വത്തുക്കൾ വന്നു ചേർന്നു എന്ന ചോദ്യം ആരും ചോദിക്കുന്നില്ല, അതല്ലെങ്കിൽ ചോദിക്കാൻ ഭയപ്പെടുന്നു.

പൊതു പ്രവർത്തകർ എല്ലാം ഓഡിറ്റ് ചെയ്യപ്പെടേണ്ടവർ തന്നെയാണ്. എന്നാൽ അധികാര സ്ഥാപനങ്ങളുടെ ഭാഗമായവർ കൂടുതൽ ഓഡിറ്റ് ചെയ്യപ്പെടെണ്ടതുണ്ട്. സികെ ജാനു അധികാര രാഷ്ട്രീയത്തിന്റെ ഭാഗം ആവാത്ത/ ആവാൻ ഇതുവരെ സാധിക്കാത്ത ഒരാളാണ്. നേതൃത്വത്തെ ഭയപ്പെടുന്നവരും എതിർ രാഷ്ട്രീയ പാർട്ടിയുടെ നേതാവിനെ ഓഡിറ്റ് ചെയ്താൽ തന്റെ നേതാവും ചോദ്യം ചെയ്യപ്പെടും എന്ന് ഭയക്കുന്നവരും ആയ അണികളെ സംബന്ധിച്ച് ഏറ്റവും സുഖകരമായ ഒരു ജോലിയാണ് ആദിവാസി നേതാവിനെ ചോദ്യം ചെയ്യുക എന്നത്. അവർക്ക് മാസം വണ്ടിയുടെ അടവ് അടക്കാൻ പൈസ എവിടെ നിന്നും ഉണ്ടാക്കും എന്നതും ചോദിക്കാം. തങ്ങളുടെ നേതാവിന് നേരെ ആ ചോദ്യം ചോദിക്കാൻ ഉള്ള നട്ടെല്ല് ഇല്ലാത്തവർക്ക് ആകെയുള്ള ആശ്വാസം ഇതൊക്കെയാണ്.

ജാനു എൻഡിഎ മുന്നണിയിൽ ഉള്ളതിനാൽ അവർ ബീഫ് കൊലക്കും, കറൻസി നിരോധനത്തിനും ഉത്തരം പറയണം എന്നെത്രേ ചിലരുടെ ആവശ്യം! അവർ ആദിവാസി നേതാവല്ല, വെറും സംഘിയാണ് എന്നതാണ് ചില ഇടതുപക്ഷ സുഹൃത്തുക്കളുടെ കണ്ടെത്തൽ. എൻഡിഎ യിൽ ഒരു ദളിത്, സൗത്ത് ഇന്ത്യൻ ആദിവാസി വനിതയുടെ ഇരിപ്പിടം എവിടെയാണ് എന്നത് മനസ്സിലാക്കാൻ വേണ്ട നമ്മുടെ അധികാര രാഷ്ട്രീയത്തിന്റെ ഹൈരാർക്കിയെകുറിച്ച് ബോധ്യങ്ങൾ ഇല്ലാത്തതുകൊണ്ടല്ല ഈ ആവശ്യങ്ങൾ പലരും ഉന്നയിക്കുന്നത്. എൻഡിഎ ബന്ധം ആണ് എങ്കിൽ അവരുമായി അധികാരം പങ്കിടുന്ന എൻസിപിയെ മുന്നണിയിൽ കൂട്ടി അവരുമായി മന്ത്രി സഭാ യോഗം കൂടുന്ന പിണറായി വിജയൻ ആവണമല്ലോ മൂത്ത സംഘി? അപ്പോൾ പ്രശ്‌നം വേറെ എന്തോ ആണ്. ഒരു പക്ഷെ കറുത്ത ഒരു ആദിവാസി പെണ്ണ് അല്പം വലുപ്പമുള്ള ഒരു കാർ ഓടിക്കുന്നത് കാണുമ്പോൾ ഉള്ള പൈൽസിന്റെ അസുഖം. അതിനേക്കാൾ വലിയ ഡെക്കറേഷൻ ഒന്നും ഈ അസുഖത്തിനു പേരില്ല.

കർഷക ആത്മഹത്യയെ കുറിച്ചുള്ള സി കെ ജാനുവിന്റെ മറുപടിയോടുള്ള അസഹിഷ്ണുത കണ്ടാൽ സി.പി.എം കേരളത്തിൽ ഇപ്പോഴും കർഷക ആത്മഹത്യ നടക്കുന്നുണ്ട് എന്ന് വാദിക്കുന്നു എന്നാണു തോന്നുക. സ്‌പെസിഫിക് ആയി വയനാട്ടിലെ കർഷക ആത്മഹത്യയെ കുറിച്ചാണ് ചോദിച്ചത്. അവർ അവരുടെ ഒരു അനുഭവം പറഞ്ഞു. സത്യമോ, നുണയോ ആവാം. പക്ഷെ അവർ രാഷ്ട്രീയമായി മുതലെടുക്കാൻ ഉള്ള വിരുത് ഇല്ലാത്ത ഒരാളാണ് എന്നാണു മനസ്സിലാകുന്നത്. കേരളത്തിലെ കർഷക ആത്മഹത്യയെ കുറിച്ച് പൊതു ജനത്തിന് വിശദീകരണം നൽകാൻ ഇടത്, ഐക്യ മുന്നണികൾ ആണ് ബാധ്യസ്ഥർ. അത് ജാനുവിന്റെ നിർബന്ധിത ബിസിനസ്സ് അല്ല.

അതല്ലെങ്കിലും സ്വന്തം പേരിൽ വണ്ടിയില്ലാത്ത മുഖ്യമന്ത്രി, മുൻ വിപ്ലവ മുഖ്യമന്ത്രി, പഴയ മാരുതി സെൻ വണ്ടി മാത്രമുള്ള മുൻ മന്ത്രിയും നിലവിലെ എംപിയും ഒക്കെ ഉള്ള നാട്ടിൽ കാറ് വേറെ ആരുടെയെങ്കിലും പേരിൽ എടുത്തിരുന്നു എങ്കിൽ ഈ പൊല്ലാപ്പ് ഒന്നും ഉണ്ടാകുമായിരുന്നില്ല.

(നാസർ കുന്നുംപുറത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതാണ് ഈ കുറിപ്പ്)