കൊച്ചി: സുൽത്താൻ ബത്തേരിയിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ജാനു ഇറങ്ങുന്നു എന്ന വാർത്തകൾ വന്നപ്പോൾ തന്നെ ഇതിനെകുറിച്ചു വലിയ ചർച്ചകൾക്കു കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വൻ ചർച്ചയായിരുന്നു. ആദിവാസി നേതാവ് ജാനു ബിജെപി യുടെ ഘടകവുമായി ചേർന്നു മത്സരിക്കുന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിമാറി. വലിയ പ്രചാരണ പരിപാടികളാണ് ബിജെപി മണ്ഡലത്തിൽ ഉടനീളം നടത്തിയത്.ആദിവാസികൾക്കിടയിൽ ഗോത്രഭാഷയിൽ വോട്ട് ചോദിച്ച് ജാനു നടത്തിയ പ്രചാരണ പരിപാടികളും വാർത്തകളിൽ നിറഞ്ഞു. സുരേഷ് ഗോപി അടക്കം ജാനു വിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു.

എന്നാൽ ഈ ആവേശമോ, തരംഗമോ തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടില്ല. ഇവിടെ ഐസി ബാലകൃഷ്ണൻ 11198 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചുവെന്ന് മാത്രമല്ല, രണ്ടാം സ്ഥാനം ലഭിച്ച രുക്മിണി സുബ്രഹ്മണ്യനു ലഭിച്ച വോട്ടിന്റെ.പകുതി പോലും ലഭിച്ചില്ല. 27920 വോട്ടാണ് ജാനു സുൽത്താൻ ബത്തേരിയിൽ സ്വന്തമാക്കിയത് . ഈ തോൽവി അംഗീകരിച്ച ജാനു കേരളത്തിലെ എൻഡിഎ മുന്നണിക്കൊപ്പം നിന്ന് ഭാവി പ്രവർത്തനം നടത്തുമെന്നു മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ഭാവിയിൽ ആദിവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം തേടിയുള്ള വലിയ സമരങ്ങൾ വീണ്ടും ഉണ്ടാകുമെന്നും ജാനു പറയുന്നു.

തെരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയേ കുറിച്ച് പരിശോധിക്കും, അതിനുള്ള കാരണങ്ങൾ തെരഞ്ഞെടുപ്പ് അവലോകന യോഗം കഴിഞ്ഞേ അറിയാൻ സാധിക്കുവെന്നും ജാനു മറുനാടനോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മുന്നാം സ്ഥാനത്തു എത്തിയത് അപ്രതീക്ഷിതമായി തോന്നി. ആദ്യഘട്ടം മുതൽ വിജയപ്രതീക്ഷകൾ ഉണ്ടായിരുന്നു. പക്ഷെ ഫലം മറിച്ചായി. എങ്കിലും പരാജയം കണക്കിലെടുത്തു എൻഡിഎ വിട്ടു പോകില്ല. ആദിവാസികൾക്കായി ഭൂസമരം അടക്കമുള്ള സമരങ്ങളുമായി മുന്നോട്ടുപോകും. നവജാത ശിശു മരിച്ച സംഭവത്തിൽ ആദിവാസി ഊരുകൾ സന്ദർശിച്ച കേന്ദ്ര മന്ത്രി ഒരു ഉറപ്പും നൽകിയില്ല. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനു ശേഷം തോൽക്കാനുണ്ടായ കാര്യങ്ങൾ വിശദികരിക്കാമെന്നും സികെ ജാനു മറുനാടൻ മലയാളിയോട് പറഞ്ഞു.

സുൽത്താൻ ബത്തേരിയിൽ സികെ ജാനുവിന്റെ സ്ഥർത്ഥിത്വം ദേശിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 2011 ലെ നിയമസഭാ ഇലക്ഷനിൽ ഇവിടെ ബിജെപിക്ക് ലഭിച്ച വോട്ടിനെക്കാൾ ഇരുപതിനായിരത്തിന്റെ അടുത്ത് വോട്ടുകൾ കൂടുതൽ പിടിക്കാൻ സാധിച്ചു എന്നൊഴിച്ചാൽ ജാനുവിന് ബിജെപി ദേശിയ നേതൃത്വം കണക്കുകുട്ടിയതുപോലെ വലിയ ഒരു അട്ടിമറി ഇവിടെ നടത്താൻ സാധിച്ചില്ല. എങ്കിലും ജാനുവിനെ എൻഡിഎയുടെ പ്രധാന മുഖമായി നിലനിർത്താനാണ് തീരുമാനം.

24,583 വോട്ടുകളാണ് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിൽ ബിജെപി് സഖ്യത്തിന് ലഭിച്ചത്. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ 27,920 വോട്ടാണ് ജാനുവിന് നേടാൻ കഴിഞ്ഞത്. അധികമായി ലഭിച്ചത് 3,337 വോട്ടുകൾ മാത്രം. ഇത്തവണ ബിജെപിയും ബിഡിജെഎസും കൂടാതെ ജാനുവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ജനാധിപത്യ രാഷ്ട്രീയസഭയും ചേർന്നാണ് എൻഡിഎ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയത്. രണ്ടു കേന്ദ്രമന്ത്രിമാരടക്കം പ്രചാരണത്തിനെത്തിയിട്ടും പ്രതീക്ഷിച്ചത്ര മുന്നേറ്റമുണ്ടാക്കാൻ സി കെ ജാനുവിന് കഴിഞ്ഞില്ല.

സുൽത്താൻ ബത്തേരിയിൽ ശക്തമായ ത്രികോണ മൽസരത്തിന്റെ പ്രതീതി ജനിപ്പിച്ചാണ് മുത്തങ്ങ സമരനായിക സി കെ ജാനു മൽസരരംഗത്തേക്ക് വന്നത്. ആദിവാസി, ദലിത് വിഭാഗങ്ങളുടെ വോട്ട് എൻഡിഎയിലേക്ക് കേന്ദ്രീകരിക്കുന്നതും ഹൈന്ദവ വോട്ടുകളുടെ ഏകോപനവും യുഡിഎഫിന് കനത്ത തിരിച്ചടിയാവുമെന്നുമായിരുന്നു വിലയിരുത്തൽ. എന്നാൽ, 11,198 വോട്ടിന്റെ ഭൂരിപക്ഷത്തിന്് യുഡിഎഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണൻ ഇവിടെ ജയിച്ചു. സിറ്റിങ് എംഎൽഎ ഐ സി ബാലകൃഷ്ണന്റെ ഭൂരിപക്ഷം മുൻവർഷത്തേക്കാൾ ഉയർന്നു.