തിരുവനന്തപുരം: എൻസിപി നേതാവ് എകെ ശശീന്ദ്രൻ എംഎൽഎ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്. ഗവർണർ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ മറ്റ് മന്ത്രിമാരും എംഎൽഎമാരും എൻസിപി നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. ഫോൺകെണിയിൽ കുടുങ്ങി മന്ത്രിസ്ഥാനം നഷ്ടമായ ശശീന്ദ്രന്റെ രണ്ടാമൂഴത്തിൽ രാജ്ഭവൻ ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മന്ത്രിമാരും എംഎൽഎമാരും ശശീന്ദ്രനെ അഭിനന്ദിച്ചു. എൽഡിഎഫ് കൺവീനൻ വൈക്കം വിശ്വൻ, സിപിഎം സിപിഐ നോതാവ് കാനം രാജേന്ദ്രൻ തുടങ്ങിയ നോതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. അതേസമയം പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്‌ക്കരിച്ചു. ഗതാഗത വകുപ്പ് തന്നെയാകും ശശീന്ദ്രന് ലഭിക്കുക.

കടംകയറി മുടിഞ്ഞ കെഎസ്ആർടിസിയെ രക്ഷിക്കാൻ ഉതകുന്ന നടപടിയുമായി മുന്നോട്ടു പോകുകയാണ് ഇനി ശശീന്ദ്രൻ ചെയ്യേണ്ടി വരിക. കെഎസ്ആർടിസി പ്രതിസന്ധി വലിയ കടമ്പയാണെന്ന് സ്ഥാനമേറ്റ ശേഷം ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഫോൺ കെണി കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ ഇപ്പോൾ അഭിപ്രായം പറയാനില്ലെന്ും അദ്ദേഹം വ്യക്തമാക്കി.

കായൽ കൈയേറ്റ ആരോപണത്തിൽ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതിനെ തുടർന്ന് എൻസിപിക്ക് മന്ത്രിയില്ലാത്ത അവസ്ഥയായിരുന്നു. ചാണ്ടി ഭരിച്ചിരുന്ന ഗതാഗത വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയും ചെയ്തു. ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺകെണി കേസിൽ പരാതിക്കാരി പിൻവലിഞ്ഞതോടെ കോടതിയിൽ നിന്നും ക്ലീൻചിറ്റ് ലഭിച്ചതാണ് ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനത്ത് തിരികെ വരാൻ അവസരം ഒരുങ്ങിയത്.

പിണറായി വിജയൻ സർക്കാർ രൂപീകരണ വേളയിൽ മന്ത്രിയായിരുന്ന ശശീന്ദ്രൻ അശ്ലീല സംഭാഷണത്തിലേർപ്പെട്ടുവെന്ന ആക്ഷേപത്തെ തുടർന്നാണു 2017 മാർച്ച് 26ന് രാജിവച്ചത്. ജുഡീഷ്യൽ കമ്മിഷനും കോടതിയും കുറ്റവിമുക്തനാക്കിയതിനെ തുടർന്നാണു പുനഃപ്രവേശം. കേസ് സിജെഎം കോടതി തീർപ്പാക്കിയതിനെതിരെ ഹൈക്കോടതിയിൽ സ്വകാര്യ ഹർജി ബുധനാഴ്ച സമർപ്പിക്കപ്പെട്ടിട്ടുണ്ട്. എന്തായാലും ഇതും ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തിന് തടസമായില്ല.

ഒരേ മന്ത്രിസഭയിൽ രണ്ടാമതും മന്ത്രിയാകുക എന്നത് അപൂർവമാണ്. ഈ നേട്ടമാണ് അവിചാരിതമായെങ്കിലും ശശീന്ദ്രന് കൈവന്നിരിക്കുന്നത്. മുന്നണി മര്യാദയുടെ അടിസ്ഥാനത്തിൽ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിൽ എടുക്കുമ്പോഴും, ഇത്തരത്തിലുള്ള വിഷയങ്ങളിൽ കടുത്ത ജാഗ്രത പുലർത്തണമെന്നും ഇനിയൊരു വിവാദത്തിൽപെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ശശീന്ദ്രന് താക്കീത് നൽകിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

വകുപ്പിൽ കൃത്യമായി ശ്രദ്ധിച്ച് നഷ്ടപ്പെട്ട പ്രതിഛായ അതിവേഗം തിരിച്ചുപിടിക്കണമെന്ന സന്ദേശമാണ് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും നൽകിയത്. തേൻകെണി വിവാദം സിപിഎം സമ്മേളനങ്ങളിലും വൻ ചർച്ചയായതോടെ പ്രതിഛായ മെച്ചപ്പെടുത്തിയില്ലെങ്കിൽ അടുത്തതവണ മൽസരിക്കാൻ സീറ്റുണ്ടാവില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാനേതൃത്വവും അനൗദ്യേഗികമായി എൻ.സി.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അടുത്ത തവണ മത്സരിക്കാൻ ഉണ്ടാകില്ലെന്ന ബോധ്യത്തിൽ തന്നെയാണ് ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാൻ പിണറായി സമ്മതം മൂളിയതും.

അരനൂറ്റാണ്ടോളം നീണ്ട പൊതുജീവിതത്തിൽ കാര്യമായ അഴിമതി ആരോപണംപോലും ഉണ്ടായിട്ടില്ല. എംഎൽഎയായിരിക്കുമ്പോൾ അദ്ദേഹം കെ.എസ്.ആർ.ടി.സി ബസ്സിലും ഓട്ടോയിലുമാണ് സ്ഥിരമായി യാത്രചെയ്തിരുന്നത്. ഈ ലാളിത്യം മന്ത്രിയായിരുന്നപ്പോഴും തുടർന്നു. എത് നിമിഷവും ഫോണിൽ ലഭ്യമാവുമെന്നതാണ് ശശീന്ദ്രന്റെ ഏറ്റവും വലിയ പ്രത്യേകത. മിസ്സ്ഡ് കാൾ കണ്ട് തിരിച്ചുവിളിക്കുന്ന മന്ത്രി തിരുവനന്തപുരത്തെ പത്രക്കാർക്കും അത്ഭുതമായിരുന്നു.

കെ.എസ്.യുവിലൂടെയും യൂത്ത്കോൺഗ്രസിലൂടെയും രാഷ്ട്രീയ രംഗത്തുവന്ന ശശീന്ദ്രൻ, എ.കെ ആന്റണിയും വയലാർ രവിയുമടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. 80കളിൽ കോൺഗ്രസ് എസ്സിലൂടെയാണ് ഇദ്ദേഹം ഇടതുപാളയത്തിൽ എത്തുന്നത്. പിന്നീട് എൻ.സി.പിയിലേക്ക് മാറിയപ്പോഴും അദ്ദേഹം ഇടതുബന്ധം പുലർന്നു. കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ കോട്ടയായ എലത്തുർ മണ്ഡലം പാർട്ടി ശശീന്ദ്രന് വിട്ടുനൽകിയതിന്റെ പിന്നിലും മുന്നണി മര്യാദയേക്കാളുപരി വ്യക്തിബന്ധങ്ങളുടെ തിളക്കമായിരുന്നു.മണ്ഡലത്തിലെ സിപിഎം നേതാക്കളുമായി വളരെ നല്ല ബന്ധം പുലർത്താൻ ശശീന്ദ്രൻ ശ്രദ്ധിച്ചതുകൊണ്ട്, ഒരു പാർട്ടി എംഎൽഎയുടെ അതേ പരിഗണന തിരിച്ചും കിട്ടിയിരുന്നു.

2006ൽ കോഴിക്കോട് ജില്ലയിലെ എൽ.ഡി.എഫിന്റെ ഷുവർ സീറ്റുകളിൽ ഒന്നായ ബാലുശ്ശേരിയിൽനിന്നാണ് ശശീന്ദ്രൻ ജയിച്ചത്.അതിനുമുമ്പ് കോൺഗ്രസ് എസ് നേതാവും മുന്മന്ത്രിയുമായ എ.സി ഷൺമുഖദാസ് തുടർച്ചയായി ജയിച്ച മണ്ഡലമായിരുന്നു ഇത്.ഇവിടെ കോൺഗ്രസ് എസിനും എൻ.സി.പിക്കും കാര്യമായ വേരുകൾ ഇല്ലെങ്കിലും സിപിഎമ്മിന്റെ വോട്ടുകൾ തന്നെയാണ് ഇവരെ ജയിപ്പിച്ചത്.2011ൽ മണ്ഡല പുനർ നിർണ്ണയംവരികയും ബാലുശ്ശേരി സംവരണ മണ്ഡലമാവുകയും ചെയ്തയോടെയാണ്, പുതുതായി രൂപീകൃതമായ എലത്തൂരിലേക്ക് ശശീന്ദ്രൻ ചുവടുമാററിയത്.2011ലും 2016ലുമായി തുടർച്ചയായി രണ്ടുതവണയും അദ്ദേഹം നല്ല ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു.