കൊച്ചി: ഇനിയൊരു തോൽവി ടീമിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിടും എന്ന സാഹചര്യത്തിൽ കഴിഞ്ഞ മൽസരത്തിൽ നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ പറക്കും ഗോളോടെ ടീമിനെ വിജയത്തിലേക്ക് നയിച്ച താരമാണ് സി.കെ.വിനീത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കുന്തമുനയായ വിനീതിന്റെ ആ ഒരു ഗോളിനെ 2014 ലോകകപ്പിൽ സ്പെയിനിനെതിരെ നെതർലൻഡ്സിന്റെ ഇതിഹാസ താരം റോബിൻ വാൻ പേഴ്‌സി നേടിയ ഹെഡറിനോട് സാമ്യമുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ആ പറക്കും ഗോളിനെ ഐഎസ്എൽ അഞ്ചാം ആഴ്‌ച്ചയിലെ ഗോൾ ഓഫ് ദ വീക്ക് പുരസ്‌കാരത്തിന് അർഹമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. നാല് താരങ്ങൾക്കൊപ്പമാണ് വിനീത് ഈ നേട്ടം സ്വന്തമാക്കാൻ മത്സരിക്കുന്നത്. എന്നാൽ ഇതുവരെയുള്ള ആരാധകരുടെ വോട്ടെടുപ്പിൽ വിനീത് തന്നെയാണ് മുന്നിൽ.

മലയാളി താരം റിനോ ആന്റോ 23-ാം മിനുറ്റിൽ വലതുമൂലയിൽ നിന്നുയർത്തിയ ക്രോസാണ് വിനീത് പറക്കും ഹെഡറിലൂടെ ഗോളാക്കി മാറ്റിയത്. ബംഗളുരു എഫ്സി ചെന്നൈയിൻ മത്സരത്തിൽ നിന്നുള്ളതാണ് പട്ടികയിലെ രണ്ടു ഗോളുകൾ. കളിയുടെ അവസാനനിമിഷത്തിൽ ചെന്നൈയിന് വിജയം സമ്മാനിച്ചു കൊണ്ട് ധനപാൽ ഗണേശ് നേടിയ ഗോളും ബംഗളുരുവിനായി സുനിൽ ഛേത്രി നേടിയ ഗോളും മികച്ച ഗോളുകളുടെ കൂട്ടത്തിലുണ്ട്. എഫ് സി ഗോവ ഡൽഹി ഡൈനാമോസിന്റെ 5-1ന് തകർത്ത് വിട്ട മത്സരത്തിൽ ഗോവൻ താരങ്ങളായ മാനുവൽ ലാൻസറോട്ടയും അഡ്രിയാൻ കൊലുംഗയും നേടിയവയാണ് പട്ടികയിലെ മറ്റു ഗോളുകൾ.

കഴിഞ്ഞ ആഴ്‌ച്ച നടന്ന തെരഞ്ഞെടുപ്പിൽ ബ്ലാസ്റ്റേഴ്സ് താരം സിഫ്നിയോസ് ആണ് മികച്ച ഗോൾ നേടിയ താരമായി തെരഞ്ഞെടുത്തത്.ഗോളടിച്ച് ടീമിന്റെ വിജയശിൽപ്പിയായ വിനീത് ട്വിറ്ററിൽ ഇങ്ങിനെയാണ് കുറിച്ചത്. വിലയലേറിയ മൂന്ന് പോയിന്റുകൾ ഇന്ന് സ്വന്തമാക്കി. സ്‌കോർഷീറ്റിലെത്താൻ സാധിച്ചതിൽ സന്തോഷം. പക്ഷെ ഇനിയും ഒരുപാട് ജോലിയുണ്ട്. പഠിക്കാനും മെച്ചപ്പെടുത്താനും ഇനിയുമുണ്ട്. തങ്ങളിൽ വിശ്വാസം കൈവിടാത്ത ആരാധകർക്ക് നന്ദി. വിനീത് വ്യക്തമാക്കി.