കൊച്ചി: ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിൽ വിജയിക്കുന്നതിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾ കേട്ടിരുന്നു. എന്നാൽ, സി കെ വിനീത് നേടിയ സൂപ്പർഗോളിൽ ഈ പരിഭവമെല്ലാം അലിഞ്ഞു പോയി. കലിപ്പടിക്കണം, കപ്പടിക്കണം എന്നു പാടുന്നതല്ലാതെ ബ്ലാസ്റ്റേഴ്സ് എന്താ ഗോളടിക്കാത്തതെന്നായിരുന്നു ഈ ഗോളിന് മുമ്പു വരെ പലരും ചോദിച്ചത്. എന്തായാലും ഗോളടിച്ച് വിജയിച്ചതോടെ വിനീതും ആവേശത്തിലാണ്.

ഇതിനിടെ ചിലരുടെ വിമർശനങ്ങൾ അതിരുകടയ്ക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഒരു ആരാധകന്റെ പരിഹാസത്തിന് മറുപടി നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം വിനീത്. വെള്ളിയാഴ്‌ച്ചത്തെ മത്സരത്തിന് മുന്നോടിയായി വിനീത് തന്റെ ഒരു ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഞങ്ങൾ പുതിയ ഊർജത്തോടെ തുടങ്ങുന്നുവെന്ന കുറിപ്പോടെയായിരുന്നു ഈ ട്വീറ്റ്.

എന്നാൽ ഒരു ആരാധകന് ഇതത്ര രസിച്ചില്ല. ലാസ്റ്റ് കളി വരെ ഇങ്ങിനെ ട്വീറ്റ് ചെയ്യണമെന്നും ഭയങ്കര ആത്മവിശ്വാസം തന്നെയാണെന്നുമായിരുന്നു ഈ ആരാധകന്റെ പരിഹാസം. ഇതിനാണ് വിനീത് മറുപടി നൽകിയത്. ഇത് ആത്മവിശ്വാസമല്ലെന്നും നിന്നെപ്പോലെയല്ലാത്ത ലക്ഷക്കണക്കിന് ആരാധകർ കൂടെയുണ്ടെന്നുമുള്ള അഹങ്കാരമാണെന്നുമായിരുന്നു വിനീതിന്റെ ട്വീറ്റ്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിൽ വിനീതിന്റെ മനോഹര ഗോളിലാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യം വിജയം കൂടിയായിരുന്നു അത്.