- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യ പരിശോധന നടത്തണം; ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഇഡിയെ അറിയിച്ച് സി എം രവീന്ദ്രൻ; അസൗകര്യം അറിയിച്ചു ഇഡിക്ക് മെയിൽ അയച്ചു; രണ്ട് ദിവസത്തെ സാവകാശം ചോദിച്ചതായി സൂചന; ഇഡി ഇന്ന് ചോദ്യം ചെയ്യാനിരുന്നത് വിവാദമായ ലൈഫ് മിഷൻ, ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നൽകിയ പല കരാറുകൾ തുടങ്ങിയ വിഷയങ്ങൾ
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. കോവിഡ് രോഗബാധ ഭേദമായ ശേഷമുള്ള ചികിത്സയുടെ ഭാഗമായുള്ള വൈദ്യപരിശോധന നടത്തേണ്ടതിനാൽ ഇന്ന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് രവീന്ദ്രൻ അറിയിച്ചതിനെ തുടർന്നാണ് മൂന്നാം ദിവസത്തെ ചോദ്യം ചെയ്യൽ ഒഴിവായത്. കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് കേസുകളിൽ അന്വേഷണം നേരിടുകയാണ് രവീന്ദ്രൻ.
വൈദ്യപരിശോധന മുടക്കാനാകില്ലെന്ന് അറിയിച്ചാണ് രവീന്ദ്രൻ ചോദ്യംചെയ്യലിൽ നിന്ന് ഒഴിവ്തേടിയത്. ഈ ആവശ്യം ഇ.ഡി അനുവദിക്കുകയായിരുന്നു.ഇന്ന് 10 മണിയോടെ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്താനായിരുന്നു രവീന്ദ്രനോട് എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടത്. എന്നാൽ ഇന്ന് രാവിലെ ഒൻപതോടെ എത്താൻ അസൗകര്യം അറിയിച്ച് രവീന്ദ്രൻ ഇ.ഡിക്ക് മെയിൽ ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ട് ദിവസം കൂടി രവീന്ദ്രൻ ചോദിച്ചതായാണ് വിവരം.
മുൻപ് രണ്ട് ദിവസം എൻഫോഴ്സ്മെന്റ് അധികൃതർ സി.എം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.സ്വർണക്കടത്ത് കേസിലെ പ്രതികൾ ചോദ്യം ചെയ്യലിൽ നൽകിയ മൊഴികളും കേസിലെ തെളിവുകളും അടിസ്ഥാനമാക്കിയാണ് രവീന്ദ്രനെ രണ്ട് ദിവസവും ഇ.ഡി ചോദ്യം ചെയ്തത്. ലൈഫ് മിഷൻ, വിവിധ സർക്കാർ പദ്ധതികൾ, ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നൽകിയ പല കരാറുകൾ, വിവിധ പദ്ധതികളുമായി ബന്ധമുള്ള നിക്ഷേപകർ ഇവരുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോദ്യം ചെയ്യലിലുണ്ടായിരുന്നത്.
ആദ്യം മൂന്ന് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും രവീന്ദ്രൻ കോവിഡ് രോഗബാധിതനായതിനാലും തുടർന്ന് ചികിത്സയിലായതിനാലും എത്താനാകില്ലെന്ന് അറിയിച്ചിരുന്നു. നാലാം തവണ ഇ.ഡി നോട്ടീസ് നൽകിയ ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരായത്. അതേസമയം രവീന്ദ്രനെതിരേ ഇ.ഡി.ക്ക് പുതിയ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന.
എം. ശിവശങ്കറിനു പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് സി.എം. രവീന്ദ്രൻ വിളിക്കാറുണ്ടായിരുന്നെന്നും വിസ സ്റ്റാമ്പിങ്ങും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായും ബന്ധപ്പെട്ടായിരുന്നു ഇതെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. ഇതുതന്നെ സ്വപ്ന ആവർത്തിക്കുകയായിരുന്നു.
നേരത്തെ സി.എം രവീന്ദ്രന്റെ വിദേശയാത്രകൾ, സ്വർണക്കടത്തിലും ബിനാമി ഇടപെടലുകളിലും അദ്ദേഹത്തിന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി ചോദിച്ചറിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം. വിദേശയാത്രകളുടെ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ രേഖകളൊന്നും അദ്ദേഹം ഹാജരാക്കിയിരുന്നില്ല. ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് കൂടുതൽ സമയം ഇടവേളകൾ നൽകിയാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. ഇ.ഡി. ചോദ്യം ചെയ്യുമ്പോൾ അതിന്റെ ദൈർഘ്യം പരിമിതപ്പെടുത്താൻ നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട് സി.എം. രവീന്ദ്രൻ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ