- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങളൊന്നും വിശ്വസ്തനെ കൈവിടാൻ കാരണമല്ല; സിഎം രവീന്ദ്രനെ പേഴ്സണൽ സ്റ്റാഫിൽ നിലനിർത്തി മുഖ്യമന്ത്രി; എൻ. പ്രഭാവർമ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറിയായി തുടരും; പി എം മനോജ് പ്രസ് സെക്രട്ടറി; മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി
തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിന്റെ തുടർച്ചയായി ചോദ്യം ചെയ്യപ്പെട്ട സിഎം രവീന്ദ്രനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങനെ നിയമിച്ചു കൊണ്ട് സർക്കാർ ഉത്തരവിട്ടപ്പോൾ രവീന്ദ്രൻ ഈ ലിസ്റ്റിലും ഇടംപിടിച്ചു. കഴിഞ്ഞ തവണ ഉണ്ടായിരുന്ന പേഴ്സണൽ സ്റ്റാഫുകളിൽ പലരെയും നിലനിർത്തിയിടടുണ്ട്. ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എംസി ദത്തനെ സയൻസ് വിഭാഗം മെന്റർ എന്ന നിലയിലാണ് നിലനിർത്തിയിരിക്കുന്നത്.
എൻ. പ്രഭാവർമ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറിയായി. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. പി എം മനോജാണ് ഇത്തവണയും പ്രസ് സെക്രട്ടറി. അഡ്വ എ രാജശേഖരൻ നായർ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാണ്. സിഎം രവീന്ദ്രൻ, പി ഗോപൻ, ദിനേശ് ഭാസ്കർ എന്നിവരാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ. എ സതീഷ് കുമാർ, സാമുവൽ ഫിലിപ്പ് മാത്യു എന്നിവർ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ്.
വി എം സുനീഷാണ് പേഴ്സണൽ അസിസ്റ്റന്റ്. ജികെ ബാലാജി അഡീഷണൽ പിഎയാണ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുൻ രാജ്യസഭാംഗവുമായ കെകെ രാഗേഷിനെ നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. പുത്തലത്ത് ദിനേശൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടരാനും നേരത്തെ തീരുമാനിച്ചിരുന്നു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പൊതുവായ മാനദണ്ഡം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ, ഇതൊന്നും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ കാര്യത്തിൽ ബാധമായിട്ടില്ല. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പാർട്ടി നേതാക്കളെ തന്നെ നിയമിക്കാനാണ നേരത്തെ തീരുമാനിച്ചത്.
പ്രൈവറ്റ് സെക്രട്ടറിമാരെ പാർട്ടിയിൽ നിന്ന് തന്നെ നിയമിക്കും. ഇതിന് പുറമെ പേഴ്സണൽ സ്റ്റാഫിലും പാർട്ടി അംഗങ്ങളിൽ നിന്ന് നിയമനം മതിയെന്നാണ് തീരുമാനം. പാർട്ടിയുടെ അനുമതിയോടെ മാത്രമേ നിയമനങ്ങൾ നടത്താൻ പാടുള്ളു എന്ന കർശന നിർദ്ദേശമുണ്ട്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം വർധിപ്പിക്കേണ്ടതില്ലാണ് തീരുമാനം. നിലവിലെ അംഗസംഖ്യയായ 25 തന്നെ തുടരും. ഡെപ്യൂട്ടേഷനിൽ വരുന്നവരുടെ പരമാവധി പ്രായപരിധി 51 ആക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ