മൂന്നാമിടമെന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ആന്റണി സോണി തന്റെ ആദ്യ ചലച്ചിത്രമായ c/o സൈറാ ബാനുവിലൂടെയും ആ പ്രതീക്ഷ തെറ്റിച്ചില്ല. സൈറാ ബാനുവും മകൻ ജോഷ്വ പീറ്ററും തമ്മിലുള്ള ബന്ധവും സ്നേഹവും അവതരിപ്പിക്കുന്ന സിനിമയിൽ സമകാലീന സംഭവങ്ങൾ കഥാസന്ദർഭങ്ങളായി ആസ്വാദ്യകരമാം വിധം അവതരിപ്പിക്കുന്നതിൽ സംവിധായകൻ ആന്റണി സോണിയും തിരക്കഥാകൃത്തുകളും വിജയിച്ചിരിക്കുന്നു. മഞ്ജു വാരിയരുടെ തിരിച്ചുവരവിലെ സിനിമകൾക്ക് സമാനമായി c/o സൈറാ ബാനുവിന്റെ കഥയും സ്ത്രീ കേന്ദ്രീകൃതമാണ്.

സിനിമയുടെ ആദ്യ പകുതി സൈറാ ബാനുവിന്റെയും മകൻ ജോഷ്വാ പീറ്ററിന്റെയും നിത്യജീവിതത്തിലെ രസകരമായ സംഭവവികാസങ്ങൾ അവതരിപ്പിക്കുമ്പോൾ രണ്ടാം ഭാഗം കഥയെ മറ്റൊരു ദിശയിലേക്ക് കൊണ്ടുപോകുന്നു. ഒരു അമ്മയുടെയും മകന്റെയും ആനന്ദകരമായ ജീവിതത്തിൽ കരിനിഴൽ പരത്തികൊണ്ട് നടക്കുന്ന സംഭവങ്ങൾ പ്രേക്ഷകരെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നു. നിയമക്കുരുക്കിലകപ്പെടുന്ന ജോഷ്വയെ രക്ഷിക്കാനുള്ള പോസ്റ്റ് വുമണായ സൈറയുടെ നെട്ടോട്ടവും അതിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്. സ്വന്തം മകന് വേണ്ടിയും വളർത്തുമകനു വേണ്ടിയും പൊരുതുന്ന രണ്ട് അമ്മമാരുടെ കഥയായി ചിത്രം മാറുന്നു.

നമ്മുടെ സമൂഹത്തിൽ ആൾബലവും സാമ്പത്തികശേഷിയും സ്വാധീനവുമില്ലാത്തവർക്ക് നീതി ലഭ്യമാക്കുന്നതിൽ നമ്മുടെ വ്യവസ്ഥിതിയിലുള്ള ദൗർബല്യങ്ങൾ വരച്ചുക്കാട്ടുന്നു c/o സൈറാ ബാനു. അതോടൊപ്പം യാതൊരു രേഖകളുമില്ലാതെ നമ്മുടെ സംസ്ഥാനത്തെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ, ചുംബന സമരം തുടങ്ങിയ സമകാലീന സംഭവങ്ങളും സിനിമയ്ക്ക് പ്രമേയമാകുന്നുണ്ട്.

ഇർഫാനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കിസ്മത്തിലൂടെ സിനിമാ രംഗത്തെത്തിയ ഷെയ്ൻ നിഗം, ജോഷ്വാ പീറ്ററുടെ വേഷത്തിൽ ഏറെ പ്രതീക്ഷ നൽകുന്നു. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിനിമാരംഗത്തേക്ക് തിരിച്ചെത്തിയ അമല ഡബ്ബിങ്ങിലെ ചില പിഴവുകളൊഴിച്ചാൽ ആനി ജോൺ തറവാടി എന്ന അഭിഭാഷകയുടെ വേഷം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ജോൺ പോൾ, ഉപ്പും മുളകും ഫെയിം ബിജു സോപാനം, ജോയ് മാത്യു എന്നിവരുടേത് ചെറുകഥാപാത്രങ്ങളാണെങ്കിലും ശ്രദ്ധേയമാണ്. ഇവരെക്കൂടാതെ ഗണേശ് കുമാർ, പി. ബാലചന്ദ്രൻ, ഇന്ദ്രൻസ്, സുനിൽ സുഗത, സുജിത് ശങ്കർ എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നു.

ഇമ്പമാർന്ന പശ്ചാത്തല സംഗീതത്തിലൂടെയും പാട്ടുകളിലൂടെയും സംഗീത സംവിധായകൻ മെജോ ജോസഫിന്റെ തിരിച്ചുവരവ് ഗംഭീരമായി. സംവിധായകൻ ആന്റണി സോണിക്കൊപ്പം ഛായാഗ്രാഹകൻ അബ്ദുൾ റഹീം എഡിറ്റർ സാഗർദാസ് എന്നീ യുവാക്കളും മലയാള സിനിമയ്ക്ക് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കാം.