ഇന്നത്തെ പത്രങ്ങളിൽ സംഭ്രമകജനകമെന്ന നിലയിൽ അവതരിപ്പിച്ച വാർത്ത വിഴിഞ്ഞം തുറമുഖ അധികാരി രാജിവെച്ചതും, കരിങ്കല്ല് കിട്ടാനില്ലാത്തതിന്റെ കദനകഥയുമാണ്.

വാർത്തയുടെ തുടക്കം ഇങ്ങനെ
'നിർമ്മാണപ്രവർത്തനങ്ങൾക്കു കരിങ്കല്ല് പോലും ലഭിക്കാതെ വിഴിഞ്ഞം തുറമുഖപദ്ധതി വഴിമുട്ടുന്നു. ബദൽ സംവിധാനങ്ങൾ ഒരുക്കാതെ, സർക്കാരിനു മെല്ലെപ്പോക്കെന്നു പരാതി. ഓഖി ദുരന്തത്തേത്തുടർന്ന് പദ്ധതിപ്രദേശത്തുണ്ടായ നാശനഷ്ടങ്ങൾ പരിഹരിച്ച്, നിർമ്മാണം തുടരാൻ വഴിയൊരുക്കണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടെങ്കിലും സർക്കാർ പരിഗണിച്ചില്ല. സർക്കാരിന്റെ അലംഭാവത്തിൽ പ്രതിഷേധിച്ച് തുറമുഖ നിർമ്മാണക്കമ്പനിയായ അദാനി വിഴിഞ്ഞം പോർട്ടിന്റെ സിഇഒ: സന്തോഷ്‌കുമാർ മഹാപത്ര രാജിവച്ചു.

പ്രതിസന്ധികൾ വിടാതെ പിന്തുടരുന്ന സാഹചര്യത്തിൽ, പ്രഖ്യാപനപ്രകാരം 1000 ദിവസത്തിനകം തുറമുഖത്തിന്റെ ആദ്യഘട്ടനിർമ്മാണം പൂർത്തിയാകില്ലെന്ന് ഉറപ്പായി. രണ്ടുവർഷത്തെ സേവനത്തിനുശേഷമാണു വിഴിഞ്ഞം പോർട്ട് സിഇഒ: സന്തോഷ്‌കുമാർ മഹാപത്രയുടെ രാജി. പകരം രാജേഷ് ഝാ ചുമതലയേറ്റു. പദ്ധതിക്ക് ആവശ്യമെങ്കിൽ ഉപദേശങ്ങൾ നൽകാമെന്നു മഹാപത്ര അറിയിച്ചതായി അധികൃതർ പറയുന്നു.

തദ്ദേശീയ മത്സ്യത്തൊഴിലാളികളുടെ സമരവും ഓഖി ദുരന്തസാഹചര്യങ്ങളും മൂലം ഒരുമാസത്തിലേറെ തുറമുഖനിർമ്മാണം നിലച്ചിരുന്നു. പുലിമുട്ട്/ജെട്ടി നിർമ്മാണങ്ങൾക്കാവശ്യമായ കരിങ്കല്ല് ലഭിക്കാത്തതു പ്രതിസന്ധി രൂക്ഷമാക്കി. കല്ലിന്റെ ക്ഷാമം പരിഹരിക്കാനും ബദൽ സംവിധാനം ഏർപ്പടുത്താനും സർക്കാർ മുൻകൈയെടുക്കുന്നില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ പരാതി. മാസ്റ്റർ പ്ലാൻ പ്രകാരം ആദ്യഘട്ടനിർമ്മാണത്തിനുള്ള സ്ഥലം ഇനിയും ഏറ്റെടുക്കാനുണ്ട്.

കരാർ ഒപ്പിടുമ്പോൾ സ്ഥലം കൈമാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, നിർമ്മാണം തുടങ്ങി രണ്ടുവർഷത്തോളമായിട്ടും ഏറ്റെടുക്കൽ പൂർത്തിയായില്ല. പരാതികൾ ജനപ്രതിനിധികളുമായി ചർച്ചചെയ്യാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച മോണിറ്ററിങ് സെൽ ഇതുവരെ ചേർന്നിട്ടില്ല. .............'

ഈ വാർത്ത സൂക്ഷമായി വായിക്കുമ്പോൾ മനസ്സിലാകുന്നത്
1) അവർക്ക് രഹസ്യമായി വാഗ്ദാനം ചെയ്തിരുന്ന എന്തോ ഒക്കെ ചെയ്ത് നൽകുന്നതിനു ഇപ്പോഴത്തെ സർക്കാർ താല്പര്യം കാട്ടുന്നില്ല
2) അല്ലെങ്കിൽ ഓഖി ദുരന്തം കൂടി കഴിഞ്ഞതോടെ ഇനി പ്രാദേശികമായി രൂക്ഷമായ പരിസ്ഥിതിക ആഘാതം ഉണ്ടാക്കാതെ പണി നടത്താൻ കഴിയില്ലെന്ന തിരിച്ചറിവ്
3 )അല്ലെങ്കിൽ സർക്കാരിൽ നിന്ന് കൂടുതൽ വിലപേശൽ നടത്തി ആനുകൂല്യങ്ങൾ സ്വന്തമാക്കുക
4) അല്ലെങ്കിൽ ആത്യന്തികമായി തുറമുഖം വിജയിക്കില്ലെന്ന തിരിച്ചറിവ്
5) അല്ലെങ്കിൽ കേന്ദ്ര ഗവർമെന്റ് താല്പര്യം മനസ്സിലാക്കിയുള്ള നടപടി
6) അല്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണവും കോടതി കേസും അനാവശ്യമായ പ്രശ്‌നത്തിൽ എത്തിക്കുമെന്ന തിരിച്ചറിവിൽ സർക്കാരിനെ മുൾമുനയിൽ നിർത്താൻ
പക്ഷെ എനിക്ക് തോന്നുന്നത് ഇതെല്ലാം കൂടി മനസ്സിൽ കണ്ടുള്ള ഒരു നീക്കമാണു .ഇനി അദാനി പറയുന്നത്
'ദേ എനിക്ക് ഇതൊന്നും വേണ്ട, നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ ആണെങ്കിൽ മാത്രം, നിങ്ങളായിട്ട് ഇതിന്റെ സാമ്പത്തിക, സാമുഹ്യ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം'