ങ്ങളുടെ നാട്ടിൽ നാണു എന്നൊരു കള്ളനുണ്ടായിരുന്നു. യാതൊരു തെളിവുമില്ലാതെ കളവു നടത്തുന്നതിൽ അതിവിദഗ്ധനായിരുന്നു. ഒരിക്കൽ കുടുംബശ്രീ പ്രവർത്തകർ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന വാഴ തോട്ടത്തിൽ നിന്നും നാണു ഒരു വാഴക്കുല മോഷ്ടിച്ചു. പാവപ്പെട്ടവന്റെ മുതലു മോഷ്ടിച്ച കള്ളനെ വെറുതേ വിടരുതെന്ന് നാട്ടാരു തീരുമാനിച്ചു.. നാടുണർന്നു.. ഒടുവിൽ പിടിക്കപ്പെടുമെന്ന സ്ഥിതിയെത്തിയപ്പോൾ നാണു വാഴക്കുലയുമായി നാട്ടാരുടെ മുന്നിൽ സാഷ്ടാംഗം വീണു. 'വിളവു കൂടി കായ് പൊട്ടാതിരിക്കാൻ വെട്ടി വച്ചതാണെന്നും.. അല്ലാതെ മോഷ്ടിച്ചതല്ല എന്നൊരു ന്യായവും നിരത്തി.'

അപ്പോൾ അതു വഴി വന്ന, സർക്കാർ സ്‌ക്കൂളിലെ ജേക്കബ് മാഷ് കണക്ക് നിരത്തി നാണുവിനോട് ചോദിച്ചു. 'എന്നാലും നാണുവേ പാവങ്ങളായ നാട്ടാരുടെ മൊതലു കക്കണതു ഇശ്ശ്യേ മോശമല്ലേ..അല്ലേയോ..? '

അപ്പോൾ നാണു പറഞ്ഞു. മാഷേ..! കള്ളൻ ദേവസ്യ പള്ളിപ്പറമ്പിലെ തേങ്ങ മോഷ്ടിച്ചപ്പോളും, പരമു തെക്കേപറമ്പിലെ ജോസിന്റെ പ്ലാവിലെ ചക്ക കട്ടപ്പോളും ഈ നാട്ടാർക്ക് ഒന്നും പറയാനുണ്ടായിരുന്നില്ലല്ലോ..? പാവം ഈ നാണു ഒരു കുഞ്ഞു വാഴക്കുല കട്ടപ്പോൾ ഈ ബൂലോകം വല്ലാണ്ട് ഇടിഞ്ഞ പോലായി നാട്ടാർക്ക്.. ഒന്നുമില്ലേലും കട്ട മുതൽ തിരിച്ചേൽപ്പിച്ച ഒരു മാന്യനായ കള്ളനല്ലേ ഈ ഞാൻ. ഇത്രയും മാന്യനായ എന്നെ അടുത്ത തവണ ഈ നാടിന്റെ പഞ്ചായത്ത് പ്രസിഡന്റ് ആയി തിരെഞ്ഞെടുക്കണം.

ഇനി നിങ്ങൾ പറയൂ..? നാണു മാന്യനായ ഒരു കള്ളനല്ലേ..? ഏതായാലും ഈ കേസിന്റെ വിധി ജനകീയ കോടതി അടുത്ത തിരെഞ്ഞെടുപ്പിൽ പറയട്ടെ.

പിൻകുറിപ്പ് : ഈ കഥക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഏതെങ്കിലും നേതാക്കളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുണ്ടെങ്കിൽ അതവരുടെ മാത്രം പ്രശ്‌നമാണ്. :)