തിരുവനന്തപുരം: കോളേജ് അദ്ധ്യാപകൻ എന്ന അധിക യോഗ്യതയോടെയാണ് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി സി രവീന്ദ്രനാഥ് അധികാരമേറ്റത്. അതുകൊണ്ട് തന്നെ മൈക്ക് കിട്ടിയാൽ അദ്ധ്യാപകന്റെ റോൾ ഏറ്റെടുക്കാറുണ്ട് പലപ്പോഴും അദ്ദേഹം. എംഎൽഎമാർക്ക് മുമ്പിൽ അദ്ധ്യാപകനെ പോലെ മറുപടി നൽകുന്നതും അദ്ദേഹത്തിന്റെ പതിവാണ്. ഇന്ന് നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രിയോട് ചോദ്യം ഉന്നയിച്ച എംഎൽഎമാര് മറുപടി കേട്ട് ശരിക്കും പകച്ചു പോയത്.

സിപിഐ എംഎൽഎമാരായ ഇ കെ വിജയൻ, ചിറ്റയം ഗോപകുമാർ, ഇ ടി ടൈസൻ മാസ്റ്റർ, കെ രാജൻ എന്നിവർ ഉന്നയിച്ച ചോദ്യം ഇതായിരുന്നു: സംസ്ഥാനത്തെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പരീക്ഷാ രീതി പരിഷ്‌ക്കരിക്കുന്നതിന് നീക്കമുണ്ടോ? വിശദമാക്കാമോ. അദ്ധ്യാപകൻ കൂടിയായ രവീന്ദ്രനാഥിന് ഈ ചോദ്യം ശരിക്കും ഇഷ്ടപ്പെട്ടു എന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ മറുപടിയും അതുപോലെയായിരുന്നു.

പരീക്ഷാ രീതി പരിഷ്‌ക്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് പറഞ്ഞ് അദ്ദേഹം കൂട്ടിച്ചേർത്തത് ഇങ്ങനെ: 'ജ്ഞാന നിർമ്മിതിയിൽ അധിഷ്ഠിതമായ ഒരു പാഠ്യപദ്ധതിയാണ് നാം പിന്തുടരുന്നത്. അനുഭവങ്ങളിലൂടെ കടന്നുപോകുന്ന പഠിതാവ് അറിവ് നിർമ്മിക്കുന്നുവെന്നും നിർമ്മിച്ച അറിവിനെ പുനപരിശോധിച്ച് മെച്ചപ്പെടുത്തുന്നുവെന്നും ഉറപ്പുവരുത്തേണ്ടതാണ്. ഇഥ് നടക്കണമെങ്കിൽ വിലയിരുത്തൽ നിരന്തരമായി നടക്കുകയും അതിലൂടെ കിട്ടുന്ന തിരിച്ചറിവുകൾ പഠനം മെച്ചപ്പെടുത്തുന്നതിനായി പ്രയോജനപ്പെടുത്തുകുയം വേണം. ഇക്കാര്യത്തിൽ നിരന്തര വിലയിരുത്തലാണ് (സിഇ) ഏറെ പങ്ക് വഹിക്കാനാവുക എന്നതിനാൽ നിരന്തര വിലയിരുത്തൽ കടുതൽ ശാസ്ത്രീയമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള പഠനങ്ങളും പരിശീലനങ്ങളും നടന്നുവരികയാണ്.'

വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി കണ്ട് എംഎൽഎമരുടെ ബാല്യം പകച്ചുപോയി എന്നാണ് സോഷ്യൽ മീഡിയയിലെ ട്രോളന്മാർ പറയുന്നത്. മലയാള പാണ്ഡിത്യം മുഴുവൻ പരീക്ഷിച്ചുള്ള മറുപടിയായിരുന്നു ട്രോളിന് ഇരയായത്. എന്തായാലും മന്ത്രിയുടെ മറുപടി എംഎൽഎമാരെ പോലെ അധികമാർക്കും മനസിലായിട്ടില്ലെന്നാണ് അറിയുന്നത്.