തിരുവനന്തപുരം: സംഘപരിവാർ നിലപാടുകളോട് യോജിച്ചു പോകുന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റേത് എനന്ന ആരോപണം ഉന്നയിച്ച കോൺഗ്രസ് എംഎൽഎ അനിൽ അക്കരയുടെ വാദങ്ങൾ തള്ളി മന്ത്രി. ആർ.എസ്.എസുമായോ എ.ബി.വി.പിയുമായോ ഒരുകാലത്തും ഒരു ബന്ധവുമുണ്ടായിട്ടില്ലെന്ന് സി. രവീന്ദ്രനാഥ് വാർത്താക്കുറിപ്പിൽ അറിയിച്ചു. അനിൽ അക്കരെ എംഎ‍ൽഎയുടെ ആരോപണം വസ്തുതാവിരുദ്ധം. .യഥാർത്ഥ വസ്തുതകൾ മാറ്റിവെച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ആർഎസ്എസ് ചേരാനെല്ലൂർ ശാഖയിൽ അംഗമായിരുന്നു രവീന്ദ്രനാഥെന്നും ഇഎംഎസ് പഠിച്ച തൃശൂർ സെന്റ് തോമസ് കോളേജിൽ പഠിക്കുന്ന കാലത്ത് രവീന്ദ്രനാഥ് എബിവിപി ചെയർമാൻ സ്ഥാനാർത്ഥി ആയിരുന്നെന്നും പറഞ്ഞു കൊണ്ടാണ് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര രംഗത്തെത്തിയത്. ആർഎസ്എസ് ആചാര്യൻ ദീൻ ദയാൽ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളുകൾക്ക് ഡിപിഐ സർക്കുലർ അയച്ചത് ചർച്ചയാവുന്നതിനിടെ ആണ് അനിൽ അക്കര ഫേസ്‌ബുക്കിൽ പുതിയ വെളിപ്പെടുത്തലുമായി എത്തുന്നത്.

സി. രവീന്ദ്രനാഥിന് വിദ്യാഭ്യാസ വകുപ്പ് ലഭിച്ചപ്പോൾ 'ഹിന്ദു പ്രതിനിധി വിദ്യാഭ്യാസ മന്ത്രിയായത് ബിജെപിയുടെ നേട്ടമാണെ'ന്ന് സംഘപരിവാർ സഹയാത്രികൻ രാഹുൽ ഈശ്വർ പ്രസ്താവിച്ചത് വലിയ ചർച്ചയായിരുന്നു. ആരു ഭരിച്ചാലും ഏറെക്കാലമായി ക്രൈസ്തവ, മുസ്ലിം പ്രതിനിധികളാണ് വിദ്യാഭ്യാസ മന്ത്രി പദവി കയ്യാളിയിരുന്നതെന്നും ഇക്കുറി അതിന് മാറ്റം വന്നു എന്ന നിലയിൽ രവീന്ദ്രനാഥിന്റെ മന്ത്രിസ്ഥാനം ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പലപ്പോഴും മന്ത്രി സംഘപരിവാര സംഘ് പരിവാരത്തെ തൃപ്തിപ്പെടുത്തുന്ന നിലപാടുകൾ സ്വീകരിക്കുന്നുവെന്നത് സിപിഎമ്മിലും ചർച്ചയായിരുന്നു.

മാംസാഹാരം കഴിച്ചുവെന്നാരോപിച്ച് യു.പിയിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി അടിച്ചു കൊന്നതിനെ തുടർന്ന് രാജ്യമെങ്ങും പ്രതിഷേധമുയർന്നിരുന്നു. ഇടതുസംഘടനകൾ ഉൾപ്പെടെ ഇതിനെതിരെ നിലപാടുമായി എത്തിയപ്പോൾ മാംസാഹാരം കഴിക്കുന്നത് നല്ലതല്ല എന്ന് രവീന്ദ്രനാഥ് പ്രസ്താവന നടത്തിയത് ചർച്ചയായെന്നും അനിൽ അക്കര പറയുകയുണ്ടായി.

പരിവാർ നയങ്ങളോട് പ്രതിഷേധ സൂചകമായി ഡിവൈഎഫ്‌ഐ ബീഫ് ഫെസ്റ്റിവൽ നടത്തുന്നതിനിടെയായിരുന്നു മത്സ്യം, മാംസം, മുട്ട തുടങ്ങിയവയെ മദ്യത്തോടും മയക്കുമരുന്നിനോടും ഉപമിച്ചു കൊണ്ട് രവീന്ദ്രനാഥ് പ്രസംഗിച്ചതെന്നും അനിൽ അക്കര എംഎൽഎ ചൂണ്ടിക്കാട്ടുകയുണ്ടായി. സ്‌കൂളുകളിലെ ഭക്ഷണ മെനുവിൽ നിന്ന് നോൺ വെജ് വിഭവങ്ങൾ പൂർണമായി എടുത്തു കളയാൻ രവീന്ദ്രനാഥ് ശ്രമിക്കുന്നു എന്ന ആക്ഷേപവും ഉയർന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ ഭക്ഷണ മെനു സർക്കുലറിൽ മാംസ വിഭവങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് വിവാദമായതോടെ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് പിന്നീട് രംഗത്തെത്തി. സ്‌കോളർഷിപ്പ് പരീക്ഷയുടെ മറവിൽ സംഘ് പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പുസ്തകങ്ങൾ സ്‌കൂളുകളിൽ വിതരണം ചെയ്തതും പിന്നീട് വിവാദമായി വിവാദമായി.

ഇതിനു പിന്നാലെയാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പ് ആർഎസ്എസ് ആചാര്യൻ ദീൻ ദയാൽ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കാൻ നിർദ്ദേശിച്ച് സ്‌കൂളുകൾക്ക് സർക്കുലർ അയച്ചത്. കേന്ദ്രസർക്കാർ നിർദ്ദേശം പാലിക്കുന്നു എന്ന് വ്യക്തമാക്കിയായിരുന്നു ഈ നീക്കം. ഈ നിർദ്ദേശത്തിൽ സംസ്ഥാന സർക്കാരിന് ഇഷ്ടമുള്ള തീരുമാനം കൈക്കൊള്ളാം എന്നിരിക്കെ ഇടതു നയം നോക്കാതെ ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയത് ചർച്ചയാവുകയായിരുന്നു. എന്നാൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തള്ളിക്കളഞ്ഞ കേന്ദ്ര നിർദ്ദേശമാണ് രവീന്ദ്രനാഥിന്റെ കീഴിലുള്ള വിദ്യാഭ്യാസ വകുപ്പ് ആവേശത്തോടെ ഏറ്റെടുത്തതെന്ന വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് മുൻകാല സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടി അനിൽ അക്കരയുടെ ഫേസ്‌ബുക്ക് പോസ്റ്റിട്ടതും.