- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിൻ ബിജെപി വാക്സിനാണെന്നും വിശ്വസിക്കാനാവില്ലെന്നും അഖിലേഷ് യാദവ്; കക്ഷി രാഷ്ട്രീയതിമിരം മദ്യപാനം പോലെയാണ്; പരാക്രമം വാക്സിനോടും! സി രവിചന്ദ്രൻ എഴുതുന്നു
പരാക്രമം വാക്സിനോടും!
'I will not take the COVID-19 vaccine at this moment. That too given by Bharatiya Janata Party. How can I trust BJP's vaccine, not a chance. When our government will be formed, everyone will get a free vaccine. We cannot take the BJP vaccine,' said Akhilesh Yadav during a press conference here (https://www.livemint.com/.../wont-take-covid-vaccine-now...)
(1) കോവിഡ് വാക്സിൻ ബിജെപി വാക്സിനാണെന്നും വിശ്വസിക്കാനാവില്ലെന്നും മുൻ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്! തന്നെ അധികാരത്തിലെത്തിച്ചാൽ 2022 ൽ ഇതേ വാക്സിൻ സൗജന്യമായി തരാമെന്നും അപ്പോൾ വിശ്വസിച്ച് ഉപയോഗിക്കാമെന്നും അഖിലേഷ് പറയുന്നു. 22-23 കോടി ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തെ പ്രതിപക്ഷനേതാവാണ് ഈ ആഹ്വാനം നടത്തിയിരിക്കുന്നത്! ആരോടാണ് ഇദ്ദേഹമിത് പറയുന്നത്? ആരോടോ പറയുകയാണ്. ഇപ്പറയുന്നത് അപ്പടി വെട്ടിവിഴുങ്ങുന്ന ഒരു വിഭാഗം ഉണ്ടെന്ന തിരിച്ചറിവിൽ നിന്നായിരിക്കുമല്ലോ അഖിലേഷിനെപോലെ വിദ്യാസമ്പന്നനായ ഒരാൾ ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നത്. ആരെയോ ലക്ഷ്യമാക്കി വലിച്ചെറിയുന്ന സംശയ ബോംബാണിത്. കേന്ദ്രം ഭരിക്കുന്നത് എതിർകക്ഷി ആയതിനാൽ വാക്സിൻ കുത്തിവെപ്പ് നടത്തരുത്, ഞാൻ സ്വീകരിക്കുന്നില്ല എന്ന് പച്ചയായി പറയുമ്പോൾ നാളെ വാക്സിൻ കുത്തിവെപ്പ് കേന്ദ്രങ്ങളിൽ പ്രതിഷേധവുമായി പലരും എത്തുമെന്നും കോവിഡ് വാക്സിനേഷൻ പ്രക്രിയ തന്നെ തടസ്സപെടുത്താമെന്നും ഈ 'ജനസേവകൻ' സ്വപ്നം കാണുന്നുണ്ടാവാം! അഖിലേഷ് അധികാരത്തിൽ എത്തുമ്പോൾ പ്രതിപക്ഷത്ത് വരുന്ന കക്ഷി ഇതേ നിലപാട് സ്വീകരിച്ചാൽ എന്തായിരിക്കും അവസ്ഥ?!
(2) അഖിലേഷ് യാദവ് മണ്ടനായതു കൊണ്ടാണോ ഇത്തരം വിഡ്ഡിത്തരങ്ങൾ എഴുന്നെള്ളിക്കുന്നത്? ഒരിക്കലുമല്ല. മറിച്ച് ടിയാൻ ഓവർ സ്മാർട്ട് ആയതാണ്. താൻ പറഞ്ഞില്ലെങ്കിൽ ഇത് വേറെയാരെങ്കിലും പറഞ്ഞ് നേട്ടംകൊയ്യുമെന്ന ആശങ്ക പ്രകടം. രാജ്യത്ത് നിലവിലുള്ള കക്ഷിരാഷ്ട്രീയത്തിന്റെ ആകെത്തുകയാണ് ഈ പ്രസ്താവന. ഒരു കക്ഷിയും ഇതിൽ നിന്നും മോചിതമല്ല എന്നതാണ് ദുഃഖകരമായ സത്യം. ഇതിനാണ് പലരും 'രാഷ്ട്രീയബോധം', 'സാമൂഹികബോധം', 'ഫാസിസ്റ്റ് വിരുദ്ധത'എന്നൊക്കെയുള്ള ഓമനപ്പേരിട്ട് വിളിക്കുന്നത്. ഇത്തരം 'മാനവികബോധം' പ്രകടിപ്പിക്കാത്തവർ അരാഷ്ട്രീയ ജീവികളോ ഫാസിസ്റ്റുകളോ ആണ്. ജനാധിപത്യം എന്നാൽ അധികാരനേട്ടത്തിന്റെ പാതയിൽ എതിരാകുന്നവരെയെല്ലാം ശത്രുക്കളായി കണ്ട് അവർ ചെയ്യുന്നതിനെയും പറയുന്നതിനെയുമെല്ലാം കണ്ണുമടച്ച് അധിക്ഷേപിക്കുക, എതിർക്കുക, തെറി പറഞ്ഞു നടക്കുക.... ഇതാണ് രാഷ്ട്രീയബോധം!
(3) ഇതുവരെ വാക്സിൻ നേരിട്ടിരുന്ന ഏറ്റവും വലിയ എതിർപ്പ് മതവെറിയർ, കപടചികിത്സകർ എന്നിവരിൽ നിന്നുമായിരുന്നു. അത്രയും ജീർണ്ണിക്കാതിരിക്കാൻ മുഖ്യധാരാ രാഷ്ട്രീയക്കാർ ശ്രദ്ധിച്ചിരുന്നു. ക്രമേണ ആ വ്യത്യാസവും ഇല്ലാതെയാകുകയാണ്. കക്ഷി രാഷ്ട്രീയതിമിരം മദ്യപാനം പോലെയാണ്. സമാനമായ കിക്ക് ലഭിക്കാൻ അടുത്ത തവണ കൂടുതൽ ഡോസ് വേണ്ടിവരും. അപ്പോൾ കുറെക്കൂടി ജീർണ്ണിച്ച ജല്പനങ്ങൾ വേണ്ടിവരും. അങ്ങനെയാണ് സംഗതി ഇപ്പോൾ വാക്സിനിൽ എത്തിനിൽക്കുന്നത്. കോവിഡ് വാക്സിൻ ബിജെപി വാക്സിനാണ്! കേരളത്തിൽ സിപിഎം വാക്സിനാണ്, തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ വാക്സിൻ, ബംഗാളിൽ തൃണമൂൽ വാക്സിൻ.... ചില പാർട്ടിക്കാർക്ക് മറ്റേ പാർട്ടിക്കാരുടെ വാക്സിൻ ഹറാമാണ്...!സ്വന്തം പാർട്ടി വിതരണം ചെയ്താൽ ഹലാൽ...! ആഹാ.. എത്ര നല്ല രാഷ്ട്രീയ അവബോധം! ജാഗ്രത! കരുതൽ! കേവലം വർഗ്ഗീയ അടിസ്ഥാനത്തിലുള്ള തുപ്പിക്കളിയായി (communal spatting) ഇന്ത്യൻ രാഷ്ട്രീയം അധിപതിച്ചതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇത്തരം പുലമ്പലുകൾ.
(4) അഖിലേഷ് യാദവ് ഈ പ്രസ്താവന പുറപ്പെടുവിച്ചത് അദ്ദേഹം വാക്സിന് എതിരായതുകൊണ്ടാകണമെന്നില്ല. മതരാഷ്ടീയ പ്രയോഗത്തിലൂടെ അധികാരം പിടിക്കുകയാണ് ലക്ഷ്യം. സത്യത്തിൽ എതിർകക്ഷിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുകയാണ് ! They can easily play the same game in a better fashion, with better results! വാക്സിൻ എടുക്കുന്നവരും എടുക്കാത്തവരും ഉണ്ടാകുന്ന സമൂഹം ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണ്. നികുതിപ്പണം ചെലവിട്ട് എല്ലാം സൗജന്യമായി തരാം എന്നു വാഗ്ദാനം ചെയ്താൽ അധികാരം കിട്ടും എന്നു മിക്ക രാഷ്ട്രീയകക്ഷികളും മനസ്സിലാക്കിയിട്ടുണ്ട്. ഇന്നയിന്ന മതങ്ങളെ എണ്ണതേച്ച് കുളിപ്പിച്ചാൽ തങ്ങളുടെ നില മെച്ചപെടുമെന്നും അവർക്കറിയാം. ജാതി-മത ശക്തികളെ പ്രീണിപ്പിക്കാനുള്ള ഈ നാണംകെട്ട മിടുക്കിനെയാണ് 'രാഷ്ട്രീയതന്ത്രം' എന്നൊക്കെ പലരും വിളിക്കുന്നത്. പ്രതിഷേധം വന്നാൽ പ്രസ്താവന മയപെടുത്തി അഖിലേഷ് താളംചവിട്ടും. പക്ഷെ അതിനകം ഉദ്ദേശിച്ച ലക്ഷ്യം നേടിയിട്ടുണ്ടാവും. മതരാഷ്ടീയം മൂർച്ഛിക്കുമ്പോൾ അടി വാക്സിന്റെ മണ്ടയ്ക്ക് വീഴുന്നതിൽ അത്ഭുതമില്ല.