വാർത്തയിൽ പറയുന്നത് ശരിയാണെങ്കിൽ ഇനി അയ്യപ്പന്റെ സംരക്ഷണം കൂടി ഇന്ത്യൻ ജനതയ്ക്ക് ലഭിക്കും! തച്ചിനിരുന്ന് ഇന്ത്യക്കാരെ രക്ഷിച്ചുകൊണ്ടിരിക്കുന്ന ഭൂലോക ദൈവങ്ങളുടെ പട്ടികയിലേക്കു അയ്യപ്പനും ഔദ്യോഗികമായി ഉയർത്തപെടുകയാണ്. Abundance of Security! ശബരിമലയിൽ കച്ചവടവും ബഹളവും കുറയുന്നതാവാം പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്ന് ഊഹിക്കാം. രാഷ്ട്രസിരകളിലേക്ക് കൂടുതലായി മതവും അന്ധവിശ്വാസങ്ങളും കുത്തിക്കയറ്റുന്ന പണി ഭരണഘടനാവിരുദ്ധമാണെന്ന് ചെയ്യുന്നവർക്കുപോലും ബോധ്യമുള്ള കാര്യമാണ്. ആ ബോധ്യം തന്നെയാണ് അവരെ നയിക്കുന്നത്.

ഇത്തരം മതപ്രീണനങ്ങൾകൊണ്ട് നാടിനോ നാട്ടാർക്കോ ഗുണമില്ലെങ്കിലും നയം കൊണ്ടുവരുന്നവർക്ക് ഗുണമുണ്ട്. മതബോധവും വിഭാഗീയതയും ഊട്ടിയുറപ്പിച്ച് അവർക്ക് കൂടുതൽ നേട്ടംകൊയ്യാനാവും. ആചാരസംരക്ഷണം പ്രധാന ദൗത്യമായി മനസ്സാവരിച്ച ഭരണകൂടങ്ങളാണ് രാജ്യത്തെമ്പാടും എന്നതിനാൽ കൂട്ടിച്ചേർക്കുന്ന മതം പിന്നീട് മാറ്റാനാവില്ല. അയ്യപ്പസ്തുതിയും ദേവീസ്ത്രോത്രവും റിപ്പബ്ലിക്ക് ദിന പരേഡിൽ വരെ കുത്തിതിരുകിയിട്ടുണ്ടെന്ന് അറിയുന്ന അന്ധവിശ്വാസി മനസ്സുകൾ പൂത്തുലയുമെന്നും അതിന്റെ പേരിൽ തങ്ങളെ കൂടുതൽ പിന്തുണയ്ക്കും എന്ന ചിന്തയാണ് ഇത്തരം അനാശാസ്യ ഇടപെടലുകൾ നടത്താൻ രാഷ്ട്രീയകക്ഷികളെ പ്രേരിപ്പിക്കുന്നത്. ആരും എതിർക്കാത്ത നിലപാടായി മതപ്രീണനം മാറുന്നത് അങ്ങനെയാണ്. മതേതരം എന്നു നെറ്റിയിൽ എഴുതിയൊട്ടിച്ച കക്ഷികളെ തട്ടി വഴി നടക്കാനാവാത്ത രാജ്യത്താണ് നിർലജ്ജമായി രീതിയിൽ ഇങ്ങനെ മതം പിടിമുറുക്കുന്നത്. സെക്കുലറായ പൊതുഇടങ്ങൾ രാജ്യത്ത് ഉണ്ടാകാൻ പാടില്ലെന്ന വ്രതം എടുത്തപോലെയാണ് രാഷ്ട്രീയകക്ഷികളുടെ പെരുമാറ്റം.

മറ്റ് മതക്കാരും എതിർക്കില്ല. അവർ പ്രതീക്ഷയുടെ ക്യൂവിലാണ്. മതമാണ് രാഷ്ട്രീയം എന്ന നയം ഏതാണ്ട് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. അപകടകരമായി രാഷ്ട്രീയ കീഴ്‌വഴക്കങ്ങളാണ് ലോകമെമ്പാടും തിരിച്ചു വരുന്നത്. റഷ്യയിൽ വ്‌ളാഡിമിർ പുട്ടിൻ മൈനസ് ഡിഗ്രി ഊഷ്മാവുള്ള ജലത്തിൽ ആചാരപരമായി മുങ്ങിക്കുളിക്കുന്ന ചിത്രം വർഷംതോറും പുറത്തുവരാറുണ്ട്. റഷ്യൻ ഓർത്തഡോക്‌സ് ചർച്ച് റഷ്യയിൽ പ്രതാപത്തിലാണ്. ഇന്ത്യൻ പ്രധാനമന്ത്രിക്കാകട്ടെ, പൂജയൊഴിഞ്ഞ് നേരമില്ലാത്ത അവസ്ഥ! ഭൂമിപൂജയും വാക്‌സിൻ പൂജയും പാർലമെന്റിനെ ഉഴിയലും കല്ലിടിലും പന്തനാഴിയുമൊക്കെ കഴിഞ്ഞ് പുതിയ പുതിയ ഐറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

മതപ്രീണനം മദ്യപാനാസക്തി പോലെയാണ്. ഇപ്പോൾ ചെയ്യുന്നതിലും കൂടുതൽ അടുത്ത തവണ ചെയ്‌തെങ്കിലേ സമാനമായ കിക്ക് ലഭിക്കൂ. രാജ്യത്തെ മതത്തിന്റെ വഴിക്ക് ആട്ടിത്തെളിക്കാൻ വെമ്പുന്ന ഭരണകൂടത്തിന്റെ ചെയ്തികൾക്ക് എല്ലാ രാഷ്ട്രീയകക്ഷികളും മത്സരിച്ച് ചൂട്ടുപിടിക്കുന്നു എന്നതാണ് ഏറ്റവും ഖേദകരം . എന്നിട്ടും റിലിജിയോ ഫോബിയ എന്ന പദം ഇതുവരെ പ്രചാരത്തിൽ വന്നിട്ടില്ല. ജയ് കാളി, ജയ് ബജറംഗബലി എന്നൊക്കെ വിളിക്കുന്ന സൈനികദളങ്ങളാണ് ഈ മതേതര രാജ്യത്തുള്ളതെന്ന് വാദിച്ച് വെള്ളയടിക്കുന്നവരെ കാണാനായി. തെറ്റുകൾ ന്യായീകരിക്കാനായി കൂടുതൽ തെറ്റുകൾ! റിപ്പബ്‌ളിക് ദിനം സൈനികർ സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിക്കുമത്രെ?! ഏതോ സിനിമയിൽ സലിംകുമാറിന്റെ കഥാപാത്രം ചോദിക്കുന്നതുപോലെ: എന്തിന്?