കെടുതിയുടെ ആഘോഷം

മൂന്ന് ദിവസത്തിന് മുമ്പുള്ളതാണെങ്കിലും ഈ തലക്കെട്ട് ഇപ്പോഴാണ് ശ്രദ്ധയിൽപെട്ടത്. ഈ മതോൽപ്പന്നം പണ്ട് താലിബാനെ വിസ്മയമായി കണ്ട് കോൾമയിർ കൊണ്ട് കുഴഞ്ഞു വീഴുകയും പിന്നീട് 'മുസ്ലിം കിഡ്നി ആവശ്യമുണ്ട്' എന്ന ഉദാത്ത പരസ്യം കൊടുത്ത് ചാടിയെഴുന്നേൽക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ മതപ്രചരണത്തിന്റെ മാധ്യമമാർഗ്ഗം എന്ന രീതിയിൽ പൊതുവെ അംഗീകരിക്കപെട്ടിരുന്നു.

പക്ഷെ ഈ തലക്കെട്ട് ശരിക്കും കടുംവെട്ട് തന്നെ. ഒരു ജനതയെ തോക്കിന്മുനയിൽ ചൂണ്ടി അധികാരം കവർന്നെടുത്ത മതവെറിയരുടെ പ്രാകൃത അധിനിവേശത്തെ വാഴ്‌ത്തിപ്പാടിയിരിക്കുന്നു! എത്ര എളുപ്പം! എഴുതിയവർക്കത് ആസ്വദിക്കേണ്ടതില്ലല്ലോ. അഫ്ഗാനിസ്ഥാൻ സ്വതന്ത്രമായത്രെ! ആർക്കാണ് അഫ്ഗാനിസ്ഥാൻ സ്വതന്ത്രമായത്?! സ്ത്രീകളെ മനുഷ്യരായി പോലും അംഗീകരിക്കാത്ത, അവരെ വിദ്യാഭ്യാസം ചെയ്യാൻ അനുവദിക്കാത്ത, അവർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കാത്ത, സംഗീതവും നൃത്തവും സിനിമയും മുതൽ സർഗ്ഗാത്മകമായ എന്തിനെയും നിർലജ്ജമായി നിരോധിക്കുന്ന, സഹജീവികളെ കൊന്നൊടുക്കാനായി സ്വയം പൊട്ടിത്തെറിക്കാൻ 5000 പേർ വരുന്ന ബദ്രി ചാവേർ ആർമി ഉണ്ടാക്കി കാത്തിരിക്കുന്ന മതവെറിക്കൂട്ടം അഫ്ഗാനെ സ്വതന്ത്രമാക്കിയെന്നാണ് നിരീക്ഷണം! ആരെയാണിവർ സ്വതന്ത്രരാക്കിയത്?

പ്രാണനും കയ്യിൽപിടിച്ച് ചാവേർ സ്ഫോടനംപോലും തൃണവൽക്കരിച്ച് കാബൂൾ വിമാനത്താവളത്തിലേക്ക് ആർത്തലച്ചെത്തി ഓടയിലെ വെള്ളംപോലും കുടിച്ച് അവിടെ ദിവസങ്ങളോളും തമ്പടിച്ച പതിനായിരങ്ങളെ! സ്വകാര്യബസ്സിന്റെയെന്നപോലെ യാത്രാവിമാനത്തിന്റെ പിറകെ ഓടുകയും വിമാനചിറകുകളിലും ചക്രത്തിന്റെ മുകളിലുമൊക്കെ ചാടിക്കയറാൻ വെമ്പുകയും ചെയ്ത പതിനായിരങ്ങളെ! തീ പിടിച്ച വീട്ടിൽ നിന്നെന്നപോലെ പിഞ്ചുകുഞ്ഞുങ്ങളെ മതിലിനപ്പുറമുള്ള അജ്ജാത സൈനികർക്ക് എറിഞ്ഞുകൊടുത്ത അഫ്ഗാൻ അമ്മമാരെ! താലിബാനെ ഭയന്ന് രക്ഷപെടാൻപോലുമുള്ള ധൈര്യമില്ലാതെ ഇപ്പോഴും എലികളെപോലെ ഒളിച്ചിരിക്കുന്ന ജനലക്ഷങ്ങളെ!

പ്രവേശന കവാടങ്ങളെല്ലാം അടച്ചിട്ടും പാക്കിസ്ഥാന്റെ അതിർത്തിയിൽ മൃഗസമാനമായ പെരുമാറ്റം അവഗണിച്ചും നിസ്സഹായരായി കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് വരുന്ന അഫ്ഗാൻ അഭയാർത്ഥികളെ!....എല്ലാവരെയും അവർ സ്വതന്ത്രരാക്കിയിരിക്കുന്നു What a freedom!

മനുഷ്യന്റെ കെടുതി ഇത്ര വന്യമായി ആഘോഷിക്കുന്ന ഒരു മാധ്യമസ്ഥാപനം കേരളത്തിൽ ഉണ്ടെന്നത് താലിബാന്റെ ക്രൂരതകൾ അയ്യായിരം കിലോമീറ്റർ അകലെയാണെന്ന മലയാളിയുടെ നിലവിലുള്ള ആശ്വാസത്തിന് ആഴത്തിൽ പരിക്കേൽപ്പിക്കുന്നതാണ്. പച്ചയായ മനുഷ്യത്വരാഹിത്യം കണ്ടിട്ടും മൗനംപാലിക്കാൻ പോലുമുള്ള മര്യാദയില്ലായ്മ പ്രകടമാകുമ്പോൾ മതവെറിയുടെ കാര്യത്തിൽ താലിബാനോ ഐസിസോ അവസാന വാക്കല്ലെന്ന മഹാസത്യമാണ് തല പുറത്തിടുന്നത്.