സ്വന്തം ഇഷ്ടപ്രകാരം സ്വയം വിഭാഗീകരിക്കപ്പെട്ട മെത്രാന്മാരും അവരുടെ ഇഷ്ടപ്രകാരം വിഭജിക്കപ്പെടുകയും ചെയ്ത വിശ്വാസികളും കൂടി ഭൂമി വിവാദത്തിൽ ഒരു ഒത്തുതീർപ്പ് ഉണ്ടാക്കിയിരിക്കുകയാണ് ഇപ്പോൾ. പ്രഥമ ദൃഷ്ടിയിൽ സ്വാഗതാർഹമെങ്കിലും ഈ ഒത്തുതീർപ്പ് സൂക്ഷ്മ ദൃഷ്ടിയിൽ സ്വീകരിക്കാനും അങ്ങനെതന്നെ വിഴുങ്ങാനും ബുദ്ധിമുട്ടുള്ള ഒരു വിശ്വാസിവർഗ്ഗം ഇവിടെയുണ്ടെന്ന വസ്തുത വിസ്മരിക്കാവുന്നതല്ല.

ഭൂമി വിവാദത്തിന്റെ പാപക്കറ കുമ്പസാരിച്ചാലോ പശ്ചാത്താപം നടത്തിയാലോ ഇല്ലാതാവുന്ന പാപമല്ല. മൂന്നു മെത്രാന്മാർ സഭയുടെ ലെറ്റർ പാഡിൽ ഒപ്പിട്ടാൽ തീരുന്ന വിഷയവുമല്ല. മാത്രമല്ല, ഈ മെത്രാന്മാരൊക്കെ സാധാരണ വെള്ള കടലാസ്സിൽ സഭയറിയാതെ ഒപ്പിട്ട കുറെ പ്രമാണങ്ങൾ നാമൊക്കെ കണ്ടതാണല്ലോ. കുമ്പസാരിച്ചാലോ പശ്ചാത്താപം നടത്തിയാലോ ഇല്ലാതാവുന്ന പാപമാണെങ്കിൽ പിന്നെ ഈ വിഷയം വിശ്വാസികളുടെ കാനോൻ കോടതിയും കടന്ന് ജനാധിപത്യത്തിന്റെ കോടതി കയറേണ്ട ആവശ്യവുമുണ്ടായിരുന്നില്ലല്ലോ. ഇടയന്മാർ വെളുത്തവസ്ത്രവും ചുവന്ന തൊപ്പിയും ചെങ്കോലും പിടിച്ചുകൊണ്ട് കോടതി വരാന്തകളിൽ കയറിയിറങ്ങേണ്ട ആവശ്യവുമുണ്ടായിരുന്നല്ലോ.

പാപങ്ങളും കടങ്ങളും പൊറുക്കുകയും പൊറുപ്പിക്കുകയും ചെയ്യുന്ന ജോലി സഭയ്ക്ക് പണ്ടും ഇന്നും ഉള്ളതാണ്. വളരെ പണ്ട് പാപങ്ങളും കടങ്ങളും പൊറുത്ത് കാശുവാങ്ങിയ ചരിത്രവും (Sale of Indulgence) ഉണ്ടായിരുന്നു. എന്നാൽ സഭ തലവനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ എതിർത്തവരുടെ പാപങ്ങളും കടങ്ങളും പൊറുക്കുകയും പൊറുപ്പിക്കുകയും ചെയ്യുന്ന തിരു പിതാക്കന്മാരുടെ കൂട്ട പ്രസ്താവന സഭ വിഭജിക്കപ്പെടാത്ത വിശ്വാസികൾക്ക് മനസ്സിലാവുന്നുണ്ട്. അടുത്തൊരു പാപകാലത്തേക്കുള്ള നോമ്പുകാലത്തെ ആണ്ടുകുമ്പസാരം പോലെ നമുക്ക് ഇതിനെ കാണാം.

പഴയകാലത്തേതുപോലെ ബൈബിൾ വ്യാഖ്യാനിച്ചുകൊണ്ട് പ്രസംഗിക്കേണ്ട ആവശ്യം ഇന്നില്ല. പുതിയ വിശ്വാസികൾക്ക് ബൈബിൾ വായിക്കാനും വ്യാഖ്യാനിക്കാനും ഹൃദിസ്ഥമാക്കാനുമുള്ള കഴിവുണ്ട്. സുവിശേഷ കൽപ്പനകൾ മന:പ്പാഠമാക്കിയ ഒരു വിശ്വാസിസമൂഹം ഇവിടെയുണ്ട്. ആയതിന്റെ തെളിവിലേക്കായി ചില പ്രസക്തമായ സുവിശേഷ വാക്യങ്ങൾ ഇവിടെ കുറിക്കട്ടെ.

''നിങ്ങളുടെ മടിശീലയിൽ പൊന്നോ വെള്ളിയോ ചെമ്പോ കരുതരുത്; യാത്രയ്ക്കു ഭക്ഷണസഞ്ചിയോ രണ്ടുവസ്ത്രമോ ചെരിപ്പോ വടിയോ എടുക്കുകയുമരുത്; വേലക്കാരൻ തന്റെ ആഹാരത്തിന് അർഹനാണല്ലോ.'' (മത്തായി 10:9, 10)

'അവൻ ഗ്രാമപ്രദേശങ്ങളിൽ ചുറ്റിസഞ്ചരിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു. അവൻ തന്റെ പന്ത്രണ്ടു പേരെ അടുത്തുവിളിച്ച്, രണ്ടുപേരെവീതം അയയ്ക്കാൻ തുടങ്ങി. അശുദ്ധാത്മാക്കളുടെ മേൽ അവർക്ക് അധികാരവും കൊടുത്തു. അവൻ കല്പിച്ചു: യാത്രയ്ക്ക് വടിയല്ലാതെ മറ്റൊന്നും - അപ്പമോ സഞ്ചിയോ അരപ്പട്ടയിൽ പണമോ - കരുതരുത്. ചെരിപ്പു ധരിക്കാം; രണ്ടു ഉടുപ്പുകൾ ധരിക്കരുത്; അവൻ തുടർന്നു: നിങ്ങൾ ഏതെങ്കിലും സ്ഥലത്ത് ഒരു വീട്ടിൽ പ്രവേശിച്ചാൽ, അവിടം വിട്ടുപോകുന്നതുവരെ ആ വീട്ടിൽ താമസിക്കുവിൻ. എവിടെയെങ്കിലും ജനങ്ങൾ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ വാക്കുകൾ ശ്രവിക്കാതെയിരിക്കുകയോ ചെയ്താൽ അവിടെനിന്നു പുറപ്പെടുമ്പോൾ അവർക്കു സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിൻ. ശിഷ്യന്മാർ പുറപ്പെട്ട്, ജനങ്ങളോട് അനുതപിക്കണമെന്നു പ്രസംഗിച്ചു. അനേകം പിശാചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലംപൂശി സുഖപ്പെടുത്തി.' (മർക്കോസ് 6:7-13)

'അവൻ പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാച്ചുക്കളുടെയും മേൽ അവർക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങൾ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗങ്ങൾ സുഖപ്പെടുത്താനുമായി അവൻ അവരെ അയച്ചു. അവൻ പറഞ്ഞു: യാത്രയ്ക്ക് വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ടു ഉടുപ്പും ഉണ്ടായിരിക്കരുത്. നിങ്ങൾ ഏതു വീട്ടിൽ പ്രവേശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെനിന്നു പുറപ്പെടുകയും ചെയ്യുക. നിങ്ങളെ സ്വീകരിക്കാതിരിക്കുന്നവരുടെ പട്ടണത്തിൽനിന്നു പോകുന്പോൾ അവർക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിൻ. അവർ പുറപ്പെട്ട്, ഗ്രാമങ്ങൾതോറും ചുറ്റിസഞ്ചരിച്ച്, സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നൽകുകയും ചെയ്തു.' (ലൂക്കാ 9: 1-6)

ഈ സുവിശേഷ വചനങ്ങൾ വായിക്കാത്തവരോ പഠിക്കാത്തവരോ പഠിപ്പിക്കാത്തവരോ അല്ല ബിഷപ്പ് ആലഞ്ചേരിയും എടയന്ത്രത്തും കൂട്ടരും. അങ്ങനെവരുമ്പോൾ അവർ ചെയ്ത പാപങ്ങളെല്ലാം അറിഞ്ഞുകൊണ്ട് ചെയ്തതാണ്. പാപങ്ങൾ ചെയ്യരുതെന്ന് പഠിപ്പിക്കുകയും പ്രസംഗിക്കുകയും, പാപം ചെയ്തവർക്ക് പ്രായശ്ചിത്തം കൽപ്പിക്കുകായും ചെയ്യുന്നവർ എവിടേയും കുമ്പസാരിക്കാതെ സഭയുടെ ലെറ്റർ പാഡിൽ ഒത്തുതീർപ്പ് സന്ധിയിൽ ഒപ്പുവച്ചുകൊണ്ട് രക്ഷപ്പെടുമ്പോൾ മേലുദ്ധരിച്ച സുവിശേഷ വചനങ്ങളുടെ കടുത്ത ലംഘനമാവുന്നു അവർ ചെയ്യുന്നത്.

ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ കേരളം മുഴുവൽ പ്രചരിക്കുന്ന ഒരു വാട്സാപ് സന്ദേശം നമുക്ക് വിലയിരുത്തെണ്ടിവരുന്നത്. ഏതൊരു വാട്സാപ് സന്ദേശം പോലെ ഈ വാട്സാപ് സന്ദേശത്തിന്റേയും ആധികാരിതയെ നമുക്ക് അതർഹിക്കുന്ന ഗൗരവത്തിൽ തന്നെ എടുക്കേണ്ടതായി വരുന്നുണ്ട്. ക്രിസ്ത്യൻ സംഘടനയായ കെ. സി. വൈ. എം. ന്റെ അങ്കമാലി അതിരൂപതയിലെ മുൻ സംസ്ഥാന സിൻഡിക്കേറ്റ് അംഗം, ഷെറിൻ വിൽസൺ എന്നയാളുടെ പേരിലാണ് ഈ വാട്സാപ് സന്ദേശം പ്രചരിക്കുന്നത്. ഓരോ വാട്സാപ് സന്ദേശങ്ങളിലും കതിരും പതിരും ഉണ്ടാവുക സ്വാഭാവികമാണ്.

''ഇപ്പോൾ സഭയിൽ രൂപപ്പെട്ടിരിക്കുന്ന ആലഞ്ചേരി പക്ഷത്തിന്റെയോ മറു പക്ഷത്തിന്റെയോ SIDE പിടിക്കാനല്ല ഈ പോസ്റ്റ്. മറിച്ച് എന്റെ ചില സംശയങ്ങൾ ദൂരികരിക്കാനും ആശയങ്ങൾ പങ്കുവെക്കാനുമാണ്. ഇപ്പോഴെങ്കിലും ചോദിക്കണമെന്നു തോന്നിയ ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു.

ഒന്നാമത്. ഡിസംബറിൽ നടന്ന ഒരു വൈദിക സമിതി യോഗത്തിൽ പ്രിയ ബഹുമാനപ്പെട്ട മാർ സെബാസ്റ്റ്യൻ എഡയന്ത്റത്ത് പിതാവ് വികാരാധീനനായി പ്രസംഗിക്കുന്ന ഒരു ശബ്ദശകലം പുറത്തുവന്നിരുന്നു (അല്മായർക്കു ആ യോഗത്തിൽ പ്രവേശനം ഇല്ലാതിരുന്നതിനാൽ അതു ആര് പുറത്തു വിട്ടു എന്നു വിശദീകരണം ആവശ്യമില്ലല്ലോ!). നിസ്സഹായനായുള്ള പിതാവിന്റെ ആ ഏറ്റുപറച്ചിൽ അന്നു അവിടെയുണ്ടായിരുന്ന വൈദികർക്കിടയിൽ അദേഹത്തിന് നേടിക്കൊടുത്ത കയ്യടിയും ശബ്ദശകലത്തിൽ ഉണ്ടായിരുന്നു.

അതിൽ ഒരു ഭാഗം ഇതായിരുന്നു -' കഴിഞ്ഞ 4 വർഷമായി ആലഞ്ചേരി പിതാവ് എന്റെ പൗരോഹിത്യത്തെ ചോദ്യം ചെയ്യുകയായിരുന്നു' സഭയ്ക്കും കർത്താവിനും വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ഏതൊരാളെയും ഇതു വേദനിപ്പിക്കും..പക്ഷെ സിറോ മലബാർ സഭയുടെ അധ്യക്ഷനായ ഒരു വ്യക്തി തന്റെ സഹപ്രവർത്തകനോട് ( അതിലുപരി ഒരു സഹായമെത്രാനോട്) അകാരണമായി അദ്ദേഹത്തിന്റെ 'സമ-അർപിത' ജീവിതത്തെപ്പറ്റി ചോദിക്കാമോ?? അങ്ങനെ അദ്ദേഹം തുടർച്ചയായി 4 വർഷം എടയന്ത്രത്തു പിതാവിന്റെ പൗരോഹിത്യത്തെ ചോദ്യം ചെയ്യാനുള്ള കാരണമെന്താണെന്ന് അറിയണമെന്നു അങ്ങയുടെ സ്വന്തം രൂപതയായ എറണാകുളം അങ്കമാലി അതിരൂപതയിലുള്ളവർക്കുണ്ട്! (അകാരണമായി അങ്ങയെ ചോദ്യം ചെയ്തതിന് ഞങ്ങൾക്ക് കണക്കു ചോദിക്കണമെന്നെ!) നീണ്ട 4 വർഷം അങ്ങയെ മാനസികമായി പീഡിപ്പിച്ചിട്ടും അങ്ങു ഇക്കാര്യം വൈദിക സമിതിയിലോ സഭ സിനഡിലോ പറയാതെ മനസിൽ സൂക്ഷിച്ചത് അങ്ങയുടെ എളിമ! അല്ല പിതാവേ, ശരിക്കും അത് എന്താണ് സംഭവം? കാര്യമറിഞ്ഞിട്ടു വേണം ഞങ്ങൾക്കു അങ്ങയെ പിന്തുണയ്ക്കാൻ!

രണ്ടാമത്. ഒരു സംശയം...ഓരോ രൂപതയിലെയും സഹായമെത്രാന്മാർ ആ രൂപതയിൽ നിന്നുള്ളവരാകണമെന്നു എന്തെങ്കിലും നിയമമുണ്ടോ? ഉണ്ടെങ്കിൽ അത് തിരുത്തപ്പെടേണ്ടേ? സ്വന്തം കുടുംബത്തിൽ നിന്ന് മാത്രമേ പണിയെടുക്കു എന്നു വാശിപിടിച്ചാൽ ജീവിതം മുന്നോട്ടു പോകില്ലെന്നതുകൊണ്ടു നിയോഗിക്കപ്പെടുന്ന സ്ഥലത്തു ജോലി ചെയ്യുന്നവരാണ് നാട്ടിൽ ഭൂരിപക്ഷം! അതുകൊണ്ടു തന്നെ സ്വന്തം രൂപതയ്ക്ക് വേണ്ടി സേവനം ചെയ്യാനുള്ള വൈദികരുടെയും മെത്രാന്മാരുടെയും (നാടും വീടും സുഖലോലുപതകളും വിട്ടു മിഷൻ രൂപതകളിലുള്ളവരെ മറന്നിട്ടില്ല,അവരുടെ സേവനങ്ങളും) മനസിന് നന്ദി പറഞ്ഞുകൊണ്ട് തന്നെ പറയട്ടെ... മെത്രാന്മാർക്കിടയിലും വൈദികർക്കിടയിലും എന്തുകൊണ്ടു മറ്റു രൂപതകളിലേക്കു ഒരു #Transfer or #Rotation വെച്ചുകൂടാ??!

മൂന്നാമത്. ശരി, ഭൂമി കച്ചവടത്തിന്റെ പല കാര്യങ്ങളും അറിഞ്ഞിട്ടില്ലെന്നു ബഹുമാനപെട്ട എടയന്ത്രത്തു പിതാവ് പറയുന്നു...സ്വന്തം രൂപതയിൽ തന്നെ സഹായ മെത്രാൻ ആയിട്ടും ഇവിടെ നടക്കുന്ന കാര്യങ്ങൾ അറിയാൻ കഴിയുന്നില്ലെങ്കിൽ അതൊരു തോൽവിയല്ലേ പിതാവേ! തനിക്കു അധികാരമെടുക്കാനുള്ള power ഇല്ലെന്നു പറഞ്ഞു ഒഴിയല്ലേ! പുത്തൻവീട്ടിൽ പിതാവ് പിന്നെ ഒന്നും മിണ്ടാതിരിക്കുന്നതാണ് ബുദ്ധിയെന്നു കരുതിയിരിക്കുന്നതും തോൽവിയല്ലേ??? നിങ്ങളുടെ ഭാഷയിൽ 'ഒരു വരുത്തൻ വന്നു എല്ലാം വിറ്റു തുലച്ചു കടം വരുത്തി' എന്നു പറഞ്ഞാൽ കണ്ണടച്ചു വിശ്വസിക്കുന്ന സഭാമക്കളുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ടെ! ഈ ഉത്തരവാദിത്തവീഴ്ചയുടെ, തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു ആദ്യം രാജി വയ്ക്കേണ്ടത് Mar Sebastian Edayanthrath, Mar Jose Puthanveetil എന്നിവരാണ്! നിങ്ങൾ ആദ്യം രാജിവെക്കു...തെറ്റു ചെയ്തവർക്കെതിരെ നടപടിയെക്കാൻ രൂപതയിലെ എല്ലാ അംഗങ്ങളും നിങ്ങൾക്കൊപ്പം നിൽക്കാം...ഒറ്റക്കെട്ടായി!

നാലാമത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിക്കച്ചവടം സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രതു അറിഞ്ഞില്ലെന്നു തന്നെ ഇരിക്കട്ടെ! അങ്ങു നേതൃത്വം നൽകുന്ന SAVE A FAMILY പദ്ധതിയുടെ കണക്കുകൾ പുറത്തുവിടു! ഇത്രയും കൊല്ലമായി കാനഡയിൽ നിന്നു വന്ന പണം വിനിയോഗിച്ചതെങ്ങനെ, എത്ര എമാശഹ്യ യെ രക്ഷപെടുത്തി? ഒരു കൈ ചെയുന്നത് മറു കൈ അറിയാതിരികട്ടെ എന്നാണ് ബൈബിൾ പറഞ്ഞതെങ്കിലും സഭാ മക്കളെങ്കിലും അറിയട്ടെ അങ്ങയുടെ സേവനങ്ങൾ!

അഞ്ചാമത്. നിങ്ങൾ എന്തിനാണ് ഇന്ന് ഭൂമി പ്രശ്നം മൂലം രൂപപ്പെട്ട ഒരു സംഘടനയിലെ പ്രതിനിധികളുമായി പ്രത്യേകം യോഗം വിളിച്ചത്? അതും മറ്റാരെയും അറിയിക്കാതെ? അതു രൂപതയിലെ മറ്റു വിശ്വാസികൾ അറിഞ്ഞാൽ എന്താണ് കുഴപ്പം? വാർത്ത പുറത്തുവന്നപ്പോൾ മാറ്റിവെക്കാൻ മാത്രം എന്താണ് ചർച്ച ചെയ്യാനിരുന്നത്! ഇടവകയിലെ പൊതുയോഗം പോലെ രൂപതയിലെ വിശ്വാസികളുടെ ഒരു പൊതുയോഗം വിളിക്കു സാധാരണക്കാരായ വിശ്വാസികൾക്ക് പറയാനുള്ളതും കേൾക്കൂ...

പ്രിയ പിതാക്കന്മാരെ,വൈദികരെ, ഈ ഭൂമി വില്പനയോ,കല്ലറ വില്പനയോ,അവിഹിതമോ ഒന്നുമല്ല സഭയിലെ പ്രധാന പ്രശ്നം! എല്ലാ പ്രശ്‌നങ്ങളുടെയും കാരണം, പണമുണ്ടാക്കാനുള്ള ആർത്തിയാണ്! The desire to earn money-! ആ ചിന്ത മനസ്സിൽ കേറിയ നാൾ മുതൽ സഭയിലെ സേവന ചിന്താഗതി 'കുറെയൊക്കെ' നശിച്ചു! (ചെയ്യുന്നവരെ കണ്ടില്ലെന്നു നടിക്കുന്നില്ല). കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലാണെങ്കിലും ആരോഗ്യ മേഖലയിലാണെങ്കിലും മികച്ച സംഭാവന നൽകാൻ നമ്മുടെ സഭാ സ്ഥാപനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. എന്നാൽ നിലവിലെ സ്ഥിതി എന്താണ്? School or hospital എന്തിനും ഏതിനും പണം! പണം വാങ്ങരുതെന്നല്ല, വിദ്യാഭാസവും ആതുരസേവനവും BUSINESS ആക്കരുത്!

കർത്താവിനോട് പ്രാർത്ഥിക്കണമെങ്കിൽ പണം; (നിയോഗം വെച്ചു പ്രാർത്ഥിക്കാൻ എലല 500 മുതൽ), ഒരു കൊച്ചുണ്ടായൽ മാമ്മോദിസ മുതൽ അങ്ങോട്ടുള്ള എല്ലാ ചടങ്ങിനും പണമടച്ച രസീത് ഉണ്ടെങ്കിലേ കാര്യം നടക്കു! എല്ലാം പോട്ടെ, ഒന്നു കല്യാണം കഴിക്കണമെങ്കിൽ, അതും സ്വന്തം ഇടവകയിലാണെങ്കിൽ പോലും കൊടുക്കണം പണം! അതിനെല്ലാം പുറമെ കല്യാണ കുർബാന നടക്കുമ്പോൾ ചെലവാകുന്ന വൈദ്യുതിക്ക് ആ കുടുംബനാഥന് ഷോക്ക് അടിക്കുന്ന രീതിയിലുള്ള ബില്ല്! എന്തിനേറെ പറയുന്നു, മരിച്ചാൽ കിടക്കാൻ ആറടി മണ്ണ് പള്ളി സെമിത്തേരിയിൽ വേണമെങ്കിൽ കൊടുക്കണം ലക്ഷങ്ങൾ!

വിനീതനായി കഴുതപ്പുറത്തേറിയ ക്രിസ്തുവിനായി കോടികളുടെ ആരാധനാലയങ്ങൾ (അതു പണിയുന്നതിൽ അതിലേറെ അഴിമതികൾ)...ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരായ മെത്രാന്മാർക്കും വൈദികർക്കും സഞ്ചരിക്കാൻ കോടികളുടെ വാഹനങ്ങൾ! പെസഹയും ദുഃഖവെള്ളിയും ഉയിർപ്പ് തിരുനാളും ഒക്കെയാണല്ലോ വരുന്നത്..എളിമയും സഹനവുമെല്ലാം വൈദികരിൽ നിന്നു കണ്ടു പഠിക്കണം എന്നു പറഞ്ഞു തന്നതാണ് വീട്ടിൽ നിന്നും..പക്ഷെ ഇന്ന് അതിൽ പലരുടെയും പ്രവർത്തികൾ കണ്ടാൽ പിന്നെ സഭയിൽ നിന്നു തന്നെ അകലും...

മനസിൽ അതുപോലെ വിഷം നിറഞ്ഞ 'ചിലരെങ്കിലും' ഈ വിശുദ്ധവാരത്തിൽ കുര്ബാനയർപ്പിക്കുമ്പോൾ, അവരുടെ കൈയിൽ നിന്നും വിശുദ്ധകുർബാന സ്വീകരിക്കേണ്ടി വരുന്ന വിശ്വാസികളുടെ മനസ് കൂടെ കാണണം ഈ പറയുന്ന പിതാക്കന്മാരും വൈദികരും... ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ അൽമായരുടെ വിശ്വാസത്തിനു ഒരു പോറൽ വീണിട്ടുണ്ടെങ്കിൽ അതിനു ദൈവസന്നിധിയിൽ എന്നെങ്കിലും ഉത്തരം പറയേണ്ടിവരും എന്നോർക്കുക..! ദൈവജനത്തെ കർത്താവിലേക്ക് അടുപ്പിക്കേണ്ടവർ തന്നെ അകലാൻ വഴിയൊരുക്കുന്നവർ ആകാതിരിക്കാൻ ഈ വിശുദ്ധവാരത്തിൽ എല്ലാ വിശ്വസികൾക്കൊപ്പം ഞാനും പ്രാർത്ഥിക്കുന്നു...

വിശുദ്ധ കുർബാനയ്ക്കിടയിൽ വൈദികൻ പറയുന്നതുപോലെ...

'വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു'

എന്ന്

ഷെറിൻ വിൽസൺ Sherin Wilson

മുൻ സംസ്ഥാന സിൻഡിക്കേറ്റ് അംഗം,കെ സി വൈ എം

എറണാകുളം അങ്കമാലി അതിരൂപത

വാൽകഷണം: യോഹ 4: 1 പ്രിയമുള്ളവരേ, കള്ള പ്രവാചകർ പലരും ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുന്നതിനാൽ ഏത് ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽ നിന്നും ഉള്ളവയോ എന്ന് പരിശോധിക്കുവിൻ.

കള്ളക്രിസ്തുക്കൾ എന്നതുകൊണ്ട് യേശു അർത്ഥമാക്കിയത് എതിർക്രിസ്തുക്കളെ ആണെങ്കിൽ, ഒന്നാം നൂറ്റാണ്ടിൽ യോഹന്നാൻ തന്റെ ലേഖനങ്ങൾ എഴുതുമ്പോൾ തന്നെ അനേകം എതിർക്രിസ്തുക്കൾ ലോകത്തിലേയ്ക്ക് പുറപ്പെട്ടിരിക്കുന്നു എന്ന് 1യോഹ 2:18; 4:3 2യോഹ 1:7 എന്നീ വചനങ്ങൾ പറയുന്നു.