- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൗരത്വ അപേക്ഷാ വിജ്ഞാപനം സ്റ്റേ ചെയ്യണം; സുപ്രീംകോടതിയെ സമീപിച്ചു മുസ്ലിംലീഗ്; മുസ്ലിങ്ങളല്ലാത്തവർക്ക് പൗരത്വം നൽകാൻ അപേക്ഷ ക്ഷണിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യം; അഡ്വക്കേറ്റ് ഹാരിസ് ബീരാൻ മുഖേനയാണ് ഹരജി സമർപ്പിച്ചത് പി കെ കുഞ്ഞാലിക്കുട്ടി
ന്യൂഡൽഹി: മുസ്ലിം ഒഴികെയുള്ള മതവിഭാഗത്തിൽപ്പെട്ട അഭയാർഥികളിൽ നിന്നു പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച പുറത്തിറക്കിയ വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ പി.കെ. കുഞ്ഞാലിക്കുട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
അഡ്വക്കേറ്റ് ഹാരിസ് ബീരാൻ മുഖേനയാണ് ഹരജി സമർപ്പിച്ചത്. 1955 ലെ ചട്ടപ്രകാരം ഒരു വിഭാഗത്തെ ഒഴിവാക്കാനാവില്ലെന്നാണ് ഹർജിയിലെ വാദം. മുസ്ലിങ്ങളല്ലാത്തവർക്ക് പൗരത്വം നൽകാൻ അപേക്ഷ ക്ഷണിച്ച നടപടി റദ്ദാക്കണമെന്നാണ് ഹരിജിയിൽ ആവശ്യപ്പെട്ടത്. വിവാദമായ പൗരത്വ നിയമ ഭേദഗതിയിൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിനു മുമ്പേയാണ് അഭയാർഥികളിൽ നിന്നു കേന്ദ്രസർക്കാർ പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ചത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഇത് ഭരണഘടന ഉറപ്പ് നൽകുന്ന തുല്ല്യതയ്ക്ക് എതിരാണെന്ന് ഹർജിയിൽ ലീഗ് ആരോപിക്കുന്നു.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ മതന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ക്രൈസ്തവർ, ജൈനർ, പാഴ്സി എന്നിവർക്ക് പൗരത്വത്തിന് അപേക്ഷ സമർപ്പിക്കാം എന്നായിരുന്നു വിജ്ഞാപനം. ഗുജറാത്ത്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ അധികൃതർക്ക് അപേക്ഷകൾ പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്യാമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
2009ലെ ചട്ടങ്ങൾ പ്രകാരം ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഗുജറാത്ത്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ അഭയാർഥികളായി താമസിക്കുന്നവർക്കാണ് ഇത്തവണ അപേക്ഷിക്കാൻ അവസരമുള്ളത്. അപേക്ഷയിൽ അതതു ജില്ലകളിലെ കളക്ടർമാർ തീരുമാനമെടുക്കാമെന്നുമായിരുന്നു വിജ്ഞാപനം.
2019ൽ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ടെങ്കിലും ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. പൗരത്വ നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും വിവിധ കക്ഷികളും സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും കുഞ്ഞാലിക്കുട്ടി നേരത്തെ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ