പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധാനം ചെയ്യുന്നതല്ല സ്ലോ ബോറോ കൗൺസിൽ കാബിനറ്റിലെ അംഗങ്ങളെന്ന് വെള്ളക്കാർ വിമർശിക്കുമ്പോൾ വിദേശികളായ ആരും കൗൺസസിലിൽ ഇല്ലാത്തതിനാലാണ് അതെന്ന് കരുതരുത്. യഥാർഥത്തിൽ സ്ലോ ബോറോ കൗൺസിൽ കാബിനറ്റിൽ ഇല്ലാത്തത് വെള്ളക്കാരാണ്. ഇന്ത്യക്കാരും പാക്കിസ്ഥാൻകാരും ബംഗ്ലാദേശുകാരും മാത്രമാണ് അവിടുത്തെ അംഗങ്ങൾ.

തുടർച്ചയായ രണ്ടാം വർഷവും കൗൺസിലിൽ വെള്ളക്കാരാരുമില്ല. അടുത്തിടെ ലേബർ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത് മുഹമ്മദ് നസീറും മാധുരി ബേദിയും അരവിന്ദ് ധലിവാളുമാണ്. രാജ്യത്തെ എറ്റവും കൂടുതൽ വിഭാഗങ്ങളിൽപ്പെട്ട ആളുകൾ താമസിക്കുന്ന മേഖലയാണിത്. ഏഷ്യക്കാരോ ഏഷ്യൻ ബ്രിട്ടീഷുകാരോ ആണ് ഇവിടെ കൂടുതൽ 39.7 ശതമാനം. വെള്ളക്കാരായ ബ്രിട്ടീഷുകാർ 35.7 ശതമാനമേ വരൂ.

സൊഹൈൽ മുനവറാണ് കൗൺസിൽ തലവൻ സബിയ ഹുസൈൻ ഡപ്യൂട്ടി ലീഡറും. ഫിസ മത്‌ലൂബ്, സഭർ അജൈബ്, മുഹമ്മദ് ഷരീഫ്, ജോഗീന്ദർ ബാൽ, മാധുരി ബേദി, അരവിന്ദ് ധലിവാൾ, മുഹമ്മദ് നസീർ എന്നിവരാണ് കൗൺസിൽ കാബിനറ്റിലുള്ളത്. ഇത്തരമൊരു കാബിനറ്റ് നാണക്കേടാണെന്ന് കണ്‌സർവേറ്റീവ് ഗ്രൂപ്പിന്റെ ഡപ്യൂട്ടി ലീഡർ ക്ലിർ റെയ്മൻ ബെയ്ൻസ് പറയുന്നു.

രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയാണ് റെയ്മൻ ബെയ്ൻസ് ഇതുപറയുന്നതെന്നാണ് സഭാ നേതാവ് സൊഹൈൽ മുനവർ പറയുന്നത്. കാബിനറ്റിനെ തിരഞ്ഞെടുക്കുന്നത് വളരെ സുതാര്യമായ രീതിയിലാണ്. അംഗങ്ങളുടെ താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ആളുകൾ കാബിനറ്റിലെത്തുന്നതെന്നും അതിൽ വേറൊരു തരം പരിഗണനയുമില്ലെന്നും അദ്ദേഹം പറഞ്ഞു.