കുവൈറ്റ് സിറ്റി: രാജ്യത്തെ ജനസംഖ്യയിൽ സ്വദേശികളെക്കാൾ കൂടുതലായി വിദേശികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് പ്രവാസികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളുമായി കാബിനറ്റ്. ജനസംഖ്യാ ഘടന മാറ്റുന്നതു സംബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്‌സ് ജനറൽ ഡയറക്ടറേറ്റ് നേരത്തെ തന്നെ കാബിനറ്റിന് ഒരു ശുപാർശ നൽകിയിരുന്നു. പ്രവാസികളും സ്വദേശികളും തമ്മിൽ നിലനിൽക്കുന്ന അനുപാതത്തിലെ അന്തരം കുറയ്ക്കുന്നതു സംബന്ധിച്ചുള്ള ശുപാർശകളായിരുന്നു കാബിനറ്റിന് ലഭിച്ചിരുന്നത്.

സ്വദേശികളുടെ എണ്ണം 1.5 മില്യൺ ആണെന്നിരിക്കേ കുവൈറ്റിലുള്ള വിദേശികളുടെ എണ്ണം നാലു മില്യൺ കവിഞ്ഞിരിക്കുകയാണ്. കുവൈറ്റിൽ പ്രവാസികളുടെ താമസകാലാവധി കുറച്ചു കൊണ്ടു വരിക, സ്‌പോൺസറുടെ പക്കൽ നിന്ന് ഓടിപ്പോയവരുടെ സ്റ്റാറ്റസ് പുതുക്കുന്നതിനുള്ള കാലാവധി മൂന്നുമാസമായി നൽകുക തുടങ്ങിയവയാണ് കാബിനറ്റിന്റെ പരിഗണനയിലുള്ള ശുപാർശകൾ. ഓടിപ്പോയവർ ഈ കാലാവധിക്കുള്ളിൽ പിഴയടച്ചില്ലെങ്കിൽ പ്രതിദിനം അഞ്ചു കുവൈറ്റ് ദിനാർ വരെ പിഴ നൽകുന്ന വിധത്തിൽ നിയമം പരിഷ്‌ക്കരിക്കും.

ഇതിന് പുറമെ കുവൈത്തിലേക്ക് യാത്രാ നിരോധനം ഉള്ളവരും എന്തെങ്കിലും കുറ്റകൃത്യത്തിന്റെ പേരിൽ രാജ്യത്തേക്ക് കടക്കാൻ അനുവാദം ഇല്ലാത്തവരുമായവരെ പിടികൂടാൻ അതിർത്തികളിൽ ഫിംഗർ പ്രിന്റ് സ്‌കാനറുകൾ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്.