- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക് നാഥ് ബെഹ്റ കൊച്ചി മെട്രോ എംഡി; നിയമനം മൂന്നുവർഷത്തേക്ക്; 1550 വില്ലേജുകളിൽ ഡിജിറ്റൽ റി-സർവ്വെ പദ്ധതി; സെമി ഹൈസ്പീഡ് റെയിൽവേ ലൈൻ പദ്ധതിക്ക് 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കും; മന്ത്രിസഭാ യോഗതീരുമാനങ്ങൾ
തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽവേ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി ലോക്നാഥ് ബെഹ്റ ഐ.പി.എസ്സിനെ നിയമിക്കാൻ തീരുമാനിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം.മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
ഡിജിറ്റൽ റി-സർവ്വെ പദ്ധതി
സംസ്ഥാനത്തെ 1550 വില്ലേജുകളിൽ ഡിജിറ്റൽ റി-സർവ്വെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. 807.98 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നാല് ഘട്ടമായി പൂർത്തീകരിക്കുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിന് 339.438 കോടി രൂപ റി-ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകി.
അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാനത്തെ 1550 വില്ലേജുകളിലെ ഡിജിറ്റൽ റി-സർവ്വേ പൂർത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റവന്യൂ, സർവ്വെ, രജിസ്ട്രേഷൻ എന്നീ വകുപ്പുകളിലെ ഭൂരേഖ സേവനങ്ങളുടെ ഏകീകരണം ഇതിലൂടെ സാധ്യമാകും. ഡിജിറ്റൽ ഭൂരേഖ ഭൂപട സംവിധാനങ്ങളുടെ സുശക്തമായ ചട്ടക്കൂട് രൂപപ്പെടുത്താൻ ആവശ്യമായ തരത്തിൽ ഐ.ടി. സംവിധാനങ്ങളും സാങ്കേതികവിദ്യകളും മെച്ചപ്പെടുത്തുക എന്നതും ഇതിന്റെ ഭാഗമാണ്.
ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ പരിഷ്‌ക്കരിക്കാൻ തീരുമാനിച്ചു.
സെമി ഹൈസ്പീഡ് റെയിൽവേ ലൈൻ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ വില്ലേജുകളിൽ നിന്നായി 955.13 ഹെക്ടർ ഭൂമി എൽ.എ.ആർ.ആർ. ആക്ട്, 2013 ലെ വ്യവസ്ഥകൾക്കു വിധേയമായി റെയിൽവേ ബോർഡിൽ നിന്നും പദ്ധതിക്കുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏറ്റെടുക്കാൻ തീരുമാനിച്ചു.
ഇതിനായി 7 തസ്തികകൾ ഉൾപ്പെടുന്ന ഒരു സ്പെഷ്യൽ ഡപ്യൂട്ടി കളക്ടർ ഓഫീസും മേൽപ്പറഞ്ഞ ജില്ലകൾ ആസ്ഥാനമായി 18 തസ്തികകൾ വീതം ഉൾപ്പെടുന്ന 11 സ്പെഷ്യൽ തഹസീൽദാർ (എൽ.എ) ഓഫീസുകളും രൂപീകരിക്കാൻ തീരുമാനിച്ചു. ഒരു വർഷത്തേക്ക് താത്ക്കാലികമായാണ് നിയമനം.
സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള അപാകതകൾ പരിഹരിക്കുന്നതിന് ധനകാര്യവകുപ്പിൽ അനോമിലി റെക്ടിഫിക്കേഷൻ സെൽ രൂപീകരിക്കാൻ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ഒരു വർഷക്കാലത്തേക്ക് ജോയിന്റ് സെക്രട്ടറി, സെക്ഷൻ ഓഫീസർ, മൂന്ന് അസിസ്റ്റന്റ് തസ്തികകൾ രൂപീകരിക്കാൻ തീരുമാനിച്ചു.കെ.എം.എം.എല്ലിലെ ജനറൽ മാനേജർ (ടെക്നിക്കൽ) തസ്തിക പുനരുജ്ജീവിപ്പിച്ച് നിയമനം നടത്താൻ തീരുമാനിച്ചു.
2018 ലെ കാലവർഷക്കെടുതി, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലം കൃഷിനാശം സംഭവിച്ചും, കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കടബാധ്യതകൾ ഉണ്ടായതിനെ തുടർന്നും ആത്മഹത്യ ചെയ്ത ജി. രാമകൃഷ്ണൻ, വി.ഡി. ദിനേശ്കുമാർ, എങ്കിട്ടൻ, എം.എം. രാമദാസ് എന്നിവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 3 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ തീരുമാനിച്ചു. ഇവരുടെ പേരിലുള്ള ബാങ്ക് വായ്പയുടെ പലിശ ഒഴിവാക്കി നൽകാൻ അതാത് ബാങ്കുകളോട് ശുപാർശ നൽകാനും തീരുമാനിച്ചു.
വിനോദയാത്രക്കിടെ നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട പ്രവീൺ നായരുടെ മാതാപിതാക്കൾക്ക് രണ്ടര ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കാൻ തീരുമാനിച്ചു. ഇതേ അപകടത്തിൽ മരണപ്പെട്ട കോഴിക്കോട് സ്വദേശി രഞ്ജിത്ത്-ഇന്ദുലക്ഷ്മി ദമ്പതികളുടെ ഏക മകൻ മാധവ് രജ്ഞിത്തിന്റെ പഠനാവശ്യത്തിനായി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും. കുട്ടിക്ക് 18 വയസ്സ് തികയുംവരെ തുക ബാങ്കിൽ നിക്ഷേപിച്ച് പലിശ പഠനാവശ്യത്തിനായി ഉപയോഗിക്കണം.
മറുനാടന് മലയാളി ബ്യൂറോ