തിരുവനന്തപുരം: കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ളയെ മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനാക്കാൻ തീരുമാനം. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ക്യാബിനറ്റ് പദവിയോടെയാണ് ബാലകൃഷ്ണ പിള്ളയ്ക്ക് മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകുന്നത്. ബാർകോഴ കേസിൽ നിയമോപദേശം തേടിയതിന് തുക അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഏഴ് ലക്ഷം രൂപയാണ് അനുവദിക്കുന്നത്.

നേരത്തെ യുഡിഎഫ് മന്ത്രിസഭ കാലത്തും ബാലകൃഷ്ണപ്പിള്ള തന്നെയായിരുന്നു ചെയർമാൻ.
യുഡിഎഫ് പക്ഷത്തായിരുന്നപ്പോൾ മുൻ മുഖ്യമന്ത്രി വി എസ് അച്യൂതാനന്ദൻ നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ ബാലകൃഷ്ണപ്പിള്ളയെ അഴിമതിക്കേസിൽ ശിക്ഷിച്ച് ജയിലിലടച്ചിരുന്നു. എന്നാൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള കോൺഗ്രസ് (ബി) എൽഡിഎഫ് പക്ഷത്തേക്ക് വന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ഗണേശ് കുമാർ പത്തനാപുരത്ത് മത്സരിച്ചത്.

കഴിഞ്ഞ ദിവസം ആർ ബാലകൃഷ്ണപ്പിള്ള എൽഡിഎഫിനെതിരെ കടുത്ത വിമർശനം നടത്തിയിരുന്നു. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജൻ ഉദ്ഘാടനം ചെയ്ത വേദിയിലായിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ വിമർശനം. ഗണേശ് കുമാറിനെ മന്ത്രിസഭയിലെടുക്കാത്തത് രാഷ്ട്രീയ മര്യാദ ഇല്ലായ്മയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫുമായി സഹകരിച്ച കേരള കോൺഗ്രസ് ബി പ്രസ്ഥാനത്തിന് അർഹിക്കുന്ന പരിഗണന ലഭിച്ചില്ല. സിപിഐയും സിപിഐഎമ്മും തമ്മിൽ ഏറ്റുമുട്ടുന്നത് കാണുമ്പോൾ കേരളത്തിൽ ഏറ്റവുമധികം പ്രശ്‌നങ്ങളുള്ള മുന്നണിയായി എൽഡിഎഫ് മാറിയെന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ 65 വർഷം തികച്ച ബാലകൃഷ്ണപ്പിള്ളക്ക് കേരള കോൺഗ്രസ് (ബി) പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.