- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചരിത്ര വിജയത്തിന് പിന്നാലെ തുടർഭരണത്തിന് ഒരുക്കങ്ങൾ തകൃതി; തിങ്കളാഴ്ച തലസ്ഥാനത്തെത്തി മുഖ്യമന്ത്രി ഗവർണർക്ക് രാജി നൽകുന്നതോടെ കാവൽമന്ത്രിസഭയാകും; സത്യപ്രതിജ്ഞാ തീയതി തീരുമാനം സിപിഎം -ഇടതുമുന്നണി യോഗങ്ങളിൽ; രണ്ടാം പിണറായി മന്ത്രിസഭയിൽ ആരൊക്കെ? ഘടകകക്ഷികൾക്ക് എല്ലാം മന്ത്രിസ്ഥാനം നൽകുമെന്ന് സൂചന; മന്ത്രിസഭാ രൂപീകരണ ചർച്ചകൾ മുറുകുന്നു
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും? ചർച്ചകൾ അണിയറയിൽ തുടങ്ങിക്കഴിഞ്ഞു. സിപിഎമ്മിൽ നിന്ന് മൽസരിച്ച കേന്ദ്രകമ്മിറ്റിയംഗങ്ങളിലെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിലെയും ഭൂരിഭാഗം പേരും മന്ത്രിസഭയിൽ ഇടംപിടിക്കുമെന്നാണ് സൂചന. ഘടകകക്ഷികൾക്കെല്ലാം മന്ത്രിസ്ഥാനം നൽകാൻ ഇടതുമുന്നണിയിൽ ധാരണയുണ്ടെന്നാണ് സൂചന.
11 ഘടകകക്ഷികളാണ് ഇടതുമുന്നണിയിൽ ഉള്ളത്. മുന്നണിയുടെ ഇടതുസ്വഭാവം തന്നെ മാറ്റി വച്ചും വിട്ടുവീഴ്ച ചെയ്തുമാണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്. സീറ്റ് വിഭജനത്തിലും, സ്ഥാനാർത്ഥി നിർണയത്തിലും ആദ്യം പ്രശ്നങ്ങൾ ഉയർന്നെങ്കിലും അത് വേഗം പരിഹരിക്കാൻ കഴിഞ്ഞു. അഞ്ചുമന്ത്രിമാരെയും, സ്പീക്കറെയും, സിപിഎമ്മും, മൂന്നുമന്ത്രിമാരെ സിപിഐയും ഒഴിവാക്കി. പുതുമുഖങ്ങൾക്ക് പ്രാധാന്യമുള്ള ഒരുസ്ഥാനാർത്ഥി പട്ടികയുമായാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പ് ഗോദായിൽ ഇറങ്ങിയത്. കോൺഗ്രസും പുതുമുഖങ്ങളെ ഇറക്കിയെങ്കിലും ഇടതുതരംഗത്തിൽ അതെല്ലാം ഒലിച്ചുപോയത് സ്വാഭാവികം. ധനവകുപ്പിൽ കിഫ്ബിയുടെ തുടർ പരിപാടികൾക്കായി ഐസക്കോ, പൊതുമരാമത്തിൽ മികവ് തുടരാൻ ജി.സുധാകരനോ ഇല്ല. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ പലരും ചോദ്യം ഉയർത്തിയതാണ്, ഇവരൊക്കെയില്ലാതെ എന്തുമന്ത്രിസഭ.? കിഫ്ബി എങ്ങനെ മുന്നോട്ടുകൊണ്ടുപോകും.? പിണറായി വിജയൻ ഇരുവരെയും വെട്ടിനിരത്തിയെന്ന് വരെ ആരോപണങ്ങൾ കാറ്റിൽ പരന്നു. ഏതായാലും, മുതിർന്ന മന്ത്രിമാരെ വരെ മാറ്റി ഉജ്ജ്വല വിജയം നേടിയ പിണറായി എല്ലാറ്റിനും മറുപടി നൽകിയിരിക്കുകയാണ്.
നാളെ തലസ്ഥാനത്തെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് രാജി നൽകും. അതോടെ നിലവിലെ മന്ത്രിസഭ കാവൽ മന്ത്രിസഭയായി തുടരും. ചൊവ്വാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന സമിതി, ഇടതുമുന്നണി യോഗങ്ങളുടെ തീയതി തീരുമാനിക്കും. പിന്നാലെ ഇടതുമുന്നണി ഘടകകക്ഷികൾ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് മന്ത്രിമാരെ തീരുമാനിക്കും. തുടർന്ന് ഇടതുമുന്നണി ചേർന്ന് സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗവർണർക്ക് കത്തുനൽകും.
കേന്ദ്രകമ്മിറ്റിയംഗങ്ങളായ കെ.കെ.ശൈലജ, എം വിഗോവിന്ദൻ, കെ.രാധാകൃഷ്ണൻ എന്നിവരും സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ, എം.എം.മണി, പി.രാജീവ്, കെ.എൻ.ബാലഗോപാൽ എന്നിവരും മന്ത്രിമാരാകാനാണ് സാദ്ധ്യത. സിപിഐയിൽ ഇ.ചന്ദ്രശേഖരൻ, പി.പ്രസാദ്, കെ.രാജൻ, ജെ.ചിഞ്ചുറാണി എന്നിവർക്കാണ് സാദ്ധ്യത. പുതിയ മന്ത്രിസഭയിൽ പുതുമുഖങ്ങൾ ഏറെയുണ്ടാകും എന്നുറപ്പായി. കെ.കെ.ശൈലജയക്ക് ആരോഗ്യ വകുപ്പ് തന്നെ കിട്ടുമോ എന്നതും അറിയേണ്ട വിഷയമാണ്. തിരുവനന്തപുരത്തുനിന്ന് കടകംപള്ളി സുരേന്ദ്രനെ നിലനിർത്തുമോ നേമം പിടിച്ചെടുത്ത് ബിജെപി അക്കൗണ്ട് പൂട്ടിയ വി.ശിവൻകുട്ടിക്ക് അവസരം നൽകുമോ എന്നാണ് അറിയേണ്ടത്. യുവാക്കൾക്ക് അവസരം നൽകാൻ തീരുമാനിച്ചാൽ വി.കെ.പ്രശാന്തിനും വഴിതുറക്കും.
വൈദ്യുതി വകുപ്പിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച എംഎം മണിയും മന്ത്രിസഭയിൽ എത്തിയേക്കും. തവനൂരിൽ കഷ്ടിച്ചുകടന്നുകൂടിയ കെ.ടി.ജലീലിനെ ആരോപണങ്ങൾ മുൻനിർത്തി മന്ത്രിസഭയിൽ നിന്ന് മാറ്റിനിർത്തുമോ? എ.സി. മൊയ്തീനും കടകംപള്ളിക്കും വീണ്ടും അവസരം നൽകുമോ എന്നതും ആലോചനാവിഷയമാണ്. കെ.രാധാകൃഷ്ണൻ മന്ത്രിയാകുന്ന സാഹചര്യത്തിൽ എ.സി.മൊയ്തീന്റെ സാധ്യത അടയും. വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ പേരിൽ സർക്കാരിനെ മുൾമുനയിൽ നിർത്തിയ അനിൽ അക്കരയെ തോൽപ്പിച്ച് ഉഗ്രൻ വിജയം നേടിയ സേവ്യർ ചിറ്റിലപ്പള്ളിയെ പരിഗണിക്കുമെന്ന് സൂചനയുണ്ട്്. എസി.മൊയ്തീന്റെ നാട്ടുകാരനാണ് സേവ്യറും. ആലപ്പുഴജില്ലയിൽ നിന്ന് സജി ചെറിയാനും കോട്ടയം ജില്ലയിൽ നിന്ന് വി.എൻ.വാസവനും മന്ത്രിയാകാൻ സാദ്ധ്യത കൽപിക്കപ്പെടുന്നു. തൃത്താല പിടിച്ച എം.ബി.രാജേഷിനും സാദ്ധ്യതയുണ്ട്ഏതായാലും ഇക്കാര്യത്തിൽ അവസാന വാക്ക് പിണറായി വിജയന്റേതാകും.
സിപിഐ മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകാനാണ് സാദ്ധ്യത.ഏക അംഗങ്ങളുള്ള പാർട്ടികൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകുന്നത് സിപിഎം ആലോചിക്കും. അങ്ങനെവന്നാൽ ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ആന്റണി രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, കെ..ബി.. ഗണേശ്കുമാർ എന്നിവരെ പരിഗണിക്കാനും സാധ്യതയുണ്ട്. സിപിഐയിൽ ഇ.ചന്ദ്രശേഖരൻ, പി.പ്രസാദ്, കെ.രാജൻ, ജെ.ചിഞ്ചുറാണി എന്നിവർക്കാണ് സാദ്ധ്യത.
കേരള കോൺഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ഒരു കാബിനറ്റ് റാങ്കിനുമാണ് സാധ്യത. മുന്നണിയുടെ വിജയത്തിന് നിർണായകമായ സംഭാവന നൽകിയിട്ടും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന പാർട്ടി ചെയർമാൻ ജോസ് കെ.മാണിക്ക് കാബിനറ്റ് റാങ്കോടുകൂടിയ പദവി പരിഗണിച്ചേക്കാം. റോഷി അഗസ്റ്റിനായിരിക്കും കേരളാ കോൺഗ്രസിൽ നിന്നും മന്ത്രിസഭയിലെത്തുക. ജോസ് വിഭാഗത്തിൽ നിന്ന് രണ്ടുപേരെയാണ് മന്ത്രിസഭയിലേക്ക് എടുക്കാൻ സാധ്യത. ജോസ് കെ മാണി ഇല്ലെങ്കിൽ എൻ.ജയരാജിന് നറുക്ക് വീഴുമോയെന്നും അറിയണം.
ചരിത്ര വിജയവും തുടർഭരണവും
140ൽ 99 മണ്ഡലങ്ങളിലും എൽഡിഎഫിന് ലീഡ്. 41സീറ്റുകളിൽ ഒതുങ്ങി യുഡിഎഫ്. ആകെയുണ്ടായിരുന്ന സീറ്റും നഷ്ടപ്പെട്ട് ബിജെപി. വോട്ടെണ്ണലിന്റെ ആദ്യഘട്ടംമുതൽ തന്നെ എൽഡിഎഫിന് വ്യക്തമായ മേൽക്കൈയുണ്ടായിരുന്നു. ഒരുഘട്ടത്തിൽപ്പോലും യുഡിഎഫിന് അറുപതിലേക്ക് ലീഡ് നില ഉയർത്താൻ കഴിഞ്ഞില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വരെ ജയിക്കാൻ വിയർത്തു. മലപ്പുറം, വയനാട്,എറണാകുളം ജില്ലകളിൽ മാത്രമാണ് യുഡിഎഫിന് ആശ്വാസിക്കാൻ അവസരം ലഭിച്ചത്.
തിരുവനന്തപുരം ജില്ലയിൽ കോവളം മാത്രം യുഡിഎഫിനൊപ്പം നിന്നു. എന്നാൽ കൊല്ലത്ത് നില മെച്ചപ്പെടുത്താൻ യുഡിഎഫിനായി. കഴിഞ്ഞവണ ഒന്നുമില്ലാതിരുന്നിടത്ത് നിന്ന് യുഡിഎഫ് കരുനാഗപ്പള്ളിയും കുണ്ടറയും പിടിച്ചെടുത്തു. ജെ മെഴ്സിക്കുട്ടിയമ്മ കുണ്ടറയിൽ തോറ്റു. തോറ്റ ഒരേയൊരു മന്ത്രിയാണ് മെഴ്സിക്കുട്ടിയമ്മ.
പത്തനംതിട്ട മൊത്തത്തിൽ ചുവന്നപ്പോൾ, ആലപ്പുഴയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മാത്രമാണ് ചുവപ്പ് കൊടുങ്കാറ്റിൽ പിടിച്ചു നിൽക്കാൻ സാധിച്ചത്. എറണാകുളത്ത് എൽഡിഎഫിന്റെ സ്ഥിതി മെച്ചപ്പെട്ടു. അഞ്ചിടങ്ങളിൽ ജയിക്കാനായി. ഇടുക്കിയിൽ തൊടുപുഴയിലെ പി ജെ ജോസഫ് അല്ലാതെ ആരും രക്ഷപ്പെട്ടില്ല.
ചാലക്കുടി മാത്രമാണ് തൃശൂരിൽ യുഡിഎഫിനെ തുണച്ചത്. ബിജെപി കരുത്തു കാട്ടിയ തൃശൂരിൽ എൽഡിഎഫ് അവസാനം വരെ പൊരുതി വിജയം പിടിച്ചെടുത്തു. പാലക്കാട് ജില്ലയിൽ മണ്ണാർക്കാടും പാലക്കാടും മാത്രം യുഡിഎഫിനൊപ്പം ചേർന്നു. ഇതിൽ പാലക്കാട് ഷാഫി പറമ്പിലിന്റെ വിജയം മികച്ചതായി ബിജെപിയുടെ ഇ ശ്രീധരൻ കടുത്ത പോരാട്ടമാണ് കാഴ്ചവച്ചത്.
മലപ്പുറത്ത് യുഡിഎഫ് എട്ട് സീറ്റ് നേടിയപ്പോൾ എൽഡിഎഫ് അഞ്ച് സീറ്റിൽ ജയിച്ചു. കോഴിക്കോട് വടകരയിൽ കെ കെ രമയുടെ വിജയം സിപിഎമ്മിന് രാഷ്ട്രീയമായ തിരിച്ചടിയായി. കൊടുവള്ളി മാത്രമാണ് വടകര കൂടാതെ യുഡിഎഫിനെ തുണച്ചത്. വയനാട്ടിൽ മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും ജയിച്ചു.
യുഡിഎഫ് തകർന്നടിഞ്ഞപ്പോൾ ബിജെപി ചിത്രത്തിലേ ഇല്ലാതായി. രണ്ടിടത്ത് മത്സരിച്ച കെ സുരേന്ദ്രനും സിറ്റിങ് സീറ്റായ നേമത്ത് കുമ്മനവും തൃശൂരിൽ സുരേഷ് ഗോപിയും പാലക്കാട് ഇ ശ്രീധരനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും തോൽവി അറിഞ്ഞു. അനിൽ അക്കര, വി ടി ബൽറാം, എം കെ മുനീർ, കെ എസ് ശബരീനാഥൻ, ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ തുടങ്ങി നിരവധി പ്രമുഖ യുഡിഎഫ് നേതാക്കൾ തോൽവി ഏറ്റുവാങ്ങി. എൽദോ എബ്രഹാമും ജോസ് കെ മാണിയുമാണ് എൽഡിഎഫ് നിരയിൽ തോറ്റ പ്രമുഖർ.
മറുനാടന് മലയാളി ബ്യൂറോ