- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടിപിടികൂടിയും വിലപേശിയും സമയം പാഴാക്കുന്നു; മന്ത്രിസഭാ രൂപീകരണം വൈകുന്നതിൽ വിമർശനവുമായി ബിജെപി; ഘടകകക്ഷികളുമായി ആദ്യഘട്ട ഉഭയകക്ഷി ചർച്ച പൂർത്തിയാക്കി സിപിഎം; ഗണേശ് കുമാറും ആന്റണി രാജുവും മന്തിമാരായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാരൂപീകരണം വൈകുന്നതിൽ വിമർശനവുമായി ബിജെപി രംഗത്തെത്തി. ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഭരണകക്ഷിക്ക് നാളിതുവരെ ഒരു മന്ത്രിസഭ രൂപീകരിച്ച് ഭരണ നിർവ്വഹണം നടത്താൻ കഴിയാത്തത് ജനവഞ്ചനയാണെന്നായിരുന്നു കുമ്മനം രാജശേഖരന്റെ വിമർശനം. അതേസമയം, ഘടകകക്ഷികളുമായി സിപിഎം നടത്തിയ ആദ്യഘട്ട ഉഭയകക്ഷി ചർച്ച പൂർത്തിയായി. ഇന്ന് ഏകാംഗ കക്ഷികളുമായി നടത്തിയ ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞു.
ഏതെല്ലാം പാർട്ടികൾക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നതിൽ അന്തിമതീരുമാനമായില്ല. കെ.ബി. ഗണേശ്‌കുമാറും ആന്റണി രാജുവും മന്ത്രിയായേക്കുമെന്നാണ് സൂചന. ഐ.എൻ.എല്ലും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു. പതിനേഴാം തീയതിയിലെ എൽ.ഡി.എഫ് യോഗത്തിന് മുൻപ് അന്തിമതീരുമാനമെടുക്കാമെന്നാണ് സിപിഎമ്മിന്റെ മറുപടി.
ഒരു സീറ്റിൽ മൽസരിക്കുകയും ജയിക്കുകയും ചെയ്ത കേരള കോൺഗ്രസ് ബി, ജനാധിപത്യ കേരള കോൺഗ്രസ്, കോൺഗ്രസ് എസ്, കൂടാതെ ഐ.എൻ.എൽ എന്നിവരുമായുള്ള ചർച്ചയാണ് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്നത്. തിരുവനന്തപുരം പിടിച്ചെടുത്ത ആന്റണി രാജുവും പത്തനാപുരം നിലനിർത്തിയ കെ.ബി.ഗണേശ്‌കുമാറും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉറപ്പ് നൽകിയില്ലെങ്കിലും, എതിരഭിപ്രായം ഉണ്ടായില്ല.
കോഴിക്കോട് സൗത്ത് പിടിച്ചെടുത്ത അഹമ്മദ് ദേവർമഠത്തിലിനെ മന്ത്രിയാക്കണമെന്ന് ഐ.എൻ.എല്ലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സാധ്യത കുറവാണ്. പകരം ചീഫ് വിപ്പ് പദവി നൽകുമെന്നാണ് സൂചന. രാമചന്ദ്രൻ കടന്നപ്പള്ളിയോടും മന്ത്രിസ്ഥാനമില്ലങ്കിലും അർഹമായ പരിഗണനയുണ്ടാകുമെന്ന് മാത്രമാണ് അറിയിച്ചത്.
കേരള കോൺഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനത്തിന് പുറമെ എന്ത് നൽകുന്നൂവെന്നത് അനുസരിച്ചാവും തുടർതീരുമാനങ്ങൾ. ജോസ് കെ.മാണിക്ക് അർഹമായ പരിഗണന നൽകണമെന്നാണ് സിപിഎം ആഗ്രഹം. വരുംദിവസങ്ങളിലെ സിപിഎം-സിപിഐ ചർച്ചയിലൂടെ ഇതിൽ വ്യക്തതയുണ്ടാക്കും. പിന്നീട് 17ന് എല്ലാ കക്ഷികളുമായി രണ്ടാം ചർച്ചനടത്തി അന്തിമതീരുമാനത്തിലെത്താനാണ് ആലോചന.
കേരള കോൺഗ്രസ് മാണി വിഭാഗം, എൻസിപി. ജെഡിഎസ് എന്നീ മൂന്ന് കക്ഷികളുമായുള്ള ചർച്ച കഴിഞ്ഞദിവസം നടന്നിരുന്നു. ആദ്യം നടന്ന കേരള കോൺഗ്രസ് എം ചർച്ചയിൽ രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടു. എന്നാൽ നിലവിലെ സാഹചര്യത്തിൽ രണ്ട് മന്ത്രി സ്ഥാനം നൽകുന്നതിലെ ബുദ്ധിമുട്ട് സിപിഎം പാർട്ടിയെ അറിയിച്ചിട്ടുണ്ട്. ഒരു മന്ത്രി സ്ഥാനവും ഒരു ക്യാബിനറ്റ് പദവിയും എന്ന നിലയിലാവും കേരള കോൺഗ്രസ് മാണി വിഭാഗത്തെ പരിഗണിക്കുക.
ജെഡിഎസും ഒരു മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ എൽജെഡിയും ജെഡിഎസും ഒന്നിക്കുക എന്ന നിർദ്ദേശമാണ് സിപിഐഎം മുന്നോട്ട് വെച്ചത്. നേരത്തെ സീറ്റ് വിഭജന ചർച്ചകൾക്കിടയിൽ തന്നെ സിപിഎം ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ എൽജെഡിയുടെ എതിർപ്പാണ് ഇതിന് തടസ്സമെന്ന് ജെഡിഎസ് അറിയിച്ചു. എൻസിപിയും ഒരു മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം 20ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനമുള്ളത്. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഒറ്റഘട്ടമായി സത്യപ്രതിജ്ഞ ചെയ്യും. 99 സീറ്റുകൾ നേടിയാണ് എൽഡിഎഫ് തുടർഭരണമെന്ന ചരിത്രനേട്ടം കേരളത്തിൽ കുറിച്ചിരിക്കുന്നത്. സിപിഐഎമ്മിന് 67ഉം സിപിഐയ്ക്ക് 17ഉം സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്.
കാലതാമസത്തിൽ കുമ്മനത്തിന്റെ വിമർശനം
കോവിഡ് മഹാമാരിയുടെ അതിരൂക്ഷമായ പ്രത്യാഘാതങ്ങളിൽപ്പെട്ട് ജനസമൂഹം കഷ്ടനഷ്ടങ്ങൾ സഹിക്കുമ്പോൾ കസേരകൾ ഒഴിഞ്ഞു കിടക്കുന്നതും പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട മന്ത്രിമാർ ആരും അധികാരമേൽക്കാത്തതും കസേരകൾ ഒഴിഞ്ഞു കിടക്കുന്നതും ഖേദകരമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിജെപി നേതാവിന്റെ വിമർശനം.
ബംഗാൾ, ആസാം, തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ മന്ത്രിസഭ അധികാരമേറ്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സർക്കാരുണ്ടായി. കേരളത്തിൽ മാത്രം ഫലം പ്രഖ്യാപിച്ച് നീണ്ട 18 ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിസഭ അധികാരമേൽക്കാൻ പോകുന്നത്. വളരെ ഭീതിദവും ഉൽക്കണ്ഠാജനകവുമായ സംഭവവികാസങ്ങളിലൂടെ സംസ്ഥാനം കടന്നുപോകുമ്പോൾ മന്ത്രിക്കസേരകൾക്ക് വേണ്ടി ഘടകകഷികൾ കടിപിടികൂടിയും വിലപേശിയും സമയം പാഴാക്കുകയാണെന്നും കുമ്മനം ആരോപിച്ചു.
കഴിവതും വേഗം അധികാരമേറ്റ് പ്രശ്ന പരിഹാരത്തിന് സത്വര നടപടികൾ കൈക്കൊള്ളണമെന്നും കുമ്മനം രാജശേഖരൻ നിർദ്ദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ