തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ ഇ പി ജയരാജൻ രാജിവച്ച ഒഴിവിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം എം മണി മന്ത്രിസഭയിലേക്ക്. വൈദ്യുതി വകുപ്പാണു മണിക്കു നൽകുകയെന്നാണു സൂചനകൾ.

നിലവിൽ സഹകരണ - ടൂറിസം മന്ത്രിയായ എ സി മൊയ്തീൻ വ്യവസായ വകുപ്പിന്റെ ചുമതല ഏറ്റെടുക്കുമെന്നാണു സൂചന. ഇ പി കൈകാര്യം ചെയ്ത സ്പോർട്സ് - യുവജനകാര്യ വിഭാഗവും മൊയ്തീനു തന്നെ ലഭിക്കുമെന്നാണു സൂചന.

സിപിഐ(എം) സംസ്ഥാന സമിതി യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ എം എം മണിയെ മന്ത്രിസ്ഥാനത്തേക്കു നിർദേശിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും കോടിയേരി അറിയിച്ചു.

ഇ പി ജയരാജന്റെ ബന്ധു നിയമന വിവാദമാണ് ആറാം മാസത്തിൽ പിണറായി വിജയൻ സർക്കാരിൽ അഴിച്ചുപണിക്കു കളമൊരുക്കിയത്. സിപിഐ(എം) സംസ്ഥാന സമിതിയിലാണു മന്ത്രിസഭ അഴിച്ചുപണിയാനുള്ള തീരുമാനം. വ്യവസായ-കായിക മന്ത്രിയായിരുന്ന ഇ പി ജയരാജൻ ബന്ധു നിയമന വിവാദത്തിൽപ്പെട്ടതിനെ തുടർന്നു ജയരാജൻ കൈകാര്യം ചെയ്ത വകുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കൈകാര്യം ചെയ്യുകയായിരുന്നു.

അതേസമയം, വൈദ്യുതി വകുപ്പിനു പകരം കടകംപള്ളി സുരേന്ദ്രൻ എ സി മൊയ്തീൻ കൈകാര്യം ചെയ്തിരുന്ന സഹകരണ വകുപ്പും ടൂറിസം വകുപ്പും നൽകുമെന്നു വാർത്താചാനലുകൾ റിപ്പോർട്ടു ചെയ്തു. ദേവസ്വം വകുപ്പും കടകംപള്ളി തന്നെ കൈകാര്യം ചെയ്യും. മുമ്പു സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റായി പ്രവർത്തിച്ച പരിചയമുള്ള കടകംപള്ളിക്കു സഹകരണവകുപ്പു ലഭിക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രതീക്ഷ. എന്നാൽ, സുപ്രധാന വകുപ്പായ വൈദ്യുതി വകുപ്പാണു കടകംപള്ളിക്കു നൽകിയിരുന്നത്. പുതുതായി മന്ത്രിസഭയിൽ എത്തിയ മണിക്കു വൈദ്യുതി വകുപ്പു നൽകിയതോടെ കടകംപള്ളിക്കു സഹകരണവകുപ്പിന്റെ ചുമതല നൽകുമെന്നാണു റിപ്പോർട്ടുകൾ.

മന്ത്രിയാക്കാനുള്ള പാർട്ടിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് എം എം മണി പ്രതികരിച്ചു. സംസ്ഥാനത്തിന്റെ താൽപര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുമെന്നും മികച്ച ഭരണം ലക്ഷ്യമിട്ടാകും പ്രവർത്തിക്കുകയെന്നും മണി പറഞ്ഞു.

സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റംഗമായിരുന്നു ഇ പി ജയരാജൻ. അതുകൊണ്ടു തന്നെ ജയരാജൻ രാജിവച്ച ഒഴിവിലേക്ക് മറ്റൊരു സംസ്ഥാന സെക്രട്ടറിയറ്റംഗത്തെ തന്നെ പരിഗണിക്കുകയായിരുന്നു പാർട്ടി. അതേസമയം, സംസ്ഥാന സമിതി യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുത്തില്ല.

എം എം മണി ആദ്യമായാണ് മന്ത്രിസ്ഥാനത്ത് എത്തുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളിൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാഞ്ഞ ഏക വ്യക്തിയായിരുന്നു എം എം മണി. മന്ത്രിസഭാ രൂപീകരണ സമയത്ത് അദ്ദേഹത്തിന് സർക്കാർ ചീഫ് വിപ്പ് പദവി നൽകുകയായിരുന്നു ചെയ്തത്. സർക്കാർ ചീഫ് വിപ്പിന്റെ ഒഴിവിലേക്ക് പുതിയ പ്രതിനിധിയെയും ഉടനെ തീരുമാനിക്കും.

ഇടുക്കിയിലെ ഉടുമ്പൻ ചോലയിൽ നിന്നുള്ള നിയമസഭാംഗമാണ് എംഎം മണി. കോൺഗ്രസ് സ്ഥാനാർത്ഥി വേണു സഭാപതിയെ ശക്തമായ പോരാട്ടത്തിലാണു മണി തോൽപ്പിച്ചത്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും മുതിർന്ന നേതാവുമായ മണി ആദ്യമന്ത്രിസഭാ രൂപീകരണത്തിൽ തന്നെ സ്ഥാനം നേടുമെന്നായിരുന്നു ഏവരും കരുതിയിരുന്നതെങ്കിലും ഒഴിവാക്കപ്പെട്ടിരുന്നു. ഒടുവിൽ അർഹമായ സ്ഥാനം തന്നെയാണ് മണിയെ തേടിയെത്തിയിരിക്കുന്നതെന്നാണു പൊതുവായ വിലയിരുത്തൽ.