ദോഹ: രാജ്യത്തെ കായിക ക്ലബുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തക്കൊണ്ട് പുതിയ നിയമത്തിന് അംഗീകാരമായി. പുതിയ നിയമപ്രകാരം പുതിയ ക്ലബ്ബുകൾ ഉണ്ടാക്കുവാനോ ഉള്ള ക്ലബ്ബുകൾ മറ്റൊരു സ്ഥലത്തേക്കു മാറ്റിസ്ഥാപിക്കുവാനോ ഉത്തരവാദിത്തപ്പെട്ട അധികാരികളിൽ നിന്ന് ലൈസൻസ് എടുക്കൽ നിർബന്ധമാണ്.

യുവജന കായിക മന്ത്രിക്കാണ് ക്ലബ്ബുകൾ സ്ഥാപിക്കാനുള്ള ലൈസൻസ് നൽകാനുള്ള അധികാരം. ലൈസൻസ് ലഭിക്കുന്ന മുറക്ക് കായിക മന്ത്രാലയം പുതിയ ക്ലബ്ബിന്റെ സ്ഥാപന ലക്ഷ്യവും ചട്ടങ്ങളും ലൈസൻസ് നമ്പറും സഹിതമുള്ള പരസ്യം ഏതെങ്കിലും ഔദ്യോഗിക പത്രത്തിൽ പരസ്യം ചെയ്യും .

അതോടൊപ്പം ക്ലബ്ബിലെ അംഗങ്ങൾക്കിടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രസിഡന്റും വൈസ് പ്രസിഡന്റും ഉണ്ടായിരിക്കണം. നാലു വർഷമായിരിക്കും ഇവരുടെ കാലാവധി. കാലാവധി കഴിയുന്ന മുറക്ക് വീണ്ടും തെരഞ്ഞെടുപ്പു നടത്തണം. ക്ലബ്ബിന്റെ സ്ഥാപിത ലക്ഷ്യങ്ങൾക്കനുസരിച്ച് അതിന്റെ പ്രവർത്തനം നിയന്ത്രിക്കേണ്ട ചുമതല പ്രസിഡന്റിന്റെതായിരിക്കും. പ്രസിഡന്റിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ ഒരു ജനറൽ മാനേജറും ക്ലബ്ബിനുണ്ടായിരിക്കും.