കോഴിക്കോട്: ആഗോള മാദ്ധ്യമ കുത്തകയായ റൂപർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ഗ്രൂപ്പ് മൂന്നുവർഷം മുമ്പ് ഏഷ്യാനെറ്റ് ഏറ്റെടുത്തപ്പോൾ തന്നെ പലരും അപകടം മണത്തിരുന്നു. കേരളത്തിലെ ദൃശ്യമാദ്ധ്യമ മേഖലയിൽ ഇനി മർഡോക്കിന്റെ കുത്തക വരുമെന്ന്.ഇപ്പോഴിതാ സ്റ്റാർ ഗ്രൂപ്പിലെ മുഴുവൻ ചാനലുകൾക്കും അമിത ചാർജ് ഈടാക്കിക്കൊണ്ട് മർഡോക്കും കൂട്ടരും കേരളത്തെ കൊള്ളയടിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തത്തെിയിരിക്കയാണ് കേരളത്തിലെ കേബിൾ ടിവി ഓപ്പറേറ്റർമാർ.

അമിത ചാർജിനെതിരെ അവർ പ്രതികരിച്ചപ്പോൾ, ഏഷ്യാനെറ്റ് ചാനൽ ഉൾപ്പെടെയുള്ള സ്റ്റാർ ഗ്രൂപ്പിലെ ചാനലുകൾ കേരളാവിഷൻ ഡിജിറ്റൽ സംവിധാനത്തിൽനിന്ന് സിച്ച് ഓഫ് ചെയ്തുകൊണ്ടാണ് സ്റ്റാർ ്രഗൂപ്പ് തിരച്ചടിച്ചത്. ഇതിന്റെ ഭാഗമായി കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രത്യേകിച്ച് ഗ്രാമീണമേഖലയിൽ കഴിഞ്ഞ മൂന്നു ദിവസമായി എഷ്യാനെറ്റ് ലഭ്യമല്ല. എന്നാൽ മറ്റൊരു മാനേജ്‌മെന്റിന്റെ ഭാഗമായതിനാൽ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ളവയെ സമരം ബാധിച്ചിട്ടില്ല.

ഒറ്റയടിക്ക് 200 ശതമാനം ചാർജുവർധനവാണ് സ്റ്റാർ ഗ്രൂപ്പ്, കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പ്രാവർത്തികമായി നിലവിൽ മാസത്തിൽ മൊത്തം ചാനലുകൾക്കായി 200 രൂപകൊടുക്കുന്ന ഒരാൾക്ക് 600ൽ അധിക രൂപയെങ്കിലും നൽകേണ്ട അവസ്ഥയുണ്ടാകുമെന്ന് കേബിൾ ഓപ്പറേറ്റേഴ്‌സ അസോസിയേഷൻ ( സി.ഒ.എ) ചൂണ്ടിക്കാട്ടുന്നു. ആഗോള കുത്തകളുടെ പ്രവർത്തനം രാജ്യത്തെ സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്നും സി.ഒ.എ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ കേബിർ ടിവി ഓപ്പറേറ്റർമാരുടെ സംഘടിത നെറ്റ്‌വർക്ക് തകർത്ത് സ്വന്തം ശൃഖല കെട്ടിപ്പെടുക്കാനാണ് സ്റ്റാർ ഗ്രൂപ്പിന്റെ ശ്രമം. കേരളത്തിലെ ജനപ്രിയ ചാനലായ ഏഷ്യാനെറ്റ് കിട്ടാതാവുന്നതോടെ ജനം നേരിട്ട് അന്വേഷിച്ചവന്ന് തങ്ങളുടെ ശൃഖലയിലേക്ക് മാറുമെന്നാണ് സ്റ്റാർ ഗ്രൂപ്പ് കണക്കുകൂട്ടുന്നത്. ഇതിനായി അവർ വലിയ പരസ്യങ്ങളും ഡയറക്ട് മാർക്കറ്റിങ്ങ് തന്ത്രവും ആവിഷ്‌ക്കരിച്ചു കഴിഞ്ഞു. തങ്ങളുടെ പരിപാടികൾ കൂടുതൽ ജനപ്രിയവും നിലവാരമുള്ളതും ചെലവേറിയതുമാണെന്ന് സ്റ്റാർ ഗ്രൂപ്പ് നിരക്ക് വർധനക്ക് ന്യായമായി പറയുന്നത്.

എന്നാൽ ഇത്രയും ഭീമമായ തുകകൊടുത്ത് വാങ്ങാനുള്ള നിലവാരമൊന്നും ഏഷ്യാനെറ്റിനും, അനുബന്ധ ചാനലുകൾക്കും ഇല്‌ളെന്നാണ് പ്രേക്ഷകരുടെയും പൊതു അഭിപ്രായം. അറുബോറൻ സീരിയലുകൾ അടിച്ചേൽപ്പിക്കുന്ന ഇത്തരം ചാനലുകൾ കാണാതിരക്കുന്നതാണ് നല്ലതെന്ന് നല്‌ളൊരു ഭാഗം പ്രേക്ഷകരും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട്.
ഭീമമായ തോതിൽ നിരക്ക് വർധിപ്പിക്കാനുള്ള ഈ കമ്പനിയുടെ സമ്മർദതന്ത്രമാണ് ഈ സ്വിച്ച് ഓഫ് നടപടിയെന്ന് കേബിൾ ഓപ്പറേറ്റേഴ്‌സ അസോസിയേഷൻ നേതാക്കളിൽ ഒരാളായ സതീഷ് കിളിമാനൂർ പറഞ്ഞു.

സ്റ്റാർ ഗ്രൂപ്പിലെ 45 ചാനലുകൾക്കു മാത്രമാണ് കേരളത്തിൽ പ്രേക്ഷകരുള്ളത്. ഈ കമ്പനിക്കു ഏഷ്യാനെറ്റ് ഉൾപ്പെടെ 254 ഉപഗ്രഹ ചാനലുകളാണുള്ളത്. 2016 ഡിസംബർ 31നാണ് കേബിൾ ടി.വി. ഡിജിറ്റലൈസേഷൻ പൂർത്തിയാവുന്നത്. നഗരപ്രദേശങ്ങൾ ഉൾപ്പെടുന്ന ഡിജിറ്റലൈസേഷന്റെ മൂന്നാംഘട്ടത്തിലാണ്. ഇതിൽപോലും സംസ്ഥാനത്തെ കേബിൾ ടി.വി വരിക്കാരുടെ 18 ശതമാനം മാത്രമേ ഉൾപ്പെടുന്നുള്ളൂ. നിയമാനുസൃതമായ ഡിജിറ്റലൈസേഷൻ പൂർണമായാൽ സ്റ്റാർ ചാനലുകൾ ആവശ്യമുള്ള പ്രേക്ഷകർക്കുമാത്രം അധികനിരക്ക് നൽകി ഈ ചാനൽ സ്വീകരിക്കാനാകും. അതുവരെയുള്ള സമയമായ 2016 ഡിസംബർ 16 വരെ ന്യായമായ വർധന നൽകാമെന്ന കേബിൾ ടിവി ഓപ്പറേറ്റർമാരുടെ അഭിപ്രായം സ്്റ്റാർ ടി.വി അധികൃതർ സ്വീകരിക്കാൻ തയാറാവുന്നില്ല. ഈ നീക്കത്തെ എന്തുവിലകൊടുത്തും തോൽപ്പിക്കുമെന്ന് കേബിർ ടിവിക്കാർ പറയുന്നു.

സ്വച്ച് ഓഫ് ചെയ്ത ചാനലുകളിലൊക്കെ മർഡോക്കിന്റെ തട്ടിപ്പ് തുറന്നുകാണിച്ചുകൊണ്ട് കേബിർ ടി.വി ഓപ്പറേറ്റർമാരും രംഗത്തത്തെി. കഴിഞ്ഞ ദിവസം ഇവർ കൊച്ചിയിൽ സ്റ്റാർ ടിവി ഓഫീസിലേക്ക് മാർച്ച്് നടത്തിയിരുന്നു. പ്രമുഖ രാഷട്രീയ കക്ഷകളെയും ട്രേഡ് യൂണിയനുകളെയും ഉൾപ്പെടുത്തി സമരം പ്രതിരോധം ശക്തമാക്കാൻ ഇവർ നീക്കമിടുന്നുണ്ട്. സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനെപ്പോലുള്ളവർ സ്റ്റാർ ടീവിയുടെ നിലപാടിനെതിരെ ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്.ലോകത്ത് എല്ലായിടത്തും മർഡോക്ക് നടത്തിക്കൊണ്ടിരിക്കുന്നത് ഇതേ സമ്മർദതന്ത്രമാണെന്നും വിനോദവ്യവസായ മേഖലയെ കുത്തകവത്ക്കരിക്കാനുള്ള ശ്രമത്തെ എന്തുവിലകൊടുത്തും ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.