തിരുവനന്തപുരം: കേരളത്തിലെ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തെ പ്രമുഖ ട്രെയിനിങ് ശൃംഖലയായ കാഡ് സെന്ററും. പ്രളയ ബാധിത മേഖലയിലെ 500 വിദ്യാർത്ഥികൾക്കാണ് കാഡ് സെന്റർ സൗജന്യ സ്‌കിൽ ഡെവലപ്‌മെന്റ് പരിശീലനം നൽകുന്നത്. ഒരാൾക്ക് 20000 രൂപ ചെലവ് വരുന്ന കോഴ്‌സുകളിൽ 500 പേർക്ക് സൗജന്യമായി പ്രവേശനം നൽകുന്നതിലൂടെ ഒരു കോടി രൂപയുടെ സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയാണ് കമ്പനി മുന്നോട്ടുവെക്കുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് കാഡ് സെന്റർ ചെയർമാൻ പാർത്ഥ സാരഥി പരിശീലന പരിപാടിയുടെ വിശദംശങ്ങൾ അടങ്ങിയ വാഗ്ദാന പത്രം കൈമാറി.

കാഡ് സെന്ററിന്റെ ഓപ്പറേഷൻസ് വിഭാഗവും വ്യാപാര പങ്കാളികളും വിദ്യാർത്ഥികളും ചേർന്ന് സമാഹരിച്ച 5 ലക്ഷം രൂപയോളം വില മതിക്കുന്ന അവശ്യ സാധനങ്ങളും ധനസഹായവും നേരത്തേ തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിരുന്നു . അതോടൊപ്പം എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനങ്ങളിൽ കാഡ് സെന്റർ പ്രവർത്തകർ സജീവമായി പങ്കെടുക്കുകയും ചെയ്തു.

'കേരളത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നതിന്റെ ഭാഗമായി 500 വിദ്യാർത്ഥികൾക്ക് സൗജന്യ നൈപുണ്യ വികസന പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിൽ എവിടെയുമുള്ള കാഡ് സെന്ററിൽ ഇഷ്ടപ്പെട്ട കോഴ്‌സിൽ ചേർന്ന് പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകും. സി എ ഡി / സി എ എം / സി എ ഇ, ക്രിയേറ്റീവ് ഡിസൈൻ, പ്രൊജക്റ്റ് മാനേജ്മെന്റ്, ഫാഷൻ ഡിസൈൻ കോഴ്സുകളിൽ മികച്ച പരിശീലനം നേടാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. മിഡിൽ ഈസ്റ്റിലും ആഫ്രിക്ക, ആസ്ത്രേലിയ, യു എസ് എ തുടങ്ങിയ രാജ്യങ്ങളിലും മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ ഉറപ്പു നൽകുന്ന കോഴ്സുകളാണിവ. ഒരാൾക്ക് 20000 രൂപ ചെലവ് വരുന്ന ഈ കോഴ്സുകളിൽ സൗജന്യമായി പ്രവേശനം നൽകുന്നത് വഴി പുതിയ കേരളത്തെ നിർമ്മിക്കാനുള്ള ശ്രമങ്ങളിൽ ഞങ്ങളും ചെറിയ രീതിയിൽ പങ്കാളികളാവുകയാണ് ' കാഡ് സെന്റർ ചെയർമാൻ പാർത്ഥസാരഥി പറഞ്ഞു.
ഹൈസ്‌കൂൾ കാലഘട്ടം വരെ താൻ തിരുവനന്തപുരത്താണ് ചെലവഴിച്ചതെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിലേക്കുള്ള മടങ്ങിവരവിലും ഇവിടത്തെ വിദ്യാർത്ഥികൾക്കായി എന്തെങ്കിലും ചെയ്യാൻ അവസരം ലഭിച്ചതിലും വലിയ രീതിയിൽ സന്തോഷവാനാണെന്ന് കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ മുഴുവൻ കാഡ് സെന്ററുകളിലും 10 സീറ്റ് വീതം ഇതിനായി നീക്കിവച്ചിട്ടുണ്ട്. താല്പര്യമുള്ള വിദ്യാത്ഥികൾക്ക് ഏറ്റവും അടുത്തുള്ള സെന്ററിൽ ചെന്ന് തങ്ങളുടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ലോകത്തെ പ്രമുഖ ട്രെയിനിങ് ശൃംഖലയായ കാഡ് സെന്ററിന് 30 രാജ്യങ്ങളിലായി 785 പരിശീലന കേന്ദ്രങ്ങളുണ്ട്. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തെ പ്രവർത്തനം കൊണ്ട് 15 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികൾക്ക് മികച്ച രീതിയിലുള്ള പരിശീലനം നൽകാനും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കമ്പനിക്കായി. നൂറു ശതമാനം സാക്ഷരതയുള്ള കേരളത്തിലെ യുവാക്കൾ ഉയർന്ന നിലവാരത്തിലുള്ള കരിയർ അവസരങ്ങളാണ് ആഗ്രഹിക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വിവിധ ജില്ലകളിലായി കമ്പനിക്ക് 53 ഔട്ട് ലെറ്റുകളുണ്ട്.

കേരളത്തിലെ കോളെജുകളിൽ നിലവിൽ സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക് എൻജിനീയറിങ് സ്ട്രീമുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും ഡിപ്ലോമ വിദ്യാർത്ഥികൾക്കും സൗജന്യ പരിശീലനത്തിൽ പങ്കെടുക്കാം. ഇതിന്റെ ഭാഗമായി സാങ്കേതിക പരിശീലനം, പ്രാക്റ്റിക്കൽ ട്രെയ്‌നിങ്, എക്‌സ്ട്ര പ്രാക്റ്റീസ് സെഷനുകൾ, പ്രിന്റ് ചെയ്ത സ്റ്റഡി മെറ്റീരിയൽ, പ്രൊജക്റ്റ് ഗൈഡൻസ്, പ്ലെയ്‌സ്‌മെന്റ് അസിസ്റ്റൻസ് എന്നിവ സൗജന്യമായി ലഭിക്കും. ഭാഗികമായി പ്രളയം ബാധിച്ച വിദ്യാർത്ഥികൾക്ക് 50 ശതമാനം സ്‌കോളർഷിപ്പോടെ പരിശീലന പരിപാടിയിൽ ചേരാനുള്ള അവസരവും ഇതോടൊപ്പം ഒരുക്കുന്നുണ്ട്. രജിസ്ട്രേഷനുള്ള അവസാന തീയ്യതി- 2018 ഒക്ടോബർ 31.