- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുധാകരന്റെ ലക്ഷ്യം കോൺഗ്രസിനെ കേഡർ പാർട്ടിയാക്കൽ; അതിവേഗ അച്ചടക്ക നടപടിക്ക് പിന്നിൽ സംഘടനയിൽ വരാൻ പോകുന്ന പൊളിച്ചെഴുത്തുകളുടെ സൂചന; കെപിസിസി ലിസ്റ്റിലും നിറയുക ഗ്രൂപ്പിന് അപ്പുറമുള്ള അപ്രതീക്ഷിത പ്രഖ്യാപനങ്ങൾ; ഇനി ഹൈക്കമാണ്ട് പറയും കെപിസിസി നടപ്പാക്കും കാലം
തിരുവനന്തപുരം: കോൺഗ്രസിനെ കേഡർ പാർട്ടിയാക്കുമെന്ന സൂചനകൾ നൽകിയാണ് കെ സുധാകരന്റെ മുമ്പോട്ട് പോക്കെന്ന് സൂചന. ഡിസിസി പ്രസിഡന്റ് പട്ടികയെച്ചൊല്ലി പാർട്ടിയെ പ്രതിസന്ധിയിലാക്കുംവിധം പരസ്യ പ്രതികരണം നടത്തുന്നവർക്കെതിരായ നടപടി ഇതിന്റെ ഭാഗമാണ്. അച്ചടക്ക ലംഘനം ഇനി അനുവദിക്കില്ല.
തിരുവനന്തപുരം ഡിസിസി അധ്യക്ഷനായ പലോട് രവിക്കെതിരെ നടത്തിയ പരസ്യ പ്രസ്താവനകളെ തുടർന്ന് നെടുമങ്ങാട്ടെ സ്ഥാനാർത്ഥിയായിരുന്ന പ്രശാന്തിനെ ആദ്യം സസ്‌പെന്റ് ചെയ്തു. എന്നാൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ വിമർശിച്ച് കത്തയച്ചതോടെ പ്രശാന്തിനെതിരായ നടപടി ഡിസ്മിസായി. മുതിർന്ന നേതാക്കളായ കെപി അനിൽകുമാറും ശിവദാസ മേനോനും സസ്‌പെൻഷനിലായി. പരസ്യ പ്രതികരണത്തിന് കേഡൽ മോഡൽ നടപടിയാണ് സുധാകരൻ ഇതോടെ മുമ്പോട്ട് വയ്ക്കുന്നത്.
ഇപ്പോൾ പാർട്ടിയിൽ നിന്നും അച്ചടക്ക നടപടി നേരിട്ടവർക്ക് ഭാവിയിൽ സ്ഥാനങ്ങൾ നൽകാൻ കോൺഗ്രസ് ഹൈക്കമാൻഡ് തയാറായേക്കില്ല. ദേശീയ, സംസ്ഥാന തലങ്ങളിലെ പുനഃസംഘടനയ്ക്കു മാത്രമല്ല, കെപിസിസി, ഡിസിസി ഭാരവാഹി നിയമനത്തിനും ഇതു ബാധകമാകും. സുധാകരന്റെ നിർദ്ദേശ പ്രകാരം ഇത് നടപ്പാക്കാനാണ് ഹൈക്കമാണ്ട് തീരുമാനം. ആരു പ്രതികരിച്ചാലും അപ്പോൾ നടപടി ഉറപ്പ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഗ്രൂപ്പുകളി നടത്തുന്നവർക്കുള്ള താക്കീതാണ് നടപടികൾ.
പട്ടികയ്‌ക്കെതിരെ പ്രതികരിക്കുന്നവരുടെയും സമൂഹ മാധ്യമങ്ങളിൽ കുറിപ്പിടുന്നവരുടെയും പേരുകൾ കൈമാറാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെപിസിസി പ്രസിഡന്റ് കെ. സുധാകരനോട് ആവശ്യപ്പെട്ടു. എല്ലാം ഹൈക്കമാണ്ട് തീരുമാനിക്കും. അത് കെപിസിസി നടപ്പാക്കും. അതിന് അപ്പുറമുള്ള അധികാര കേന്ദ്രങ്ങളെ കേരളത്തിൽ അനുവദിക്കേണ്ടതില്ലെന്നാണ് ഹൈക്കമാണ്ട് തിരുമാനം.
സിപിഎമ്മിന്റെ സംഘടനാ കെട്ടുറപ്പിന് സമാനമായ രീതിയിൽ കോൺഗ്രസിൽ അടിമുടി അഴിച്ചു പണിയാണ് സുധാകരൻ പദ്ധതി ഇടുന്നത്. അതിന് വേണ്ടിയാണ് ഈ കടുത്ത തീരുമാനം. കെപിസിസി ഭാരവാഹി പട്ടികയിലും കടുത്ത പ്രഖ്യാപനങ്ങളുണ്ടാകും. ഇതെല്ലാം കേഡർ പാർട്ടിയിലേക്കുള്ള കോൺഗ്രസിന്റെ യാത്രയുടെ തുടക്കമാകും. ആഴ്ചകൾക്കുള്ളിൽ കെപിസിസി ഭാരവാഹികളിലും അന്തിമ തീരുമാനം എടുക്കും. ഒരു മാസത്തിനുള്ളിൽ തീരുമാനവും വരും.
പട്ടികയുടെ പേരിലുയർന്ന പോരിനു വിരാമമിടുകയാണ് ഹൈക്കമാൻഡിന്റെ ലക്ഷ്യം. പ്രശ്‌നങ്ങൾ ഉടൻ അവസാനിക്കുമെന്നും ആവശ്യമെങ്കിൽ നേതാക്കളുമായി താൻ വീണ്ടും സംസാരിക്കുമെന്നും ഹൈക്കമാണ്ട് വിശദീകരിക്കുന്നുണ്ട്. പട്ടികയുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്ന വേളയിൽ പരസ്യ പ്രതികരണം അനുവദനീയമാണെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. മികച്ചയാളുകളെ കണ്ടെത്താൻ അത്തരം പ്രതികരണങ്ങൾ ഒരുപരിധി വരെ സഹായിക്കും.
എന്നാൽ, കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെ പട്ടിക പുറത്തിറങ്ങിക്കഴിഞ്ഞാൽ അതു മാനിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. പരാതിയുള്ളവർ നേതൃത്വത്തെ നേരിട്ട് അറിയിക്കുകയാണു വേണ്ടത്. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ പൊതുസമീപനം ഇതാണ്. കെ. ശിവദാസൻ നായർക്കും കെ.പി. അനിൽകുമാറിനുമെതിരെ കെപിസിസി സ്വീകരിച്ച നടപടിയിൽ തെറ്റില്ലെന്നാണു ഹൈക്കമാൻഡിന്റെ നിലപാട്.
താനുമായി നടത്തിയ ചർച്ചയുടെ വിവരങ്ങൾ അടങ്ങിയ ഡയറി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പരസ്യമാക്കിയത് തെറ്റായ നടപടിയെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തിയിരുന്നു. ഡൽഹിയിൽനിന്നു തിരിച്ചെത്തിയ സുധാകരൻ മറുപടിക്കു മുതിർന്നില്ല. ഇതിന് പിന്നിലും ഹൈക്കമാണ്ട് ഇടപെടലാണ്. അതേസമയം, സുധാകരൻ ഡയറി പ്രദർശിപ്പിച്ചതിൽ തെറ്റില്ലെന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം.
എന്നാൽ സുധാകരന്റെ നടപടി ഉചിതമായില്ലെന്നാണു ഹൈക്കമാൻഡിന്റെയും വിലയിരുത്തൽ. പാർട്ടിക്കുള്ളിലെ ചർച്ചയുടെ വിശദാംശങ്ങൾ പൊതുവേദിയിൽ പങ്കുവച്ചതു ശരിയായില്ലെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ