വിയന്ന: റെസ്‌റ്റോറന്റിൽ എത്തുന്നവർ തങ്ങളുടെ ഫോണുകളും ടാബ്ലറ്റുകളും ചാർജ് ചെയ്യുമ്പോൾ ഒരു യൂറോ അധികമായി ഈടാക്കാൻ ഒരുങ്ങി റെസ്‌റ്റോറന്റ് ഉടമ. അടുത്തിടെ പ്രശസ്തമായ ഒരു റെസ്റ്റോറന്റിൽ എത്തിയ യുവതിക്കാണ് റെസ്‌റ്റോറന്റ് ഉടമ ഒരു യൂറോ അധിക ബിൽ നൽകി ഞെട്ടിച്ചത്. നാലു മണിക്കൂർ റെസ്‌റ്റോറന്റിൽ ചെലവഴിച്ച യുവതി അതിനിടെ നാലു ഗ്ലാസ് സ്പ്രിറ്റസർ ആണ് ഓർഡർ ചെയ്തത്. അതോടൊപ്പം തന്നെ യുവതി തന്റെ സ്മാർട്ട് ഫോൺ ചാർജ് ചെയ്യാൻ വയ്ക്കുകയും ചെയ്തു. രണ്ടു മണിക്കൂറോളം സ്മാർട്ട് ഫോൺ ചാർജ് ചെയ്തതോടെയാണ് ഇലക്ട്രിസിറ്റി ചാർജ് ഇനത്തിൽ യുവതിക്ക് ഒിരു യൂറോയുടെ അധിക ബിൽ റെസ്‌റ്റോറന്റ് ഉടമ നൽകിയത്.

സാധാരണയായി ഫോൺ ചാർജ് ചെയ്യാൻ വയ്ക്കുന്നവരിൽ നിന്നും താൻ പണം ഈടാക്കാറില്ലെന്നും എന്നാൽ മണിക്കൂറുകളോളം വൈദ്യുതി ഉപയോഗിക്കുന്നവരിൽ നിന്ന് താൻ ഇനി മുതൽ പണം ഈടാക്കുമെന്നും ഉടമ വ്യക്തമാക്കി. യുവതി തന്നെ തനിക്ക് ലഭിച്ച ബടൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. തനിക്ക് ദിവസേന കസ്റ്റമേഴ്‌സായി ഒട്ടേറെ ടൂറിസ്റ്റുകൾ എത്താറുണ്ടെന്നും ഇവരെല്ലാം തന്നെ അവരുടെ ഫോൺ, ക്യാമറ, ടാബ്ലറ്റുകൾ എന്നിവ ചാർജ് ചെയ്യാൻ കുത്തി വയ്ക്കുന്നുണ്ടെന്നും ഉടമ വെളിപ്പെടുത്തി.

ഇനി മുതൽ ചാർജിംഗിനായി പ്ലഗുകൾ ഉപയോഗിക്കുന്നവരിൽ നിന്ന് അധിക ചാർജ് ഈടാക്കുമെന്നും ടാക്‌സ് ഇനത്തിൽ ഇതു കണക്കാക്കുമെന്നും ഉടമ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിയന്നയിലുള്ള ചില കഫേകൾ കസ്റ്റമേഴ്‌സിന്റെ പക്കൽ നിന്നും ടാപ്പ് വാട്ടറിന് ചാർജ് ഈടാക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.