രീക്ഷയടുക്കുമ്പോൾ ഉറക്കമിളച്ച് കുത്തിയിരുന്ന് പഠിക്കുക മിക്കവരുടെയും ശീലമാണ്. അപ്പോൾ ഉറക്കം കളയാൻ വേണ്ടി കാപ്പി അധികമായി കുടിക്കുകയും ചെയ്യും. എന്നാൽ പരീക്ഷയ്‌ക്കൊരുങ്ങുന്നവർ കാപ്പി അമിതമായി കുടിച്ചാൽ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുകയെന്നാണ് പുതിയ കണ്ടെത്തൽ. അതായത് ഒരു ദിവസം നാല് കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നത് പരീക്ഷാർത്ഥികൾക്ക് ദോഷം ചെയ്യുമെന്നാണ് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ കൗൺസിൽ ഓഫ് ജനറൽ പ്രാക്ടീസിലെ ഡോ. ബ്രിയാൻ മോർട്ടൻ പറയുന്നത്.

കാപ്പിയുടെ അമിത ഉപയോഗം കുട്ടികളുടെ അക്കാദമിക്ക് പെർഫോമൻസിനെ ബാധിക്കുന്നതിന് പുറമെ മറ്റ് പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇത് വഴിയൊരുക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കൂട്ടർക്ക് വിഭ്രാന്തി, ആശങ്ക, കിതപ്പ്, ഓർമക്കുറവ്, തുടങ്ങിയവ ഉണ്ടാകുകയും അത് കുട്ടികളുടെ പഠനത്തിന് തടസ്സം സൃഷ്ടിക്കുമെന്നുമാണ് ഡോ. മോർട്ടൻ മുന്നറിയിപ്പ് നൽകുന്നത്.

ഓസ്‌ട്രേലിയയിലെ 75,000 ഹയർ സ്‌കൂൾ സെർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾ തിങ്കളാഴ്ച അവരുടെ ഫസ്റ്റ് ഇംഗ്ലീഷ് പേപ്പർ പരീക്ഷയ്ക്ക് ഹാജരാകാനിരിക്കെയാണ് ഈ മുന്നറിയിപ്പുമായി ഡോ.മോർട്ടൻ രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പുറമെ ഈ അവസരത്തിൽ യൂണിവേഴ്‌സിറ്റി പരീക്ഷകളും നടക്കാനിരിക്കുകയാണ്. ഈ സമയം കഫീൻ ഉപയോഗം കൂടുന്ന സമയമാണെന്നാണ് അദ്ദേഹം പറയുന്നത്. ദിവസത്തിൽ നാല് കപ്പിൽ കുറവ് കാപ്പിയേ കുടിക്കാവു എന്ന് അദ്ദേഹം നിർദേശിക്കുന്നു. അവ ഓരോ കപ്പും 120 മില്ലി മാത്രമെ ഉണ്ടാകാവൂ. ഒരു കപ്പ് രാവിലെയും രണ്ടാമത്തെത് ഉച്ചക്ക് ശേഷവും മൂന്നാമത്തെത് വൈകുന്നേരം നാല് മണിക്ക് മുമ്പും കുടിക്കാനാണ് ഡോക്ടർ നിർദേശിക്കുന്നത്. കാപ്പികുടിക്കുന്നതിൽ വിദ്യാർത്ഥികൾ അവരുടെ സാമാന്യബുദ്ധി ഉപയോഗിക്കണം.

കാപ്പിയുടെ പരിമിതമായ ഉപയോഗം കുട്ടികളിൽ ജാഗ്രതയും ഏകാഗ്രതയും വളർത്തുമെന്നാണ് അദ്ദേഹം പറയുന്നത്. വിദ്യാർത്ഥികൾ ഏഴോ എട്ടോ മണിക്കൂറോ നിർബന്ധമായും ഉറങ്ങണമെന്നും ഡോകർ നിർദേശിക്കുന്നു. എന്നാൽ മാത്രമെ അവരുടെ ബുദ്ധി ഉണരുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുകയുമുള്ളൂ. കഫീന്റെ അമിതമായ ഉപയോഗം മൂലം ഉറക്കത്തിന് തടസ്സമുണ്ടാകുകയും പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. ഉറക്കം കുറഞ്ഞാൽ പരീക്ഷക്ക് നന്നായി തയ്യാറെടുക്കാനാവില്ലെന്നും ഡോ. മോർട്ടൻ പറയുന്നു. കാപ്പിയുടെ അമിത ഉപയോഗം മൂലം തലവേദന, നാഡീവ്യൂഹത്തിന് പ്രശ്‌നങ്ങൾ തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായ നോ ഡോസ് പോലുള്ള കഫീൻ ടാബ്ലറ്റുകൾ ദോഷം ചെയ്യുമെന്നും അതിനാൽ അവ കഴിക്കുന്നത് ഒഴിവാക്കണമെന്നും ഡോകർ മുന്നറിയിപ്പ് നൽകുന്നു.