- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഎജി ഭരണഘടനയുടെ അസ്തിത്വം ചോദ്യം ചെയ്യുന്നു; എറിഞ്ഞു കളയരുത് കിഫ്ബി; സർക്കാറിനെ പിന്തുണച്ച് എൻഎസ് മാധവൻ
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ട് കേരളത്തിൽ വിവാദമായി മാറവേ കേരളത്തിന്റെ വളർച്ചയക്ക് കിഫ്ബിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എൻ.എസ്. മാധവൻ. ഭരണഘടനയെ ഉദ്ധരിച്ച് ഭരണഘടനാ സ്ഥാപനമായ സി.എ.ജി കിഫ്ബിയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം മലയാള മനോരമ പത്രത്തിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.
''ഭരണഘടനയുടെ കാവൽക്കാരായ കോടതിയിൽ നിന്നേ ഇതിനുള്ള അന്തിമമായ ഉത്തരം പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇത്രയും വർഷങ്ങൾക്ക് ശേഷം സി എ ജി മൗലികമായ പ്രശ്നങ്ങൾ ഉന്നയിക്കുകയാണെങ്കിൽ അതിൽ ഉദ്ദേശശുദ്ധിയെക്കുറിച്ചുള്ള സംശയങ്ങൾ സ്വാഭാവികമായും ഉയർന്നുവരാം.
കിഫ്ബിയെ പല കാരണങ്ങൾ കൊണ്ട് എതിർക്കുന്നവർ ഇംഗ്ലീഷിലെ ഈ പറച്ചിൽ ഓർക്കുന്നത് നല്ലതായിരിക്കും: കുളിപ്പിച്ച വെള്ളത്തിനൊപ്പം കുട്ടിയെയും എറിഞ്ഞു കളയരുത്'', എൻ.എസ് മാധവൻ എഴുതി.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥ അത്യന്തം സങ്കീർണവും പ്രയാസങ്ങൾ നിറഞ്ഞതുമാണ്. ശമ്പളം, പെൻഷൻ, പിന്നാക്കക്കാർക്കുള്ള ക്ഷേമ പദ്ധതികൾ എന്നിവ കഴിഞ്ഞ് നീക്കിയിരിപ്പ് വല്ലതുമുണ്ടെങ്കിൽ അതു മുൻകാല വായപ്കളുടെ പലിശയ്ക്ക് പോകും... ഇവയെല്ലാം തട്ടിക്കഴിച്ചാൽ വികസനത്തിനായുള്ള മൂലധനച്ചെലവ് സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 1% മാത്രമേ വരുന്നുള്ളൂ. ഇതുമൂലം കേരളത്തിന്റെ റോഡ് പാലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള നിക്ഷേപം നന്നേ കുറഞ്ഞൂ... സാമ്പത്തിക ചക്രവ്യൂഹത്തിനുള്ളിൽ നിന്നും പുറത്തുകടക്കാനുള്ള വഴിയാണ് 1999ൽ സ്ഥാപിതമായി കിഫ്ബിയെന്നും എൻ.എസ്.മാധവൻ പറഞ്ഞു.
കിഫ്ബിക്ക് മുൻപും പിൻപുമുള്ള കേരളത്തിലെ മൂലധനച്ചെലവു പരിശോധിച്ചാൽ ഈ നൂതനാശയം വിജയകരമായിരുന്നുവെന്നു നിസ്സംശയം പറയാൻ സാധിക്കുമെന്നും എൻ.എസ് മാധവൻ പറഞ്ഞു. കിഫ്ബിയുടെ മസാല ബോണ്ടടക്കമുള്ള രീതികൾ ഭരണഘടനാവിരുദ്ധമാണെന്ന സി.എ.ജി റിപ്പോർട്ട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ കിഫ്ബിയെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.