തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന കിഎഫ്ബിയിലെ സിഎജി റിപ്പോർട്ട് നിയമസഭയിൽ. കിഫ്ബിയിൽ നിന്നും കടമെടുക്കുന്നത് സംസ്ഥാന സർക്കാരിന് ബാധ്യതയാകുമെന്നും മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നും പരാമർശമുള്ള പരിശോധനാ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ധനമന്ത്രി തന്നെ റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ടതിന് പിന്നാലെ നിയമസഭാ എത്തിക്സ് കമ്മിറ്റി സ്പീക്കർക്ക് റിപ്പോർട്ട് കൊടുക്കാനിരിക്കെയാണ് സിഎജി റിപ്പോർട്ട് സഭയിലെത്തിയത്.

കിഫ്ബിയിലെ കടമെടുപ്പ് സംസ്ഥാന സർക്കാരിന്റെ ബാധ്യത ആയി മാറുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരം കടമെടുപ്പ് ഭരണഘടന വിരുദ്ധമാണെന്നും റിപ്പോ‍ർട്ടിൽ പറയുന്നുണ്ട്. കിഫ്ബിയുടെ കടമെടുപ്പ് ആകസ്മിക ബാധ്യതയാണെന്ന സർക്കാർ നിലപാട് ആശ്ചര്യകരമാണെന്നും ഭരണഘടനാ വ്യവസ്ഥ പാലിക്കാതെയാണ് കിഫ്ബി വായ്പ എടുക്കലെന്നും സി.എ.ജി. റിപ്പോർട്ടിലുണ്ട്. കിഫ്ബിക്ക് സ്വന്തമായ വരുമാന സ്രോതസില്ലെന്നും കടമെടുപ്പ് തനത് വരുമാനത്തിലെ ബാധ്യതയാകുമെന്നും സി.എ.ജി. റിപ്പോർട്ടിൽ പരാമർശിക്കുന്നു. കിഫ്ബി സംസ്ഥാനത്തിന്റെ പ്രത്യക്ഷ ബാധ്യതയാണെന്നും സി.എ.ജി. റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ കേരളം മറികടന്നെന്ന ഗുരുതര ആരോപണവും സി.എ.ജി. റിപ്പോർട്ടിലുണ്ട്. വിദേശ കടമെടുപ്പിനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണ്. അതുകൊണ്ടു തന്നെ കേരളം നടത്തിയത് ഭരണഘടന വ്യവസ്ഥകളുടെ ലംഘനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കേരളത്തിന്റേത് ഇല്ലാത്ത അധികാരമാണെന്നും കേന്ദ്രത്തിന്റെ അധികാരത്തിന്മേൽ സംസ്ഥാനം കടന്നുകയറിയെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. കിഫ്ബിയുടെ മസാല ബോണ്ടിന് ആർ.ബി.ഐ. നൽകിയ അനുമതി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും സി.എ.ജി. റിപ്പോർട്ട് പറയുന്നു. കിഫ്ബി വളയമില്ലാതെ ചാടിയെന്നും സി.എ.ജി. വിമർശിക്കുന്നു.

കിഫ്ബി വഴിയുള്ള വായ്പ എടുക്കൽ ഭരണഘടനാവിരുദ്ധവും സർക്കാറിനും വൻ ബാധ്യത ഉണ്ടാക്കുമെന്നും സിഎജി കണ്ടെത്തിയെന്ന് പറഞ്ഞ് ധനമന്ത്രി തന്നെ റിപ്പോർട്ടിന്റെ ഉള്ളടക്കം പരസ്യമാക്കിയത് വിവാദമായിരുന്നു. ആദ്യം പുറത്ത് വിട്ടത് കരടാണെന്ന് ധനമന്ത്രി പറഞ്ഞപ്പോൾ അന്തിമറിപ്പോർട്ടാണെന്ന് കാണിച്ച് സിഎജി വാർത്താക്കുറിപ്പ് ഇറക്കി. റിപ്പോർട്ട് ചോർത്തിയതിന്റെ പേരിലും ഉള്ളടക്കത്തിന്റെ പേരിലും ധനമന്ത്രിക്കും സർക്കാറിനുമെതിരെ കടുത്ത വിമർശനങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.

ഒരു മുഴം മുമ്പെ റിപ്പോർട്ട് പുറത്ത് വിട്ട് സിഎജിക്കെതിരെ പരസ്യവിമർശനങ്ങളും പ്രതിഷേധവും സിപിഎം കടുപ്പിച്ചതാണ്. ആവശ്യമായ വിശദീകരണം തേടാതെയുള്ള റിപ്പോർട്ട് വികസനം തർക്കാൻ വേണ്ടിയൂള്ള ആസൂത്രിത നീക്കമെന്നായിരുന്നു സർക്കാർ വാദം. പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസിന്റെ പേരിൽ ധനമന്ത്രിക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് മുന്നിലെത്തി വിശദീകരിക്കേണ്ടിവന്നു. കമ്മിറ്റി സ്പീക്കർക്ക് റിപ്പോർട്ട് കൊടുക്കാനിരിക്കെയാണ് റിപ്പോർട്ട് സഭയ്ക്ക് മുന്നിൽ വരുന്നത്. റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വച്ചാൽ അക്കൗണ്ടൻറ് ജനറൽ വാർത്താസമ്മേളനം നടത്താറുണ്ട്. പതിവ് വാർത്താസമ്മേളനത്തിൽ അക്കൗണ്ടൻറ് ജനറൽ സർക്കാരിന്റെ വിമർശനങ്ങൾക്ക് മറുപടി പറയാൻ സാധ്യതയുണ്ട്.