- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് യു.കെയിൽ നിന്നെത്തിയ ഡോക്ടർക്ക് കോവിഡ്; സാമ്പിൾ ജനിതക പരിശോധനയ്ക്ക് അയച്ചു; സമ്പർക്കത്തിലുള്ള രണ്ട് പേർ നിരീക്ഷണത്തിൽ
കോഴിക്കോട്: യു.കെയിൽ നിന്നെത്തിയ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സാമ്പിൾ ജനിതക പരിശോധനയ്ക്ക് അയച്ചു. നവംബർ 21 ന് നാട്ടിലെത്തിയ ഡോക്ടർക്ക് 26 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പർക്കത്തിലുള്ള രണ്ട് പേർ നിരീക്ഷണത്തിലാണ്.
അമ്മയ്ക്ക് മാത്രമാണ് ഇദ്ദേഹത്തിൽ നിന്ന് കോവിഡ് ബാധിച്ചത്. ഇവരും നിരീക്ഷണത്തിലും ചികിത്സയിലും തുടരുകയാണ്. നിലവിൽ ഡോക്ടർക്കോ കുടുംബാംഗങ്ങൾക്കോ
ഗുരുതരമായ രോഗലക്ഷണങ്ങൾ ഇല്ല. എങ്കിലും കോവിഡ് സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അത് മാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്തുന്നത്.
വെള്ളിയാഴ്ചയാണ് സാമ്പിൾ ശേഖരിച്ച് അയച്ചിരിക്കുന്നത്. ഇതിന്റെ ഫലം എത്രയും പെട്ടെന്ന് ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആശങ്കയ്ക്ക് വകയില്ലെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന സൂചന. ഈ കുടുംബത്തിന് കാര്യമായ സമ്പർക്കം ഉണ്ടായിട്ടില്ല.
അതേ സമയം കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടേതടക്കം പരിശോധന ഫലം വൈകാതെ പുറത്ത് വരും. ഒമിക്രോൺ ബാധിതനായി പിന്നീട് നെഗറ്റീവായ ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത് 24 പേരാണ്. അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരിൽ 204 പേരുണ്ട്. നാൽപത്തിയാറുകാരനായ ഡോക്ടറുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത് 13 പേരാണ്. ഇവരുമായി 205 പേർ സമ്പർക്കത്തിലേർപ്പെട്ടതായാണ് ആരോഗ്യമന്ത്രാലയത്തിന് കിട്ടിയിരിക്കുന്ന വിവരം.
ഡൽഹി വിമാനത്താവളത്തിലെത്തിയ 6 പേർക്കും മുംബൈയിലത്തിയ 9 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രണ്ടിടങ്ങളിലും കൊവലിഡ് സ്ഥിരീകരിച്ച സാമ്പിളുകളുടെ ജനിതക ശ്രേണീകരണ ഫലം കൂടി പുറത്ത് വരാനുണ്ട്. ഇത്രയും സാമ്പിളുകളുടെ ജനിതക ശ്രേണീകരണം നടക്കുമ്പോൾ നാൽപതോളം സാമ്പിളുകളുടെ ഫലം അടുത്ത ഘട്ടം പുറത്ത് വന്നേക്കുമെന്നാണ അറിയുന്നത്.
മുൻകരുതലുകൾ സ്വീകരിച്ചുവെന്ന് സർക്കാർ ലോക് സഭയിൽ ആവർത്തിച്ചു. സമാന അവകാശവാദം മുൻപ് ഉന്നയിച്ചെങ്കിലും രണ്ടാം തരംഗത്തിൽ നേരിട്ട ഓക്സിജൻ പ്രതിസന്ധിയടക്കം ചൂണ്ടിക്കാട്ടി വീഴ്ച ആവർത്തിക്കാൻ പാടില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നാൽ ഓക്സിജൻ പ്രതിസന്ധിയെന്ന ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമായിരുന്നുവെന്ന് ആരോഗ്യമന്ത്രി തിരിച്ചടിച്ചു. 19 സംസ്ഥാനങ്ങളോട് വിശദാംശങ്ങൽ തേടിയതിൽ പഞ്ചാബ് മാത്രമാണ് നാല് മരണത്തിൽ സംശയം പ്രകടിപ്പിച്ചതെന്നും ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ലോക് സഭയെ അറിയിച്ചു.
അതേ സമയം തീവ്രവ്യാപനശേഷി ഒമിക്രോൺ വൈറസിനുണ്ടെന്ന് പറയുമ്പോഴും മുൻ വകഭേദങ്ങളെ പോലെ രോഗബാധ തീവ്രമായേക്കില്ലെന്നാണ് ആരോഗ്യ മന്ത്രലായം വിലയിരുത്തുന്നത്. ദക്ഷിണാഫ്രിക്കൻ സ്വദേശിക്ക് കാലതാമസമെടുക്കാതെ രോഗം ഭേദമായത് ആശ്വാസ വാർത്തയായാണ് കേന്ദ്രം കാണുന്നത്. ഒമിക്രോൺ ബാധയിൽ രുചിയും മണവും നഷ്ടപ്പെടാനുള്ള സാധ്യത കുറവാണെന്നും ചില ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു
മറുനാടന് മലയാളി ബ്യൂറോ