കോഴിക്കോട്: ദേശീയ അന്വേഷണ ഏജൻസിക്ക് കനത്ത തിരിച്ചടി ഹൈക്കോടതി ഉത്തരവ്. കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിൽ പ്രതികളെ വെറുതെവിട്ടു. കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീർ, കൂട്ടു പ്രതി ഷഫാസ് എന്നിവരെയാണ് വെറുതെ വിട്ടത്. തടിയന്റവിട നസീറിനെ മൂന്ന് ജീവപര്യന്തം തടവിനും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എൻ.ഐ.എ. കോടതി ശിക്ഷിച്ചിരുന്നത്. എൻഐഎ കോടതി ശിക്ഷാവിധിക്കെതിരേ പ്രതികൾ നൽകിയ അപ്പീലിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.

2006 മാർച്ച് മൂന്നിനാണ് കോഴിക്കോട് ഇരട്ട സ്‌ഫോടനം നടന്നത്. 2009ലാണ് കേസ് എൻ ഐ എ ഏറ്റെടുത്തത്. കേസിൽ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. ഇരട്ട സ്‌ഫോടന കേസിൽ പ്രതികളും എൻഐഎയും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി തടിയന്റവിട നസീർ, നാലം പ്രതി ഷഫാസ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എൻഐഎ കോടതി ശിക്ഷിച്ചിരുന്നത്. പ്രതികൾക്കെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കേസിലെ മൂന്നാം പ്രതി അബ്ദുൾ ഹാലിം, ഒൻപതാം പ്രതി അബൂബക്കർ യൂസഫ് എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ എൻഐഎ നൽകിയ അപ്പീലും ഹൈക്കോടതി തള്ളി. ആകെ 9 പ്രതികളുള്ള കേസിൽ ഒളിവിലുള്ള രണ്ട് പേരുടെ അടക്കം മൂന്നു പ്രതികളുടെ വിചാരണ പൂർത്തിയായിട്ടില്ല.

2006 മാർച്ച് മൂന്നിന് ആണ് കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിലും കെഎസ്ആർടിസി സ്റ്റാൻഡിലും സ്‌ഫോടനം നടന്നത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് 2009ൽ എൻഐഎ ഏറ്റെടുക്കുകയായിരുന്നു.