- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിക്കറ്റിന്റെ ബിരുദം വേണോ; സ്ത്രീധനം വാങ്ങിക്കില്ലെന്ന് സത്യവാങ്മൂലം നൽകാൻ വിദ്യാർത്ഥികളോട് സർവ്വകലാശാല; നടപടി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശ പ്രകാരം; വർഷങ്ങൾക്കു മുമ്പ് ബിടെക് പരീക്ഷയിൽ തോറ്റവരെ 20 മാർക്ക് സ്പെഷ്യൽ മോഡറേഷൻ നൽകി ജയിപ്പിക്കുന്നതും പുതിയ വിവാദം
മലപ്പുറം: സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നടപ്പിലാക്കി കാലിക്കറ്റ് സർവ്വകലാശാല. ചാൻസലർകൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശ പ്രകാരമാണ് കാലിക്കറ്റ് സർവ്വകലാശാലയിൽ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നിർബന്ധമാക്കിയത്. സ്ത്രീധന മരണം വർധിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥി കളും രക്ഷിതാക്കളും സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നൽകാൻ നിർദ്ദേശം നൽകിയത്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്ന് വിദ്യാർത്ഥിയും രക്ഷിതാവും എഴുതി നൽകണം. ഭാവിയിൽ സ്ത്രീധനം വാങ്ങിയാൽ ബിരുദം തിരിച്ചുനൽകുകയും വേണം. കാലിക്കറ്റ് സർവ്വകലാശാലയിൽ ബിരുദ പ്രവേശത്തിനുള്ള ഒന്നും രണ്ടും ഘട്ട അലോട്ട്‌മെന്റുകളെ തുടർന്ന് പ്രവേശന നടപടി തുടങ്ങിയ ശേഷമാണ് സർക്കാരിൽ നിന്നും അറിയിപ്പ് ലഭിക്കുന്നത്. നിലവിൽ പ്രവേശനം നേടിയവരിൽ നിന്നും പിന്നീട് സത്യവാങ്മൂലം സ്വീകരിക്കും.
അതേ സമയം കാലിക്കറ്റ് സർവകലാശാല വർഷങ്ങൾക്കുമുമ്പ് ബിടെക് പരീക്ഷയിൽ തോറ്റവരെ 20 മാർക്ക് സ്പെഷ്യൽ മോഡറേഷൻ നൽകി ജയിപ്പിക്കുന്നതും പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. മാർക്ക്ദാനം റദ്ദാക്കണമെന്നും മാർക്ക് ദാനത്തിന് ഉത്തരവിട്ട വിസി ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി. മാർക്ക് ദാനത്തിനെതിരെ സിൻഡിക്കേറ്റംഗം ഡോ.പി.റഷീദ് അഹമ്മദും രംഗത്ത് വന്നു. മാർക്ക് ദാനം നൽകാൻ വിസിക്ക് അധികാരമില്ലെന്നും ഉത്തരവ് റദ്ദാക്കിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എം. ജി. സർവകലാശാല ബിടെക് പരീക്ഷയിൽ തോറ്റവരെ ജയിപ്പിക്കാൻ മന്ത്രിയുടെ അദാലത്തിലൂടെ അഞ്ച് മാർക്ക് ദാനമായി നൽകിയത് വിവാദമാവുകയും ഗവർണറുടെ നിർദ്ദേശപ്രകാരം അധിക മാർക്ക് റദ്ദാക്കുകയും ചെയ്തതിനുപിന്നാലെയാണ് 20 മാർക്ക്വരെ ദാനമായി നൽകികൊണ്ട് കാലിക്കറ്റ് വിസി ഉത്തരവിട്ടിരിക്കുന്നത്. ബിടെക് പരീക്ഷയിൽ തോറ്റ ഇരുന്നൂറോളംപേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.ഈ മാസം 24 ന് ചേരുന്ന അക്കാദമിക് കൗൺസിലിന്റെ അംഗീകാരത്തിന് വിധേയമാണ് വിസി യുടെ വിവാദ ഉത്തരവ്.
യൂണിവേഴ്സിറ്റി നിയമപ്രകാരം,വിസി ക്കോ അക്കാദമിക് കൗൺസിലിനോ സിൻഡിക്കേറ്റിനോ മോഡറേഷൻ മാർക്ക് കൂട്ടി നൽകാൻ അധികാര മില്ലെന്നിരിക്കെയാണ് സിൻഡിക്കേറ്റ് അംഗങ്ങളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിൽ ഉത്തരവിടാൻ വിസി യിൽ നിക്ഷിപ്തമായിട്ടുള്ള പ്രത്യേകഅധികാരമുപയോഗിച്ച് മാർക്ക് ദാനം നടത്തിയിരിക്കുന്നതെന്നാണ് ആരോപണം.
2004 ലെ സ്‌കീമിൽ ബിടെക് പരീക്ഷയെഴുതിയവരെ വർഷങ്ങൾ കഴിഞ്ഞ് പ്രത്യേക മോഡറേഷൻ നൽകി ജയിപ്പിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. കേരളത്തിലെ മറ്റു സർവ്വകലാശാലകൾ ഒരൂ വിഷയത്തിന് തോൽക്കുന്നവർക്ക് പോലും സ്പെഷ്യൽ സപ്പ്ളിമെന്ററി പരീക്ഷകൾ നടത്തുമ്പോഴാണ് കാലിക്കറ്റ് തോറ്റ വിദ്യാർത്ഥികളെ മാർക്ക് ദാനം നൽകി ബിടെക് ജയിപ്പിക്കുന്നത്. സർവകലാശാല ചട്ടപ്രകാരം നിയമിക്കപെടുന്ന പരീക്ഷ ബോർഡിന് മാത്രമേ മോഡറേഷൻ മാർക്ക് നിശ്ചയിക്കാൻ അധികാരമുള്ളൂ.
പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ മോഡറേഷനിൽ മാറ്റം വരുത്താനോ പരീക്ഷഫലം മാറ്റാനോ ആർക്കും അധികാരമില്ല. ഫലം പ്രസിദ്ധീകരിക്കുന്നതോടെ ബന്ധപ്പെട്ട ബോർഡിന്റെ ചുമതലകളും അവസാനിക്കും.കാലിക്കറ്റിലെ ബിടെക് മാർക്ക് ദാനം അടിയന്തരമായി റദ്ദാക്കണമെന്നും,മാർക്ക് ദാനം നടത്തിയ കാലിക്കറ് വിസി ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് നിവേദനം നൽകിയത്.