സാക്രമെന്റോ: മാരക രോഗം മൂലം മരണത്തോടു മല്ലിടുന്നവർക്ക് ഡോക്ടറുടെ സഹായത്തോടെ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകുന്ന ബിൽ കാലിഫോർണിയ പാസാക്കി. യുഎസിൽ ദയാവധം നിയമവിധേയമാക്കുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് കാലിഫോർണിയ. ഗവർണർ ജെറി ബ്രൗൺ ബില്ലിൽ ഒപ്പുവച്ചതോടെ നിയമം പ്രാബല്യത്തിലാകുകയും ചെയ്തു.

ഒറിഗോണിൽ നിലനിൽക്കുന്ന നിയമത്തിനു സമാനമായാണ് കാലിഫോർണിയയും ദയാവധം നിയമവിധേയമാക്കിയത്. മാരകരോഗം ബാധിച്ച രോഗി ആറു മാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്നും മരണത്തോടു മല്ലിടുകയാണെന്നും രണ്ടു ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയാൽ ഡോക്ടർമാരുടെ സഹായത്തോടെ രോഗിക്ക് ജീവിതം അവസാനിപ്പിക്കാം.

അതേസമയം നിയമത്തിന്റെ എല്ലാ വശങ്ങളും പഠിച്ച ശേഷമാണ് താൻ അന്തിമ തീരുമാനമെടുക്കുന്നതെന്നും തന്റെ മരണം സംബന്ധിച്ച് എന്തു തീരുമാനമെടുക്കണമെന്ന ചിന്തയുമാണ് ബില്ലിൽ ഒപ്പു വയ്ക്കാൻ തയാറായതെന്നും ഒരിക്കൽ സെമിനാരി വിദ്യാർത്ഥി കൂടിയായിരുന്ന ഗവർണർ ബ്രൗൺ വ്യക്തമാക്കി. റോമൻ കത്തോലിക്ക സഭാ വിശ്വാസികൾ ഉൾപ്പെടെയുള്ള ഒരു കൂട്ടം പേർ എതിർക്കുന്ന നിയമം ജനുവരി ഒന്നു മുതലാണ് നടപ്പാക്കുക.
നിയമത്തിന്റെ ദുരുപയോഗത്തിലേക്ക് ഇതു വഴി തെളിക്കുമെന്നും രോഗികളായവരെ മരണത്തിലേക്ക് തള്ളിവിടാൻ ചില ബന്ധുക്കളും ഇൻഷ്വറൻസ് കമ്പനികളും നിർബന്ധിച്ചേക്കുമെന്നും ഇക്കൂട്ടർ വാദിക്കുന്നുണ്ട്. ഒരു പക്ഷേ ചികിത്സയിലൂടെ ജീവൻ രക്ഷിക്കാൻ സാധിക്കുന്നവർക്കു പോലും ഈ നിയമം മരണക്കെണി ഒരുക്കുമെന്നാണ് ഇവർ വാദിക്കുന്നത്.

അതേസമയം സ്വയം മരണം തെരഞ്ഞെടുക്കുന്നവർ മരുന്ന് സ്വയം കഴിക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. നിലവിൽ ഒറിഗോൺ, വാഷിങ്ടൺ, വെമോണ്ട്, മോണ്ടാന എന്നീ സംസ്ഥാനങ്ങളിലാണ് ഡോക്ടറുടെ സഹായത്തോടെ രോഗിക്ക് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകുന്ന നിയമമുള്ളത്.