- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാനഡയിലെ ചൂടിൽ മരിച്ചവരുടെ എണ്ണം 480 കടന്നു; ആശങ്കപ്പെട്ടതുപോലെ കാലിഫോർണിയയിൽ കാട്ടു തീ പടരുന്നു; ആയിരക്കണക്കിന് ഏക്കർ വനം കത്തി നശിച്ചേക്കും
ടൊറെന്റോ: കാനഡയിലും അമേരിക്കയിലും കത്തിപ്പടരുന്ന ചൂടിൽ മരിച്ചവരുടെ എണ്ണം 486 ആയി. കൊടും ചൂടിനും ഉഷ്ണ തരംഗത്തിനുമൊപ്പം കാട്ടു തീയും പടരുകയാണ്. തീ വ്യാപിക്കുന്നത് കണക്കിലെടുത്ത് പടിഞ്ഞാറൻ കാനഡയിൽ നിന്ന് ആയിരത്തിലധികം പേരെയാണ് മാറ്റി താമസിപ്പിച്ചത്. കഴിഞ്ഞ ദിവസം മാത്രം ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ 62 ഇടത്താണ് കാട്ടുതീ റിപ്പോർട്ട് ചെയ്തത്. വാൻകൂവറിൽ നിന്ന് 250 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ലൈറ്റണിന്റെ 90 ശതമാനവും കത്തിനശിച്ചു കഴിഞ്ഞു.
തുടർന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ജോൺ ഹൊർഗാനുമായി സംസാരിക്കുകയും കാനഡ സർക്കാറിന്റെ പിന്തുണ ലിറ്റൺ ജനതയ്ക്ക് ഉണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. അതേസമയം, ആയിരം കൊല്ലത്തിനിടയിലെ ഏറ്റവും കഠിനമായ ചൂടാണ് പ്രവിശ്യയിലെ ലൈറ്റൺ നഗരത്തിൽ രേഖപ്പെടുത്തിയത്. 49.5 ഡിഗ്രി സെൽഷ്യസ് (121 ഡിഗ്രി ഫാരൻഹീറ്റ്). ലൈറ്റണിന് വടക്ക് കിഴക്കൻ ഭാഗത്താണ് തീ പടർന്നു പിടിക്കുന്നത്. ഇവിടങ്ങളിൽ താമസിക്കുന്നവർ മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്യാനുള്ള ഉത്തരവ് നീട്ടിയിട്ടുണ്ട്.
കടുത്ത ചൂടും കാറ്റും ഉഷ്ണതരംഗവുമാണ് തീപ്പിടിത്തത്തിന് ഇടയാക്കിയത്. തീ നിയന്ത്രണവിധേയമല്ലെന്നും വലിയ വലുപ്പത്തിലാണ് തീ പടർന്നു പിടിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ. അടുത്ത രണ്ട് ദിവസങ്ങളിലും രാജ്യത്ത് റെക്കോർഡ് ചൂട് തുടരാൻ സാധ്യതയുണ്ടെന്നാണ് കാനഡയിലെ പരിസ്ഥിത വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.
അതേസമയം കാനഡയിൽ ഉഷ്ണതരംഗം മൂലം റിപ്പോർട്ട് ചെയ്യുന്ന മരണങ്ങൾ കുതിച്ചുയരുകയാണ്. കൊടുംചൂടിൽ കാനഡയിലും യു.എസിലും നൂറുകണക്കിനാളുകളാണ് മരിച്ചുവീഴുന്നത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ഉഷ്ണതരംഗം രൂക്ഷമാകുന്നതിനിടെ 486 പേർക്കാണ് അപ്രതീക്ഷിതമരണം സംഭവിച്ചത്. വെള്ളിയാഴ്ച മുതൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്കാണിത്.
ഇതിൽ എത്രപേരുടെ മരണത്തിന് ഉഷ്ണതരംഗം കാരണമായെന്ന് ഇപ്പോഴും പറയാറായിട്ടില്ല. എന്നാൽ, മുൻകണക്കുകൾ പ്രകാരം പ്രവിശ്യയിൽ അഞ്ചുദിവസം കൊണ്ട് രേഖപ്പെടുത്തേണ്ട സാധാരണ മരണങ്ങൾ ഏകദേശം 165 മാത്രമാണ്. ഈ സ്ഥാനത്താണ് അപ്രതീക്ഷിത മരണം ഇത്രയുമധികം രേഖപ്പെടുത്തിയത്. പ്രവിശ്യയിലെ വാൻകൂവർ നഗരത്തിലാണ് കൂടുതൽപേർ മരിച്ചത്. ഒട്ടേറെ വീടുകളിൽ എയർകണ്ടീഷണറില്ലാത്തതും മരണസംഖ്യ കൂട്ടുന്നു.
യു.എസിലെ ഒറിഗനിൽ അറുപതിലേറെപ്പേർ ഉഷ്ണതരംഗത്തിൽപ്പെട്ട് മരിച്ചതായി ആരോഗ്യവകുപ്പ് ബുധനാഴ്ച അറിയിച്ചു. 20 പേർ വാഷിങ്ടണിലും. ഒറിഗനിലെ 45 മരണങ്ങൾക്കും കാരണമായത് ശരീരതാപനില അസാധാരണമായി ഉയരുന്ന ഹൈപ്പർതെർമിയയാണ്. 44-നും 97-നും ഇടയിൽ പ്രായമുള്ളവരാണ് ഇവിടെ മരിച്ചത്. ചൂടുയരുന്നത് ഹൃദയാഘാതത്തിനും തളർച്ചയ്ക്കും കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
മറുനാടന് ഡെസ്ക്