കാലിഫോർണിയ: തെക്കൻ കാലിഫോർണിയയെ വിഴുങ്ങിയ കാട്ടു തീയിൽ മരിച്ചവരുടെ എണ്ണം 11 ആയി. മൂന്നു ദിവസമായി തുടരുന്ന കാട്ടുതീ ഇതുവരെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്.'വൂൾസി ഫയർ'എന്ന് പേരിട്ടിരിക്കുന്ന കാട്ടുതീയിൽ വീടുകളുൾപ്പെടെ 6700 കെട്ടിടങ്ങളാണ് വെന്തുരുകിയത്. രണ്ടുരലക്ഷത്തിലേരെ പേരെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചത്. ഫ്ളോറിഡയിലെ ഓർലാൻഡോ നഗരത്തിനേക്കാൾ ജനസംഖ്യ വരുമിത്. 35 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. 

35000 ഏക്കറോളം വിസ്തൃതിയിലാണ് തീ പടർന്നുപിടിച്ചത്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാരണം തീയണയ്ക്കാൻ തടസ്സം നേരിടുകയാണ്. തൗസൻഡ് ഓക്സ്, പാരഡൈസ് പട്ടണങ്ങളിലാണ് ഏറെ നാശംവിതച്ചത്. 90000 ഏക്കർ കത്തിനശിച്ച ബുട്ടി കൗണ്ടിയിലാണ് 35 പേരെ കാണാതായത്. ഒട്ടേറെ ഹോളിവുഡ് താരങ്ങളുടെ വസതികളുള്ള മാലിബു ബീച്ചിലേക്കും തീ പടർന്നുപിടിച്ചതായി കാലിഫോർണിയ അധികൃതർ പറഞ്ഞു. മേഖലയിൽ കറുത്ത പുക പടർന്നതും ചാരം പടർന്നതും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.നിരവധി വന്യമൃഗങ്ങളും ചത്തു.

കാലാബസാസിലും മാലിബുവിലും ആണ് നാശനഷ്ടം കൂടുതൽ. കാലാബസാസിലാണ് ടിവി താരം കിം കർദാഷിയാൻ അടക്കമുള്ള നിരവധി താരങ്ങൾ താമസിക്കുന്നത്. മാലിബുവിലെ വീട്ടിൽ നിന്ന് മാറിയതായി ഗായിക ലേഡി ഗാഗ വ്യക്തമാക്കി. ഓസ്‌കാർ ജേതാവായ സംവിധായകൻ ഗില്ലെർമോ ഡെൽ ടോറേയും മാറി താമസിച്ചു.കാറുകളിലും മറ്റുമായി കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഹോളിവുഡ് നടൻ റെയ്ൻ വിത്സൻ, സംവിധായകനായ ഗ്യൂലെർമോ ഡെൽ ടൊറോ, ഗായിക മെലിസ എത്‌റിഡ്ജ് തുടങ്ങിയവർ കാട്ടുതീ ഭീതിയിൽ വീടൊഴിഞ്ഞു. നടൻ വിൽസ്മിത്തും വീടൊഴിഞ്ഞു എന്നും വിവരമുണ്ട്

മാലിബുവിലെ വീട് ഒഴിയുന്നു എന്നറിയിച്ച് ലേഡി ഗാഗ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരുന്നു. വീടൊഴിയകയാണെന്നും കാലാബാസിന് വേണ്ടി പ്രാർത്ഥിക്കണമെന്നും കിം കർദാഷിയാൻ ട്വിറ്ററിൽ അറിയിച്ചു. തന്റെ വീടും കുട്ടികളും പട്ടികളും സുരക്ഷിതരാണെന്നും വീടൊഴിയുകയാണെന്നും കുതിരകളെ പരിശീലകൻ രക്ഷപ്പെടുത്തിയെന്നുമായിരുന്നു നടി അലിസ മിലാനോ ട്വീറ്റ് ചെയ്തത്. അമേരിക്ക കണ്ട ഏറ്റവും വലിയ കാട്ടുതീയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.