കാലിഫോർണിയ (പാരഡൈസ്): നോർത്തേൺ കാലിഫോർണിയായിൽ ആളിപടരുന്ന കാട്ടു തീയ്യിൽ നിന്നും രക്ഷപ്പെടാനാകാതെ ബട്ട് കൗണ്ടി പാരഡൈസ് ടൗണിൽ വാഹനത്തിൽ ഇരുന്നിരുന്ന അഞ്ച് പേർ വെന്തു മരിച്ചതായി ബട്ട് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ഒമ്പതായി.70000 ഏക്കറിൽ പടർന്ന് പിടിച്ച തീനാളങ്ങളിൽ പാരഡൈസ് ടൗണാകെ കത്തിയമർന്നു.

വ്യാഴാഴ്ചയായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകിട്ടാണ് വാഹനങ്ങളിൽ അകപ്പെട്ട മൃതശരീരങ്ങൾ കണ്ടെടുത്തത്. രണ്ടായിരത്തിലധികം കെട്ടിടങ്ങൾ പൂർണ്ണമായും അഗ്നിക്കിരയായി. 15000 ത്തോളം കെട്ടിടങ്ങൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 27000ത്തിലധികം കുടുംബങ്ങള മാറ്റി പാർപ്പിച്ചു. പാരഡൈസ് നഗരവും കടന്ന് ഡയിറനെവെഡ് ഫുട്ട്ഹിൽസിലേക്കും തീ വ്യാപിച്ചിട്ടുണ്ട്.

കാലിഫോർണിയായിൽ ഇതുവരെ ഉണ്ടായിട്ടുള്ള അഗ്നിബാധയിൽ ഏറ്റവും ശക്തിയേറിയ നാലാമത്തെതാണ് ക്യാമ്പ് ഫയർ.ഹൈവെ 70 ഫെതർ റിവർ കാനിയനിൽ നിന്നാണ് തീ ആളിപടരാൻ ആരംഭിച്ചത്.ആയിരക്കണക്കിന് ഫയർ ഫൈറ്റേഴ്സും, പതിനെട്ടോളം ഹെലികോപ്റ്ററും, 303 ഫയർ എഞ്ചിനും കൂടാതെ നിരവധി വളണ്ടിർമാർ തീ അണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.

ഇതിനിടയിൽ 3 അഗ്നിശമന സേനാംഗങ്ങൾക്കും പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. അഗ്നി സഞ്ചരിക്കുന്ന പാതയിൽ നിന്നും ഒഴിഞ്ഞിരിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.