ലോകത്തെല്ലായിടത്തുമുള്ള പുകവലിക്കാരുടെ എണ്ണം കുറഞ്ഞപ്പോൾ യുഎഇയിൽ മാത്രം ഇത് കൂടിയ സാഹചര്യത്തിൽ അബുദാബിയിൽ ഇ സിഗരറ്റുകൾക്ക് ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കാൻ തീരുമാനം. പുകവലി ഉപേക്ഷിക്കുന്നവരെ സഹായിക്കുന്നതിനാണ് ഇ സിഗരറ്റുകളുടെ നിരോധനം പിൻവലിക്കുന്നത്.

സിഗരറ്റുകളേക്കാൾ ദോഷം കുറവ് ചെയ്യുന്ന ഇ സിഗരറ്റുകൾ നിരോധിക്കുകയും കുറഞ്ഞ വിലയ്ക്ക് സിഗരറ്റുകൾ ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അബുദാബിയിൽ പുകവലിയുടെ തോത് വർദ്ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇസിഗരറ്റുകളുടെ നിരോധനം നീക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

ഇ സിഗരറ്റുകളിൽ ഉപയോഗിക്കുന്ന കെമിക്കലുകളുടെ സുരക്ഷയിൽ ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥർക്ക് ഉറപ്പില്ലാത്തതിനെ തുടർന്നാണ് ഇവയ്ക്ക് വിലക്കേർപ്പെടുത്തിയത്. ഇസിഗരറ്റുകൾ ലഭിക്കാതെ വന്നതോടെ ആളുകൾ സിഗരറ്റിലേക്ക് മാറി. ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ ഹാനികരമാണെന്ന് തിരിച്ചറിഞ്ഞാണ് ആരോഗ്യ വകുപ്പിന്റെ തന്നെ ഇടപെടൽ.